ആലപ്പുഴ : മാന്നാറിലെ യുവതിയെ കിഡ്നാപ്പ് ചെയ്ത സംഭവത്തില്‍ പുറത്തു വരുന്നത് സ്വര്‍ണ്ണക്കടത്തു മാഫിയയെ കുറിച്ചുള്ള ഞെട്ടിപ്പിയ്ക്കുന്ന വിവരങ്ങള്‍. കാലങ്ങളായി ബിന്ദു സ്വര്‍ണ്ണക്കടത്തു സംഘവുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയായിരുന്നു എന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. ഡിവൈഎസ്പിആര്‍ ജോസിന്റെ നേതൃത്വത്തിലുള്ള സംഘം വടക്കഞ്ചേരിയില്‍ നിന്ന് മാന്നാറില്‍ എത്തിച്ച ശേഷം യുവതിയെ വിശദമായി ചോദ്യം ചെയ്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ ശേഷമാണ് യുവതിയെ വീട്ടിലെത്തിച്ചത്. തട്ടിക്കൊണ്ടു പോകലിന് പ്രാദേശിക സഹായം ലഭിച്ചെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. ഈ സംഘത്തിലെ ഒരാള്‍ കസ്റ്റഡിയിലായതായും സൂചനയുണ്ട്
സ്വര്‍ണം കടത്താനായി വനിതകളെ കാരിയര്‍മാരായി ഉപയോഗിക്കുന്ന റാക്കറ്റ് സജീവമായി തന്നെ പ്രവര്‍ത്തിക്കുന്നു എന്നതിന്റെ തെളിവാണ് ബിന്ദുവിനെ തട്ടിക്കൊണ്ടു പോയ സംഭവം. ഗള്‍ഫില്‍ നിന്ന് താന്‍ നിരവധി തവണ സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന് യുവതി വ്യക്തമാക്കിയിട്ടുണ്ട്. എട്ടു മാസത്തിനിടയില്‍ മൂന്ന് തവണ സ്വര്‍ണം എത്തിച്ചു. അവസാനം കൊണ്ടു വന്നത് ഒന്നരക്കിലോ സ്വര്‍ണമാണ്. ഭയം മൂലം സ്വര്‍ണം എയര്‍പോട്ടില്‍ ഉപേക്ഷിച്ചെന്നാണ് യുവതി പൊലീസിന് മൊഴി നല്‍കിയത്. എന്നാല്‍, ഈ മൊഴി പൊലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. സ്വര്‍ണം ലഭിക്കാതായതോടെ സംഘാംഗങ്ങള്‍ ബിന്ദുവിനെ തേടി 19ന് തന്നെ മാന്നാറില്‍ എത്തി. തുടര്‍ന്ന് യുവതി ഇവരുടെ നിരീക്ഷണത്തില്‍ ആയിരുന്നു.
മലപ്പുറം കൊടുവള്ളി സ്വദേശി രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്വര്‍ണം ആവശ്യപ്പെട്ട് മാന്നാറില്‍ എത്തിയതെന്നാണ് യുവതിയും വീട്ടുകാരും നല്‍കിയ മൊഴി. പിന്നീട് പണം മാത്രം ആവശ്യപ്പെട്ടാണ് തന്നെ കൊണ്ടു പോയതെന്ന് യുവതി തിരുത്തുകയായിരുന്നു. മൊഴികളിലെ വൈരുധ്യം ഉള്‍പ്പടെ പൊലീസ് പരിശോധിക്കുന്നുണ്ട്. പല തവണ വിദേശത്ത് പോയി മടങ്ങാറുണ്ടായിരുന്ന യുവതിയുടെ യാത്രയുടെ വിശദാംശങ്ങളടക്കം പൊലീസ് തേടുന്നുണ്ട്.
Post Your Comments