ബദിയടുക്ക: വ്യാജരേഖ നിര്‍മിച്ച് സ്ഥലം തട്ടിയെടുത്ത കേസില്‍ രണ്ടാം പ്രതിയായ ആധാരമെഴുത്തുകാരൻ അറസ്റ്റിൽ. കാസര്‍ഗോഡ് പള്ളം റോഡിലെ സി. വിശ്വനാഥ കാമത്താണ്(55) അറസ്റ്റിലായത്. ബദിയടുക്ക പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കേസിലെ ഒന്നാംപ്രതി അരിയപ്പാടിയിലെ വൈ.എ. മുഹമ്മദ് കുഞ്ഞി(39) ഒളിവിലാണ്. ഇയാള്‍ കര്‍ണാടകയിലുണ്ടെന്നാണ് സൂചന. മുഹമ്മദ്കുഞ്ഞിയെ പിടികൂടാന്‍ കര്‍ണാടകയിലേക്ക് അന്വേഷണം വ്യാപിപ്പിച്ചുവെന്നും പ്രതി ഉടന്‍ അറസ്റ്റിലാകുമെന്നും പൊലീസ് പറഞ്ഞു.
മുഗു കറുവം കുഡ്ലുഹൗസില് എൻ. വാണി ഭട്ടിന്റെ പരാതിയില്‍ മുഹമ്മദ് കുഞ്ഞിക്കും വിശ്വനാഥ കാമത്തിനുമെതിരെ 2019-ലാണ് ബദിയടുക്ക പൊലീസ് കേസെടുത്തത്. വാണി ഭട്ടിന്റെ വീട്ടില്‍ ജോലിക്കാരിയായിരുന്ന ചോമാറുവിന് 1981-ല്‍ പട്ടയപ്രകാരം ലഭിച്ച 1.34 ഏക്കര്‍ സ്ഥലം മുഹമ്മദ് കുഞ്ഞി വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്തെന്നും വിശ്വനാഥ കാമത്ത് ഇതിന് കൂട്ടു നിന്നു എന്നുമാണ് കേസ്.
Read Also : ആറ് വയസ്സുകാരനെ പീഡിപ്പിച്ച കേസ് : സ്കൂൾ ബസ് ജീവനക്കാരന് 10 വർഷം കഠിന തടവ് വിധിച്ച് കോടതി
നികുതി രസീതോ വില്‍ക്കുന്ന ആളിന്റെ തിരിച്ചറിയല്‍ രേഖകളോ സ്ഥലത്തിന്റെ കൈവശ സര്‍ട്ടിഫിക്കറ്റോ പരിശോധിക്കാതെ മുഹമ്മദ് കുഞ്ഞിയുടെ പേരില്‍ വിശ്വനാഥ കാമത്ത് വ്യാജ ആധാരം തയ്യാറാക്കുകയായിരുന്നുവെന്നും അന്വേഷണത്തില്‍ തെളിഞ്ഞു. ബദിയടുക്ക സബ് രജിസ്ട്രാര്‍ ഓഫീസ് പരിധിയിലാണ് സ്ഥലമുള്ളതെങ്കിലും വ്യാജ ആധാരം രജിസ്റ്റര്‍ ചെയ്തത് കാസര്‍ഗോഡ് സബ് രജിസ്ട്രാര്‍ ഓഫിസിലാണെന്ന് പരിശോധനയില്‍ കണ്ടെത്തി. മുഹമ്മദ് കുഞ്ഞി സ്ഥലത്ത് നിര്‍മാണപ്രവൃത്തി ആരംഭിച്ചതോടെ വാണി ഭട്ട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
ബദിയടുക്ക എസ്.ഐ സി. സുമേഷ് ബാബുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. അറസ്റ്റിലായ പ്രതി വിശ്വനാഥ കാമത്തിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Post Your Comments