Latest NewsIndiaInternational

രാജ്യത്ത് ആയുധ, ലഹരി കടത്ത് നടത്താൻ ശ്രീലങ്കൻ എൽടിടിഇ നിശബ്ദ സെല്ലുകൾ: തകര്‍ക്കാന്‍ എൻഐഎ

ലക്ഷദ്വീപിൽ മിനിക്കോയിയിൽനിന്ന് ആയുധങ്ങളും ഹെറോയിനുമായി ശ്രീലങ്കൻ ബോട്ട് പിടികൂടിയ സംഭവത്തിലും എൽടിടിഇ സാന്നിധ്യം

കൊച്ചി: കടൽ വഴി ശ്രീലങ്കയിലേയ്ക്ക് ആയുധങ്ങളും ലഹരിയും കടത്തുന്നതു പതിവായതോടെ എൽടിടിഇ ബന്ധത്തിന്റെ വിവരങ്ങൾ തേടി എൻഐഎ ശ്രീലങ്കൻ സർക്കാരിനു കത്തയച്ചു. ശ്രീലങ്ക കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന എൽടിടിഇ ഭീകരർക്കു കേസുകളുമായുള്ള ബന്ധം കണ്ടെത്തിയതിനെ തുടർന്നാണു നടപടി. എൽടിടിഇയുടെ മുൻ ഇന്റലിജൻസ് വിഭാഗം പ്രവർത്തകർ ഉൾപ്പടെ 15 പേർ ഇതുവരെ പിടിയിലായിട്ടുണ്ട്. ഇതിൽ 10 പേരും ശ്രീലങ്കൻ സ്വദേശികളാണ്.

അതുകൊണ്ടു തന്നെ കേസിൽ പങ്കുണ്ടെന്നു സംശയിക്കുന്നവരുടെ പട്ടിക ഉൾപ്പെടെയാണു വിവരങ്ങൾ തേടിയിരിക്കുന്നത്. ഇന്ത്യ- ശ്രീലങ്ക കുറ്റവാളി കൈമാറ്റ കരാര്‍ പ്രകാരമാണു ദേശീയ അന്വേഷണ ഏജൻസിയുടെ നടപടി. ഇന്ത്യയിൽ എൽടിടിഇയുടെ നിശബ്ദ സെല്ലുകൾ പലയിടങ്ങളിലായി പ്രവർത്തിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണു പേരു വിവരങ്ങൾ സഹിതം ശ്രീലങ്കൻ സർക്കാരിന് എൻഐഎ കത്തയച്ചിരിക്കുന്നത്.

ഉയർന്ന അളവിൽ ലഹരി മരുന്നും ആയുധങ്ങളുമായി ശ്രീലങ്കൻ പൗരൻ ഉൾപ്പടെയുള്ള സംഘം വിഴിഞ്ഞത്തു കടലിൽ പിടിയിലായതിനു പിന്നാലെയാണ് അന്വേഷണം എൻഐഎയിലെത്തുന്നത്. ഇവരുടെ സംഘവുമായി ബന്ധമുണ്ടെന്നു കണ്ടെത്തിയ ശ്രീലങ്കൻ പൗരൻമാരെ ക്യൂബ്രാഞ്ച് അറസ്റ്റു ചെയ്തത് അങ്കമാലിയിൽ വച്ചാണ്. വർഷങ്ങളായി എറണാകുളം ജില്ലയിൽ താമസിച്ചു രഹസ്യ ഇടപാടുകൾ നടത്തിയ സംഘത്തെക്കുറിച്ച് എൻഐഎയ്ക്കു കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

ലക്ഷദ്വീപിൽ മിനിക്കോയിയിൽനിന്ന് ആയുധങ്ങളും ഹെറോയിനുമായി ശ്രീലങ്കൻ ബോട്ട് പിടികൂടിയ സംഭവത്തിലും എൽടിടിഇ സാന്നിധ്യം സംശയിച്ചിരുന്നു. തമിഴ്നാട്ടിൽ സ്ഥിരതാമസമാക്കിയ സത്നകുമാർ എന്നയാൾ എൽടിടിഇയുടെ രഹസ്യാന്വേഷണ വിഭാഗത്തിലെ അംഗമായിരുന്നു എന്നു വ്യക്തമായിരുന്നു. എൽടിടിഇയെ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി ആയുധക്കടത്തു നടക്കുന്നു എന്ന നിഗമനത്തിലാണ് അന്വേഷണ സംഘങ്ങൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button