കൊച്ചി: പതിനഞ്ചോളം ദിവസം ഫ്‌ലാറ്റില്‍ അതിക്രൂരമായ പീഡനത്തിനിരയായ യുവതിയുടെ പരാതിയിൽ നാല് മാസമായിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്ത എറണാകുളം സെന്‍ട്രല്‍ പൊലീസിനു നേരെ വിമർശനവുമായി കേരള വനിതാ കമ്മിഷന്‍. സിഐയെ ഫോണില്‍ വിളിച്ച് താക്കീത് നല്‍കിയ കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ എം സി ജോസഫൈന്‍ പ്രതിയെ എത്രയും വേഗം അറസ്റ്റ് ചെയ്യാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്നും നിര്‍ദേശിച്ചു.
കണ്ണൂര്‍ സ്വദേശിയായ യുവതിയാണ് കഴിഞ്ഞ ലോക് ഡൗൺ സമയത്ത് അതിക്രൂര മര്‍ദനത്തിനും പീഡനത്തിനും ഇരയായത്. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടും പ്രതിയായ മാര്‍ട്ടിന്‍ ജോസഫ് പുലിക്കോട്ടിലിനെ പിടികൂടാതെ പൊലീസ് ഒളിച്ചുകളിക്കുകയാണെന്ന് യുവതി ആരോപിച്ചു.
കഴിഞ്ഞ ലോക്ഡൗണില്‍ കൊച്ചിയില്‍ കുടുങ്ങിപ്പോയ യുവതി നേരത്തെ പരിചയമുണ്ടായിരുന്ന മാര്‍ട്ടിന്‍ ജോസഫിനൊപ്പം നഗരത്തിലെ ഫ്ളാറ്റില്‍ താമസം ആരംഭിച്ചിരുന്നു. .ഒരു വര്‍ഷത്തോളം ഇരുവരും ഒരുമിച്ചായിരുന്നു താമസം. ദിവസങ്ങളോളം മുറിയില്‍ പൂട്ടിയിട്ട് ക്രൂരമായി മര്‍ദിക്കുകായും ശരീരത്തില്‍ പൊള്ളലേല്‍പ്പിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്തുവെന്നു യുവതി പരാതിയിൽ പറയുന്നു.
ഏകദേശം 15 ദിവസത്തോളം ക്രൂരമായ പീഡനമേറ്റാണ് യുവതി ഫ്ളാറ്റില്‍ കഴിഞ്ഞത്. ഇതിനിടെ, നഗ്നവീഡിയോയും ചിത്രീകരിച്ചെന്ന് യുവതി പറയുന്നു. ഫെബ്രുവരി അവസാനത്തോടെ ഫ്ളാറ്റിൽനിന്നും യുവതി രക്ഷപ്പെട്ടതിനു പിന്നാലെ എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ മാര്‍ട്ടിനെതിരേ പരാതി നല്‍കി. ബലാത്സംഗം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുക്കുകയും ചെയ്തു. എന്നാൽ ഇതുവരെയും ഇയാളെ അറസ്റ് ചെയ്തിട്ടില്ല.
Post Your Comments