KeralaLatest NewsIndia

കോടികളുടെ വഖഫ് ബോർഡ് സ്വത്തുക്കളിൽ അഴിമതി, കയ്യേറ്റക്കാര്‍ക്ക് ഒത്താശ ചെയ്തത് വഖഫ് ബോര്‍ഡെന്ന് ആരോപണം

2015ല്‍ കോഴിക്കോട് ജില്ലാ കളക്ടര്‍ വഖഫ് ബോര്‍ഡിന് നല്‍കിയ കത്തിലും കയ്യേറ്റത്തെക്കുറിച്ച്‌ വ്യക്തമാക്കുന്നു.

കോഴിക്കോട്: വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിട്ടത് വിവാദമായിരിക്കെ സംസ്ഥാനത്ത് കോടികളുടെ വഖഫ് സ്വത്തുക്കള്‍ അന്യാധീനപ്പെട്ടതായി കണക്കുകള്‍. കോഴിക്കോട് താത്തൂര്‍ ജുമാമസ്ജിദിന്റെ പേരില്‍ വഖഫ് ചെയ്ത അന്‍പതിലധികം ഏക്കര്‍ ഭൂമിയാണ് കയ്യേറ്റം ചെയ്യപ്പെട്ടത്. ഭൂമി കയ്യേറിയിട്ടുണ്ടെന്ന് കാണിച്ച്‌ റവന്യൂ, വിജിലന്‍സ് വകുപ്പുകള്‍ നിരവധി റിപ്പോര്‍ട്ടുകള്‍ നല്‍കിയെങ്കിലും വഖഫ് ബോര്‍ഡ് അനങ്ങിയില്ല എന്നും പറയുന്നു. ന്യൂസ് 18 ആണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടാനുള്ള തീരുമാനത്തിനെതിരെ മുസ്ലിം ലീഗും ചില മത സംഘടനകളും പ്രക്ഷോഭരംഗത്തിറങ്ങിയിരിക്കുന്ന പശ്ചാത്തലത്തിൽ ഇത്രയും കാലം വഖഫ് ബോര്‍ഡില്‍ എന്താണ് നടന്നതെന്നാണ് ചാനൽ പുറത്തു വിടുന്നത്. കോടികളുടെ വഖഫ് സ്വത്തുക്കള്‍ അന്യാധീനപ്പെട്ടിട്ടുണ്ടെന്ന് നിരവധി റിപ്പോര്‍ട്ടുകളുണ്ടായിട്ടും അത് തിരിച്ചുപിടിക്കുന്നതിൽ വഖഫ് ബോര്‍ഡ് കുറ്റകരമായ വീഴ്ച വരുത്തിയെന്നാണ് കണ്ടെത്തിയത്.

1961ലാണ് കോഴിക്കോട് താത്തൂര്‍ ജുമാമസ്ജിദിന് കീഴിലുളള 77 ഏക്കര്‍ ഭൂമി രജിസ്റ്റര്‍ ചെയ്യാന്‍ വഖഫ് ബോര്‍ഡിന് അപേക്ഷ നല്‍കിയത്. അന്ന് തന്നെ 50 ഏക്കറിലധികം സ്ഥലം കയ്യേറിയിട്ടുണ്ടെന്നും ഒഴിപ്പിക്കണമെന്നും കാണിച്ച്‌ പള്ളി കമ്മിറ്റി വഖഫ് ബോര്‍ഡിന് കത്ത് നല്‍കി. പക്ഷെ കയ്യേറ്റം നിര്‍ബാധം തുടര്‍ന്നു. കയ്യേറിയവര്‍ ഭൂമി മുറിച്ച്‌ വില്‍പ്പന നടത്തി. അതോടെ സ്വത്ത് തിരിച്ചുപിടിക്കാന്‍ നാട്ടുകാര്‍ ചിലര്‍ പോരാട്ടം തുടങ്ങി.

2005 ല്‍ താത്തൂര്‍ പള്ളി സ്ഥിതി ചെയ്യുന്ന പൂളക്കോട്ടെ വില്ലേജ് ഓഫീസര്‍ നല്‍കിയ റിപ്പോര്‍ട്ട് വഖഫ് കയ്യേറിയ ആളുകളുടെ പേര് വിവരങ്ങള്‍ വിശദീകരിക്കുന്നുണ്ട്. 45/3 മുതല്‍ 53/2 വരെയുള്ള 75 ഏക്കര്‍ ഭൂമി വഖഫ് ആയിരുന്നുവെന്നും ഇപ്പോള്‍ 20 ഏക്കര്‍ 21 സെന്റ് മാത്രമേ കയ്യിലുള്ളൂവെന്നും ബാക്കി കയ്യേറിയെന്നുമാണ് റിപ്പോര്‍ട്ട്. 2015ല്‍ കോഴിക്കോട് ജില്ലാ കളക്ടര്‍ വഖഫ് ബോര്‍ഡിന് നല്‍കിയ കത്തിലും കയ്യേറ്റത്തെക്കുറിച്ച്‌ വ്യക്തമാക്കുന്നു.

താത്തൂരിലെ വഖഫ് ഭൂമിയില്‍ പ്രവേശിക്കാനോ രേഖ പരിശോധിക്കാനോ കയ്യേറ്റക്കര്‍ അനുവദിക്കുന്നില്ലെന്നും ഭൂമി സര്‍വ്വെ ചെയ്യുന്നതിന് പോലീസ് സഹായം ആവശ്യമാണെന്നും കത്തില്‍ പറയുന്നു. വഖഫ് ബോര്‍ഡ് അനങ്ങിയില്ല. ഭൂമി കയ്യേറിയവരുടെ പേരുള്‍പ്പെടുത്തി 2017ല്‍ കോഴിക്കോട് വിജിലന്‍സ് ഡിവൈ.എസ്.പി റിപ്പോര്‍ട്ട് നല്‍കിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല.

‘നിരവധി റിപ്പോര്‍ട്ടുകള്‍ വഖഫ് ബോര്‍ഡിന് മുന്നിലുണ്ട്. നടപടിയെടുക്കേണ്ടത് വഖഫ് ബോര്‍ഡാണ്. എന്നാല്‍ ബോര്‍ഡ് കയ്യേറ്റക്കാരെ സഹായിക്കുകയാണ്. ഒരു റിപ്പോര്‍ട്ടിലും തുടര്‍ നടപടിയെടുക്കുന്നില്ല. വഖഫ് സ്വത്തുക്കള്‍ സംരക്ഷിക്കേണ്ട ചുമതലുള്ളത് വഖഫ് ബോര്‍ഡിനാണ്. എന്നാല്‍ ബോര്‍ഡില്‍ പരാതിയുമായി ചെല്ലുന്നവര്‍ പുരുഷായുസ്സ് മുഴുവന്‍ ഓഫീസ് കയറിയിറങ്ങേണ്ട സ്ഥിതിയാണ്. ബോര്‍ഡ് അംഗങ്ങളില്‍ ചിലരും ഉദ്യോഗസ്ഥരും കയ്യേറ്റക്കാരെ സഹായിക്കുന്നത് കൊണ്ടാണ് ഇങ്ങിനെ സംഭവിക്കുന്നത്. സര്‍ക്കാര്‍ ഇതെക്കുറിച്ചെല്ലാം വിശദമായ അന്വേഷണം നടത്തണം. വഖഫ് സ്ത്തുക്കള്‍ തിരിച്ചു പിടിക്കണം’- വഖഫ് പരിപാലന സമിതി സെക്രട്ടറി സൈനുദ്ദീന്‍ വാഴയൂര്‍ വ്യക്തമാക്കുന്നു.

ഇതിനിടെ ഭൂമി കയ്യേറ്റം മരം മുറി കേസായി ചുരുക്കാന്‍ കയ്യേറ്റക്കാര്‍ക്ക് കഴിഞ്ഞു. മരം മുറിക്കേസില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിക്ക് വഖഫ് ബോര്‍ഡ് ഉത്തരവിട്ടെങ്കിലും അത് കടലാസിലൊതുങ്ങി. അതേസമയം വഖഫ് ഭൂമിയില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നും അത് പരിഹരിക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ടെന്നും വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ടി.കെ ഹംസ പ്രതികരിച്ചതായും ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button