KeralaLatest NewsIndiaNews

കാൽ കഴുകലും വിവാദവും, മാർപാപ്പ മുതൽ അനിൽ പനച്ചൂരാൻ വരെ; ബിനോയ് വിശ്വത്തിന് മറുപടിയുമായി ശ്രീജിത്ത് പണിക്കർ

പാലക്കാട് ബിജെപി സ്ഥാനാർത്ഥിയായ ഇ. ശ്രീധരനെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പാലക്കാടുള്ള ജനങ്ങൾ കാൽ കഴുകി വീട്ടിലേക്ക് സ്വീകരിച്ചിരുന്നു. ഇതിനെതിരെ ബിനോയ് വിശ്വം അടക്കമുള്ളവർ പരസ്യമായി രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ, കാൽ കഴുകൽ വിഷയത്തിൽ വസ്തുതകൾ വിവരിച്ച് രാഷ്ട്രീയനിരീക്ഷകൻ ശ്രീജിത്ത് പണിക്കർ രംഗത്ത്. പൂർണ്ണമനസ്സോടെ, ബാഹ്യപ്രേരണകളില്ലാതെ ചെയ്യുന്ന കാൽകഴുകൽ ഒരു പാപമല്ലെന്ന് പറയുകയാണ് ശ്രീജിത്ത്. ശ്രീജിത്ത് ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ് ഇങ്ങനെ:

കാൽകഴുകലും വിവാദവും.
ഇ ശ്രീധരന്റെ കാൽകഴുകുന്ന ചിത്രങ്ങൾ പ്രചരിക്കപ്പെട്ടപ്പോൾ സിപിഐ നേതാവ് ബിനോയ് വിശ്വം നടത്തിയ പ്രസ്താവന ശ്രദ്ധയിൽപ്പെട്ടു. കാൽകഴുകുന്നത് രാജ്യത്തിന്റെ ഭരണഘടനയ്ക്കും ജനാധിപത്യത്തിനും എതിരാണത്രേ. എന്താണ് വസ്തുത?

Also Read:യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ പിണറായി വിജയന്‍ കല്‍തുറങ്കിലേക്ക് പോകും; കെ. സുധാകരൻ

ആദരസൂചകമായി കാൽകഴുകി സ്വീകരണം നൽകുക എന്നത് ഇന്ത്യയിൽ മാത്രമല്ല വിദേശത്തും പിൻതുടരുന്ന ആചാരമാണ്. കാൽകഴുകുമ്പോൾ അത് ചെയ്യുന്നവൻ ചെറിയവൻ എന്നൊരർത്ഥമില്ല. ഹിന്ദു വിവാഹച്ചടങ്ങുകളിലൊക്കെ വധുവിന്റെ സഹോദരൻ വരനെ കാൽകഴുകി സ്വീകരിക്കുന്നത് എത്രയോ പഴക്കമുള്ള ആചാരമാണ്. രണ്ടുവർഷങ്ങൾക്കു മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഏതാനും ശുചീകരണ തൊഴിലാളികളുടെ കാൽകഴുകുന്ന ദൃശ്യങ്ങൾ കണ്ടിരുന്നില്ലേ? പെസഹ ദിനത്തോടനുബന്ധിച്ച് കാൽകഴുകുന്ന ചടങ്ങ് ചെയ്യുന്ന ഏതെങ്കിലും വൈദികൻ ചെറിയവൻ ആകുന്നുണ്ടോ? ഫ്രാൻസിസ് മാർപ്പാപ്പ താൻ തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷമുള്ള ആദ്യ പെസഹാദിനത്തിൽ റോമിലെ 12 ജയിൽപ്പുള്ളികളുടെ കാൽകഴുകുകയാണ് ചെയ്തത്.

രണ്ടുസംഭവങ്ങൾ കൂടി പറയാം. ആദ്യത്തേത് നടന്നത് തൃശ്ശൂർ മാള തുമ്പരശേരി സെയ്ന്റ് മേരീസ് പള്ളിയിലാണ്. ഇടവകയുടെ കീഴിലുള്ള പ്രായമായ ചിലരെ വിനോദയാത്രയ്ക്ക് കൊണ്ടുപോയശേഷം തിരികെ കൊണ്ടുവരാൻ വൈകിയെന്നതിനാൽ ഫാദർ നവീൻ ഊക്കനെ ഒരാൾ കയ്യേറ്റം ചെയ്തു. കയ്യേറ്റക്കാരൻ ഞായറാഴ്ച്ച കുർബാനയിൽ പരസ്യമായി മാപ്പ് പറയണമെന്ന് പള്ളിക്കമ്മിറ്റി വിധിച്ചു. ആളെത്തി. കുർബാന മധ്യേ ഫാദർ നവീൻ അയാളെ അൾത്താരയിലേക്ക് ക്ഷണിച്ചു. മാപ്പുപറയാനെത്തിയ ആളെ അടുത്തിരുത്തിയ ശേഷം ഫാദർ നവീൻ ഒരു പാത്രത്തിൽ വെള്ളമെടുത്ത് അയാളുടെ കാൽകഴുകി. എന്നിട്ടു പറഞ്ഞു: തെറ്റ് മനസ്സിലാക്കി താങ്കൾ വന്നല്ലോ, അത് അഭിനന്ദനീയമാണ്. താങ്കൾ മാപ്പ് പറയേണ്ട. എനിക്ക് ഇപ്പോൾ അങ്ങയോട് ഒരു ദേഷ്യവുമില്ല. വിശ്വാസികൾ എണീറ്റുനിന്ന് കയ്യടിച്ചാണ് ഫാദറുടെ നടപടിയെ സ്വീകരിച്ചത്. ബിനോയ് വിശ്വത്തിന്റെ ചിന്താഗതിയുള്ള ഒരാളും അവിടെ ഉണ്ടായിരുന്നില്ല എന്നത് ശ്രദ്ധേയം.

Also Read:ഗുജറാത്തി പത്രത്തിൽ ‘ഉറപ്പാണ് എൽ.ഡി.എഫ്’ പരസ്യം; ഏത് മലയാളിയാണ് ഗുജറാത്തിലെ പത്രം വായിക്കുന്നതെന്ന് ചെന്നിത്തല

മറ്റൊന്ന് അടുത്തകാലത്ത് അന്തരിച്ച കവി അനിൽ പനച്ചൂരാന്റെ വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങാണ്. വിവാഹത്തിനു വധുവിന്റെ വീട്ടുകാർക്ക് പൂർണ്ണസമ്മതം ഉണ്ടായിരുന്നില്ല. വിവാഹത്തിനു തീരുമാനിച്ച ചവറ തെക്കൻ ഗുരുവായൂർ ക്ഷേത്രത്തിൽ പുലർച്ചെ വധുവിനോടൊപ്പം എത്തിയത് നാലുപേർ. പനച്ചൂരാനും ബന്ധുക്കളും എത്തിയപ്പോൾ ആചാരപ്രകാരം വരനെ സ്വീകരിക്കാൻ വധുവിന്റെ സഹോദരസ്ഥാനത്ത് ആരും ഉണ്ടായിരുന്നില്ല. എന്നാൽ ക്ഷേത്രത്തിൽ ദർശനത്തിനായെത്തിയ തികച്ചും അപരിചിതനായ ഒരു യുവാവ് മുന്നോട്ടുവന്നു. വധുവിന്റെ സഹോദരസ്ഥാനത്ത് നിന്നുകൊണ്ട് അയാൾ പനച്ചൂരാന്റെ കാൽകഴുകി, മാലയിട്ട് സ്വീകരിച്ചു. വിവാഹച്ചടങ്ങുകൾ നടന്നു. ആ യുവാവിനെ പിന്നീടൊരിക്കലും അവർ കണ്ടിട്ടില്ലത്രേ.

ഈ ഉദാഹരണങ്ങൾ സൂചിപ്പിക്കുന്നത് കാൽകഴുകുന്നതിൽ വലിപ്പച്ചെറുപ്പം ഇല്ലെന്നാണ്. കാൽകഴുകിയവരാണ് കൂടുതൽ ശ്രദ്ധേയർ എന്നുവരെ വ്യാഖ്യാനിക്കാം. അതൊരു സംസ്കാരത്തിന്റെ ഭാഗമാണ്. സ്വമനസ്സാലെ ഒരാൾ ചെയ്യേണ്ടതാണ്. അത് ഭരണഘടനയ്ക്കോ ജനാധിപത്യത്തിനോ എതിരല്ല. ആചാരങ്ങളെയൊക്കെ ഇല്ലാതാക്കണമെന്നും അതാണ് നവോത്ഥാനമെന്നും കരുതി തെക്കുവടക്ക് ഓടിനടക്കുന്നവരെ തിരുത്താം എന്നുകരുതിയല്ല ഈ കുറിപ്പ്. പൂർണ്ണമനസ്സോടെ, ബാഹ്യപ്രേരണകളില്ലാതെ ചെയ്യുന്ന കാൽകഴുകൽ ഒരു പാപമല്ലെന്ന് മറ്റുള്ളവരെ ഓർമ്മിപ്പിക്കാനാണ്.

https://www.facebook.com/panickar.sreejith/posts/3924831667536879

shortlink

Related Articles

Post Your Comments

Related Articles


Back to top button