അബുദാബി: ദേശീയ, സ്മാരക ദിനാഘോഷങ്ങളോടനുബന്ധിച്ച് കോവിഡ് മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് യുഎഇ. ആഘോഷ പരിപാടികളിലും ഒത്തുചേരലുകളിലും പങ്കെടുക്കുന്നതിന് 96 മണിക്കൂറിനകമുള്ള പിസിആർ നെഗറ്റീവ് ഫലം നിർബന്ധമാണെന്നാണ് മാർഗ നിർദ്ദേശത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.
ആഘോഷ പരിപാടികളിൽ മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. അതേസമയം കുടുംബാംഗങ്ങൾക്കിടയിൽ സാമൂഹിക അകലം പാലിക്കേണ്ടതില്ല. ദേശീയ അത്യാഹിത ദുരന്ത നിവാരണ സമിതിയാണ് കോവിഡ് മാനദണ്ഡങ്ങൾ പുറപ്പെടുവിച്ചത്. സുരക്ഷിത ആഘോഷത്തിനും ആരോഗ്യ സുരക്ഷയ്ക്കും വേണ്ടി നിയന്ത്രണങ്ങൾ പാലിക്കണമെന്ന് സമിതി നിർദ്ദേശിച്ചു.
ആഘോഷ പരിപാടികളിൽ വേദിയുടെ ശേഷിയിൽ 80% പേർക്കാണ് അനുമതി. പ്രവേശന കവാടത്തിൽ താപനില പരിശോധിക്കണം. പൊതുസ്ഥലത്ത് 1.5 മീറ്റർ അകലം പാലിക്കണം. അൽഹൊസൻ ആപ്പിൽ ഗ്രീൻ പാസ് ഉള്ള ഏതു പ്രായത്തിലുള്ളവർക്കും പരിപാടികളിൽ പങ്കെടുക്കാം. വാക്‌സീൻ/ബൂസ്റ്റർ ഡോസ് 14 ദിവസത്തിനു മുൻപ് എടുത്തവരായിരിക്കണമെന്നും നിർദ്ദേശമുണ്ട്.
ചടങ്ങിൽ പങ്കെടുമ്പോൾ ഹസ്തദാനം, ആലിംഗനം പാടില്ല. അകലം പാലിച്ച് ആശംസയാകാം. ഫോട്ടോ എടുക്കുമ്പോഴും അകലം പാലിക്കണം. പൊതു നിയമവും അതാതു എമിറേറ്റിലെ പ്രത്യേക നിയമവും പാലിക്കണമെന്നും കോവിഡ് മാർഗ നിർദ്ദേശത്തിൽ വിശദമാക്കിയിട്ടുണ്ട്.
Post Your Comments