KeralaNattuvarthaLatest NewsNews

‘പെണ്ണ് സർവംസഹയാണ്’ എന്ന പരമ്പരാഗത നിർവചനം തിരുത്താൻ അവൾക്ക് കഴിഞ്ഞില്ലെങ്കിൽ അത് എന്നിലെ അച്ഛന്റെ പരാജയമാണ്

'എല്ലാം ഒതുക്കി കഴിയേണ്ടവൾ' എന്ന നിർവചനത്തിൽ നിന്നും പെൺകുട്ടികളെ ശാക്തീകരിക്കേണ്ടത് അച്ഛന്മാരുടെ ചുമതലയാണ്

പാലക്കാട്: ഒരു പെൺകുട്ടിയുടെ അച്ഛൻ എന്ന നിലയിൽ വിസ്മയയുടെ മരണത്തെ കുറിച്ച് കേട്ടപ്പോൾ ഏറെ വിഷമം തോന്നി എന്നും ‘പെണ്ണ് സർവംസഹയാണ്’ എന്ന പരമ്പരാഗത നിർവചനം തിരുത്താൻ തന്റെ മകൾക്ക് കഴിഞ്ഞില്ലെങ്കിൽ അത് തന്റെ പരാജയമാണെന്നും വ്യക്തമാക്കി ശ്രീജിത്ത് പണിക്കർ. സ്ത്രീധന പീഡനത്തെത്തുടർന്ന് ഭർതൃവീട്ടിൽ മരണപ്പെട്ട വിസ്മയയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഒരു പെൺകുട്ടിക്ക് അവളുടെ അച്ഛൻ നൽകുന്നതിനേക്കാൾ സുരക്ഷിതത്വം നൽകാൻ ആർക്കെങ്കിലും കഴിയുമെന്ന് താൻ കരുതുന്നില്ലെന്നും സ്വയം തീരുമാനമെടുക്കാൻ കഴിയാത്തപ്പോഴാണ് മാതാപിതാക്കളും സഹോദരങ്ങളും സുഹൃത്തുക്കളും ഒക്കെ തുണയാകേണ്ടതെന്നും ശ്രീജിത്ത് പണിക്കർ പറയുന്നു. വിസ്മയയുടെ മരണത്തിനു കാരണമായവർക്ക് ഉചിതമായ ശിക്ഷ ലഭിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘എല്ലാം ഒതുക്കി കഴിയേണ്ടവൾ’ എന്ന നിർവചനത്തിൽ നിന്നും പെൺകുട്ടികളെ ശാക്തീകരിക്കേണ്ടത് അച്ഛന്മാരുടെ ചുമതലയാണെന്നും, സംശയങ്ങൾക്ക് വ്യക്തത വരുത്താനും, അഭിപ്രായം ധൈര്യത്തോടെ പറയാനും, തെറ്റ് ചോദ്യം ചെയ്യാനും പെൺകുട്ടികളെ ചെറുപ്പത്തിലേ ശീലിപ്പിക്കണമെന്നും ശ്രീജിത്ത് പണിക്കർ പറഞ്ഞു.

ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം.

ഏത്‌ പാതിരാത്രിയിലും നിനക്ക്‌ ബന്ധം അവസാനിപ്പിച്ച്‌ അപ്പൂന്റേം അമ്മയുടേം അടുത്തേക്ക്‌ വരാം: പെണ്മക്കളോട്‌ ആര്യൻ

ഇന്നലെ ഫാദേഴ്സ് ഡേ ആയിരുന്നു.
ഒരു പെൺകുട്ടിയുടെ അച്ഛൻ എന്ന നിലയിൽ ഏറെ വിഷമം തോന്നി വിസ്മയയുടെ മരണത്തെ കുറിച്ച് ഇന്ന് കേട്ടപ്പോൾ. ഒരു പെൺകുട്ടിക്ക് അവളുടെ അച്ഛൻ നൽകുന്നതിനേക്കാൾ സുരക്ഷിതത്വം നൽകാൻ ആർക്കെങ്കിലും കഴിയുമെന്ന് ഞാൻ കരുതുന്നില്ല. ചില സമയങ്ങളിൽ സ്വയം തീരുമാനമെടുക്കാൻ എല്ലാവർക്കും കഴിയണമെന്നില്ല. അപ്പോഴാണ് മാതാപിതാക്കളും സഹോദരങ്ങളും സുഹൃത്തുക്കളും ഒക്കെ തുണയാകേണ്ടത്. എന്തുകൊണ്ട് വിസ്മയയ്ക്ക് തന്റെ പ്രശ്നങ്ങളെ കുറിച്ച് വീട്ടുകാരോട് സംസാരിക്കാൻ കഴിയാതെ പോയി? അവൾക്ക് സുഹൃത്തുക്കൾ ഉണ്ടായിരുന്നില്ലേ? പലവിധ പ്രശ്നങ്ങൾ കാരണം ആൾക്കാർ ആത്മഹത്യ ചെയ്യാറുണ്ട്. ചില പ്രശ്നങ്ങൾക്ക് ഒരു പരിഹാരവും ഉണ്ടായെന്നു വരില്ല. എന്നാൽ സാമ്പത്തിക പ്രശ്നങ്ങളും കുടുംബപ്രശ്നങ്ങളും വലിയൊരളവുവരെ പരിഹരിക്കപ്പെടാവുന്നവയാണ്. “അയ്യായിരം രൂപയില്ലാണ്ട് ഒരാൾ ആത്മഹത്യ ചെയ്യേണ്ടി വര്യേ? നമ്മളൊക്കെ അറിഞ്ഞാൽ സഹായിക്കില്ലേ?” — മുൻപ് ഒരു ആത്മഹത്യയെ കുറിച്ച് മാധവിക്കുട്ടി വിലപിച്ചതാണ്.

വിസ്മയയുടെ മരണത്തിനു കാരണമായവർക്ക് ഉചിതമായ ശിക്ഷ ലഭിക്കുകതന്നെ വേണം. നമ്മുടെ നാട്ടിൽ ഗാർഹിക പീഡനത്തെ തുടർന്ന് നടക്കുന്ന ആദ്യ ആത്മഹത്യയല്ല വിസ്മയയുടേത്. എന്നാൽ ഓരോ സ്ത്രീയും, അവളുടെ കുടുംബവും, സുഹൃത്തുക്കളും വിചാരിച്ചാൽ ഇനിയൊരു വിസ്മയ ഉണ്ടാകുന്നത് തടയാം. നിങ്ങളുടെ പരിചയത്തിൽ സ്വയം ശിക്ഷയിലേക്ക് കടക്കാൻ സാധ്യതയുള്ള ഒരു വിസ്മയ ഉണ്ടായേക്കാം. തന്നെയും കുടുംബത്തെയും സമൂഹം എങ്ങനെ കാണുമെന്നോ കുട്ടികളുടെ ഭാവി എന്താകുമെന്നോ ഒക്കെ ചിന്തിച്ച് നീറിപ്പുകയുന്ന ഒരു വിസ്മയ. നിങ്ങൾ ഉടനടി ഫോണെടുത്ത് അവളോടു സംസാരിക്കുക. മോശമായ ബന്ധങ്ങൾ അറുത്തു കളയാൻ തന്നെ പറയുക. ആവശ്യമായ സംരക്ഷണം നൽകുക.

വിസ്മയ ഫേസ്ബുക്കിൽ പങ്കുവെച്ച അവസാന പോസ്റ്റ് കാറിൽ നിന്നുള്ള വീഡിയോ: കമന്റുകളിൽ നിറഞ്ഞ് ഭർത്താവിനെതിരെയുള്ള ജനരോക്ഷം

എട്ടുവർഷം മുൻപ് ഫാദേഴ്സ് ഡേ ദിനത്തിലാണ് എനിക്കൊരു മകൾ ജനിച്ചത്. എന്റെ കുടുംബത്തിലെ രണ്ടാമത്തെ മാത്രം പെൺകുട്ടി. അവളെ ഞാൻ വളർത്തുന്നത് ഞാൻ വളർന്ന കാലഘട്ടത്തിലെ ആണിനെ പോലെയാണ്. എന്നെ പോലെയാണ്. “മോൾ എങ്ങനെയിരിക്കുന്നു?” എന്നു ചോദിക്കുന്ന സുഹൃത്തുക്കളോട് ഞാൻ എപ്പോഴും “തല്ലിപ്പൊളി ആയി ഇരിക്കുന്നു” എന്നാണ് പറയാറ്. “അതിശയമില്ല” എന്ന് ഉടൻ മറുപടി വരും. “അതുകൊണ്ടുതന്നെ പരാതിയുമില്ല” എന്ന് ഞാനും! ‘എല്ലാം ഒതുക്കി കഴിയേണ്ടവൾ’ എന്ന നിർവചനത്തിൽ നിന്നും പെൺകുട്ടികളെ ശാക്തീകരിക്കേണ്ടത് അച്ഛന്മാരുടെ ചുമതലയാണ്. സംശയങ്ങൾക്ക് വ്യക്തത വരുത്താനും, അഭിപ്രായം ധൈര്യത്തോടെ പറയാനും, തെറ്റ് ചോദ്യം ചെയ്യാനും ചെറുപ്പത്തിലേ ശീലിപ്പിക്കുക.

“ഞാൻ ആണിന്റെ സ്വഭാവമുള്ള പെണ്ണല്ലേ അച്ഛാ?” എന്ന് എന്റെ മകൾ ചോദിക്കുമ്പോൾ ഞാൻ അവളെ കളിയാക്കുന്നത് “അല്ല, നീ ആണിന്റെ സ്വഭാവമുള്ള ആണാണ്” എന്നു പറഞ്ഞാണ്. എന്നാൽ എനിക്കറിയാം, പെണ്ണിന്റെ സ്വഭാവമുള്ള പെണ്ണായി തന്നെയാണ് അവൾ വളരുന്നതെന്ന്. ‘പെണ്ണ് സർവംസഹയാണ്’ എന്ന പരമ്പരാഗത നിർവചനം തിരുത്താൻ അവൾക്ക് കഴിഞ്ഞില്ലെങ്കിൽ അത് എന്റെ പരാജയമാണ്. എന്നിലെ അച്ഛന്റെ പരാജയമാണ്. വിസ്മയയ്ക്ക് ആദരാഞ്ജലികൾ. ഹരി ഓം.

shortlink

Related Articles

Post Your Comments

Related Articles


Back to top button