KeralaLatest NewsNews

മരിച്ചതല്ല, കൊന്നതാണ്, ചില ഓണ്‍ലൈന്‍- ഓഫ് ലൈന്‍ മാധ്യമങ്ങളും, ചില രാഷ്ട്രീയക്കാരും, അവരുടെ പോസ്റ്റുകളില്‍ കൊലവിളി നടത്തിയവരും ചേര്‍ന്ന് ; ഡോക്ടര്‍ അനൂപിന്റെ ആത്മഹത്യയില്‍ പ്രതികരണവുമായി ജിനേഷ് പിഎസ്

തിരുവനന്തപുരം : ശാസ്ത്രക്രിയക്കിടയില്‍ ഏഴു വയസുകാരി മരിച്ചതിനെ തുടര്‍ന്ന് സമൂഹിക മാധ്യമങ്ങളിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലുമടക്കം പ്രതിഷേധമുയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ മനംനൊന്ത് യുവ ഡോക്ടര്‍ അനൂപ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി ഡോ.ജിനേഷ് പിഎസ്. അദ്ദേഹം മരിച്ചതല്ല, കൊന്നതാണ്. ചില ഓണ്‍ലൈന്‍- ഓഫ് ലൈന്‍ മാധ്യമങ്ങളും, ചില രാഷ്ട്രീയക്കാരും, അവരുടെ പോസ്റ്റുകളില്‍ കൊലവിളി നടത്തിയവരും ചേര്‍ന്ന് കൊന്നതാണെന്ന് ജിനേഷ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ജന്മനാ കാലിന് വൈകല്യമുള്ള ഏഴ് ഒരു വയസ്സുള്ള കുട്ടി ശസ്ത്രക്രിയയെ തുടര്‍ന്ന് മരണപ്പെട്ടതില്‍ തുടങ്ങിയ കൊലവിളികള്‍ അവസാനിച്ചത് ഇവിടെയാണ്, ഇവിടെയും അവസാനിച്ചോ എന്നും അറിയില്ല – അദ്ദേഹം പറയുന്നു. ഈ ആത്മഹത്യ ചെയ്ത ഡോക്ടര്‍ക്ക് വെറും 34 വയസ്സാണ് പ്രായം. സ്വന്തം കഴിവു കൊണ്ടും പ്രയത്‌നം കൊണ്ടും നല്ല രീതിയില്‍ പ്രാക്ടീസ് ചെയ്തിരുന്ന ഒരു വ്യക്തി. അറിയുന്നവര്‍ക്കെല്ലാം നല്ലതു മാത്രമേ പറയാനുള്ളൂ. പക്ഷേ ഒരൊറ്റ ആരോപണത്തില്‍ ആ ജീവിതം ഇല്ലാതായി. മറ്റു പല ആശുപത്രികളും ചെയ്യാന്‍ മടിച്ച ശസ്ത്രക്രിയ ആത്മവിശ്വാസത്തോടെ ചെയ്തതാണ് എന്നാണ് സുഹൃത്തുക്കളില്‍ നിന്നും മനസ്സിലാക്കാനായത്. പക്ഷേ ദൗര്‍ഭാഗ്യകരമായി കുട്ടി മരിച്ചു. തുടര്‍ന്നു നടന്നത് കൊലവിളികളും വിചാരണയും ആണ്. ജിനേഷ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഡോ.ജിനേഷ് പിഎസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;

മരിച്ചതല്ല, കൊന്നതാണ്… ചില ഓണ്‍ലൈന്‍- ഓഫ് ലൈന്‍ മാധ്യമങ്ങളും, ചില രാഷ്ട്രീയക്കാരും, അവരുടെ പോസ്റ്റുകളില്‍ കൊലവിളി നടത്തിയവരും ചേര്‍ന്ന് കൊന്നതാണ്.
ജന്മനാ കാലിന് വൈകല്യമുള്ള ഏഴ് ഒരു വയസ്സുള്ള കുട്ടി ശസ്ത്രക്രിയയെ തുടര്‍ന്ന് മരണപ്പെട്ടതില്‍ തുടങ്ങിയ കൊലവിളികള്‍ അവസാനിച്ചത് ഇവിടെയാണ്, ഇവിടെയും അവസാനിച്ചോ എന്നും അറിയില്ല.
ഓരോ രോഗിയുടെ മരണത്തിലും ഏറ്റവുമധികം വേദനിക്കുന്ന വ്യക്തികളിലൊരാളാണ് ചികിത്സിക്കുന്ന ഡോക്ടര്‍. ഒരു ഡോക്ടറും രോഗിയെ മനപ്പൂര്‍വ്വം കൊല്ലില്ല. രോഗം മാറിയ രോഗികളാണ് ഡോക്ടറുടെ പരസ്യപ്പലകകള്‍. ദൗര്‍ഭാഗ്യകരമായ ഒരൊറ്റ സംഭവം മതി, പ്രൊഫഷണല്‍ ലൈഫ് ഇല്ലാതാവാന്‍. ഒരൊറ്റ സംഭവത്തിന്റെ പേരില്‍ തല്ലി തകര്‍ക്കപ്പെട്ട ആശുപത്രികള്‍ എത്ര ?
എല്ലാവരുടെയും ജീവന്‍ രക്ഷിക്കാനുള്ള ദിവ്യൗഷധം ഒന്നും ഡോക്ടറുടെ കയ്യില്‍ ഇല്ല. അവരും വെറും മനുഷ്യരാണ്. ലഭ്യമായ സൗകര്യങ്ങളുടെയും സയന്‍സിന്റെ വളര്‍ച്ചയുടെയും കരസ്ഥമാക്കിയ അറിവിന്റെയും പരിധിക്കുള്ളില്‍ നിന്നുകൊണ്ട് ചികിത്സ എന്ന തൊഴില്‍ ചെയ്യുന്ന വെറും മനുഷ്യര്‍, ബഹുഭൂരിപക്ഷവും തൊഴിലാളികള്‍. അതിനപ്പുറമുള്ള ഒരു ദിവ്യത്വവും അവര്‍ക്കില്ല.
പക്ഷേ ഇവിടെ സംഭവിക്കുന്നത് എന്താണ് ?
അശുഭകരമായ ഒരു വാര്‍ത്ത കേള്‍ക്കുമ്പോഴേ കൊലവിളി ആരംഭിക്കുകയാണ്. എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാക്കുന്നതിന് മുന്‍പ് തന്നെ ആക്രമണ ആഹ്വാനമാണ് ഉണ്ടാവുന്നത്.
‘അവനെ തല്ലണം, കൊല്ലണം, കൈ ഒടിക്കണം, അവന്റെ ഭാര്യയും മക്കളും പുഴുത്തു ചാവും, അവന്‍ ഒരു കാലത്തും ഗുണം പിടിക്കില്ല’ എന്നു തുടങ്ങിയ ഭര്‍ത്സനങ്ങളാണ് ഉണ്ടാവുന്നത്.
രോഗികളുടെ വേര്‍പാടില്‍ ബന്ധുക്കള്‍ക്ക് വേദനയുണ്ടാകും. ബന്ധുക്കളും സുഹൃത്തുക്കളും ഏതു പ്രൊഫഷനില്‍ ഉള്ളവരാണ് എങ്കിലും ഈ വേദനയുണ്ടാവും. അവര്‍ക്ക് സംശയവും സന്ദേശവും തോന്നുന്നതിനെ കുറ്റപ്പെടുത്തുകയല്ല. അങ്ങനെ ഉണ്ടെങ്കില്‍ വിദഗ്ധ അന്വേഷണത്തിലൂടെ കാര്യങ്ങള്‍ ശാസ്ത്രീയമായി മനസ്സിലാക്കുകയാണ് വേണ്ടത്. ഇവിടെ യാതൊരു ഐഡിയയും ഇല്ലാതെ കൊലവിളി മാത്രമാണ് നടക്കുന്നത്.
ഈ ആത്മഹത്യ ചെയ്ത ഡോക്ടര്‍ക്ക് വെറും 34 വയസ്സാണ് പ്രായം. സ്വന്തം കഴിവു കൊണ്ടും പ്രയത്‌നം കൊണ്ടും നല്ല രീതിയില്‍ പ്രാക്ടീസ് ചെയ്തിരുന്ന ഒരു വ്യക്തി. അറിയുന്നവര്‍ക്കെല്ലാം നല്ലതു മാത്രമേ പറയാനുള്ളൂ. പക്ഷേ ഒരൊറ്റ ആരോപണത്തില്‍ ആ ജീവിതം ഇല്ലാതായി.
മറ്റു പല ആശുപത്രികളും ചെയ്യാന്‍ മടിച്ച ശസ്ത്രക്രിയ ആത്മവിശ്വാസത്തോടെ ചെയ്തതാണ് എന്നാണ് സുഹൃത്തുക്കളില്‍ നിന്നും മനസ്സിലാക്കാനായത്. പക്ഷേ ദൗര്‍ഭാഗ്യകരമായി കുട്ടി മരിച്ചു. തുടര്‍ന്നു നടന്നത് കൊലവിളികളും വിചാരണയും ആണ്. ഭാര്യ ആശുപത്രിയിലെ അനസ്‌തേഷ്യ വിഭാഗം ഡോക്ടറാണ്. ഹൃദയം തകര്‍ന്ന ഭാര്യയെ ആ മനുഷ്യന്‍ ആശ്വസിപ്പിച്ചു. ആത്മവിശ്വാസം പകര്‍ന്നു നല്‍കി. പക്ഷേ, ആരോപണങ്ങളും ഓണ്‍ലൈന്‍ ആക്രമണങ്ങളും അവസാനിച്ചില്ല. പ്രതിസന്ധികളെ ആത്മവിശ്വാസത്തോടെ നേരിട്ട ആ മനുഷ്യന്‍ സ്വയം ഇല്ലാതായി.
Negligence, complications എന്നീ പദങ്ങള്‍ക്ക് രണ്ട് അര്‍ത്ഥമാണ്. കോംപ്ലിക്കേഷന്‍ എന്നാല്‍ സങ്കീര്‍ണത. ചികിത്സയില്‍ സങ്കീര്‍ണതകള്‍ ഒഴിവാക്കാനാവില്ല. ഒരുവിധപ്പെട്ട എല്ലാ ശസ്ത്രക്രിയയിലും അനസ്‌തേഷ്യയിലും സങ്കീര്‍ണതകള്‍ ഉണ്ട്. അത് അത് ഒഴിവാക്കാന്‍ പരമാവധി ശ്രദ്ധിക്കാന്‍ മാത്രമേ സാധിക്കൂ. ഉണ്ടായാല്‍ കൃത്യമായ ചികിത്സ നല്‍കാന്‍ മാത്രമേ സാധിക്കൂ. സങ്കീര്‍ണതകള്‍ മൂലം മരണം പോലും സംഭവിക്കാം. ഇവിടെ negligence ആണോ സങ്കീര്‍ണതയാണോ എന്ന് പോലും വ്യക്തമാകാതെ കൊലവിളികള്‍ മാത്രമാണ് ഉണ്ടാക്കുന്നത്.
അതിയായ അമര്‍ഷവും വ്യസനവും രേഖപ്പെടുത്തുന്നു. ഓരോ ആരോഗ്യ പ്രവര്‍ത്തകന്റെയും നെഞ്ചിലേറ്റ മുറിവാണ് ഈ ആത്മഹത്യ, അതിനോടുള്ള സമൂഹത്തിന്റെ മൗനവും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button