കോഴിക്കോട് : ബംഗാളിലും അസമിലും അന്യസംസ്ഥാന തൊഴിലാളികളെ വോട്ടുചെയ്യിക്കാന് കൊണ്ടുപോയി, അസമില്‍ കുടുങ്ങിയ ബസിലെ ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി അഭിജിത്ത് ആണ് ബസിനുള്ളില്‍ തൂങ്ങി മരിച്ചത്. ലോക് ഡൗണ്‍ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ ഭാഷാ തൊഴിലാളികളുമായി പോയ അഭിജിത്തും സംഘവും അസമില്‍ കുടുങ്ങുകയായിരുന്നു.
മടങ്ങിവരാന്‍ കഴിയാത്തതിനെ തുടര്‍ന്ന് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു അഭിജിത്ത്. ഏപ്രില്‍ മാസത്തിലാണ് തൊഴിലാളികളുമായി കേരളത്തില്‍ നിന്നും ബസ് യാത്ര പുറപ്പെട്ടത്. കേരളത്തിലെ രണ്ടാം തരംഗവും, ലോക്ഡൗണും കാരണം അന്യസംസ്ഥാന തൊഴിലാളികല്‍ ഇവിടേക്ക് തിരിച്ചു വരുവാന്‍ മടി കാണിച്ചു.
നൂറോളം ബസുകള്‍ കേരളത്തില്‍ നിന്നും അസമിലേക്കും ബംഗാളിലേക്കും പോയിരുന്നു. എന്നാല്‍ ഇവയ്ക്ക് തിരികെ മടങ്ങാന്‍ ആയില്ല. തുടര്‍ന്ന് ബസുകളും, ജീവനക്കാരും അവിടെ കുടുങ്ങുകയായിരുന്നു. ഇതിനിടെ ജീവനക്കാരില്‍ ഒരാള്‍ കൊറോണ ബാധിച്ച് മരിച്ചിരുന്നു. കൂടാതെ ഇവരെ വോട്ടു ചെയ്യിക്കാൻ കൊണ്ടുപോയ ഏജന്റുമാർ കൈകഴുകിയതും പ്രതിസന്ധിക്കു കാരണമായി.
കുറഞ്ഞ തുകയ്ക്ക് ബസ് വാടകയ്ക്കെടുത്ത ശേഷം അതിഥിത്തൊഴിലാളികളെ 7000 രൂപവരെ നിരക്ക് ഈടാക്കിയാണ് ഏജന്റുമാർ അസമിലും ബംഗാളിലും എത്തിച്ചു വൻ ലാഭം കൊയ്തതെന്നു ബസ് ജീവനക്കാർ പറയുന്നു. എന്നാൽ, പ്രതിസന്ധിക്കു കാരണം ബസ് ഉടമകളാണെന്നു കുറ്റപ്പെടുത്തി ഒരു വിഭാഗം ഏജന്റുമാർ രംഗത്തെത്തി. സ്വന്തം ജീവനക്കാരെപ്പോലും പറ്റിക്കുകയാണ് ഉടമകളെന്ന് ഇവർ പറയുന്നു. തങ്ങൾക്കു നാമമാത്രമായ കമ്മിഷൻ നൽകി വൻതുക ബസ് ഉടമകൾ ഈടാക്കുന്നു എന്നാണ് ആക്ഷേപം.
തിരികെ വരാൻ ഇന്ധനത്തിനും മറ്റും അര ലക്ഷത്തിലേറെ രൂപ ഓരോ ബസിനും വേണ്ടിവരും. ടോൾ ഇനത്തിലും നികുതി ഇനത്തിലും പതിനായിരങ്ങൾ വേറെയും നൽകണം. ലോക്ഡൗൺ കഴിയുമ്പോൾ പരിഹാരമുണ്ടാക്കാമെന്നാണ് ഏജന്റുമാർ പറയുന്നത്.ജീവനക്കാർ കടുത്ത ദുരിതമാണ് അനുഭവിക്കുന്നത്. മാത്രമല്ല, സ്ഥലംവിടാൻ പൊലീസിന്റെ നിർബന്ധം വർധിച്ചുവരികയാണ്. പരിഹാരമുണ്ടാക്കാൻ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി നിർദേശിച്ചിട്ടും ബംഗാളോ കേരളമോ നടപടിയെടുക്കാത്ത അവസ്ഥയിലാണ്.
Post Your Comments