Latest NewsNewsIndia

എസ്‌യുവി വാങ്ങാൻ പണമില്ലെന്ന് പരിഹസിച്ച് ഷോറൂം ജീവനക്കാരൻ, കാശ് എടുത്തുവീശി കര്‍ഷകന്‍: ഒടുവിൽ മാപ്പപേക്ഷ

ബെംഗളൂരു: വാഹനം വാങ്ങാന്‍ ഷോറൂമിലെത്തിയ കര്‍ഷകനെ ജീവനക്കാരന്‍ പരിഹസിച്ചതും ഒരു മണിക്കൂറിനുള്ളില്‍ 10 ലക്ഷം രൂപയുമായി കർഷകൻ മടങ്ങിയെത്തിയതുമായ വാർത്ത സമൂഹമാധ്യമങ്ങളില്‍ ചർച്ചയാകുകയാണ്. ഒടുവിൽ ഷോറൂമിലെത്തിയ യുവാവിനെയും സുഹൃത്തുക്കളെയും പരിഹസിച്ച ജീവനക്കാരന്‍ മാപ്പ് പറഞ്ഞ് തടിയൂരുകയായിരുന്നു.

കര്‍ണാടകയില്‍ പൂക്കള്‍ കൃഷിചെയ്യുന്ന കെമ്പഗൗഡയാണ് കൂട്ടുകാരോടൊപ്പം പ്രിയ വാഹനമായ എസ്‌യുവി വാങ്ങാൻ ഷോറൂമിലെത്തിയത്. എന്നാൽ സാധാരണക്കാരായ അവരുടെ വേഷവും പെരുമാറ്റവും കണ്ടിട്ട്, കൗതുകം തീര്‍ക്കാന്‍ വന്നവരാണ് എന്ന ധാരണയിൽ ഷോറൂമിലെ ജീവനക്കാരന്‍ പെരുമാറുകയായിരുന്നു. 10 ലക്ഷത്തിന്റെ വാഹനത്തെ കുറിച്ച് ചോദിച്ച കൊമ്പഗൗഡയോട് ‘നിങ്ങളുടെ പോക്കറ്റില്‍ 10 രൂപ പോലും കാണില്ല അപ്പോഴല്ലേ 10 ലക്ഷം’ എന്ന പരിഹാസമാണ് ജീവനക്കാരൻ മറുപടിയായി നൽകിയത്.

അതേസമയം, പണം തന്നാല്‍ ഇന്ന് കാര്‍ കിട്ടുമോ എന്ന് കെമ്പഗൗഡ ജീവനക്കാരനോട് തിരിച്ചുചോദിച്ചു. 10 ലക്ഷം രൂപ ഒരുമിച്ച് കൊണ്ടുവന്നാല്‍ ഇന്നുതന്നെ കാര്‍ തരാമെന്ന് ജീവനക്കാരൻ മറുപടി പറഞ്ഞു. തുടർന്ന് അവിടെ നിന്നുപോയ യുവാവും കൂട്ടുകാരും അരമണിക്കൂറിനകം 10 ലക്ഷം രൂപയുമായി തിരിച്ചെത്തി. ഇതോടെ ജീവനക്കാരന്‍ അമ്പരന്നു. ഉടന്‍ തന്നെ കാര്‍ കൊടുക്കാനുള്ള സാങ്കേതിക തടസ്സങ്ങളും ശനിയും ഞായറും അവധി ദിവസമായതിനാലുള്ള പ്രശ്‌നങ്ങളും ജീവനക്കാരനെയും കാര്‍ ഷോറൂമിനെയും ആകെ കുടുക്കി.

കാര്‍ കിട്ടാതെ പോകില്ലെന്ന് ഉറപ്പിച്ച് യുവാവും സുഹൃത്തുക്കളും സമരം തുടങ്ങി. ഇതോടെ സമൂഹമാധ്യമങ്ങളില്‍ പ്രശ്‌നം അതിവേഗം പടരുകയായിരുന്നു. തുടർന്ന് പോ ലീസ് ഉദ്യോഗസ്ഥരെത്തിയാണ് സമരം അവസാനിപ്പിച്ചത്. തന്നെയും സുഹൃത്തുക്കളെയും അപമാനിച്ചതിന് രേഖാമൂലം മാപ്പ് ചോദിക്കണമെന്നും ഇനി തനിക്ക് ഈ ഷോറൂമില്‍ നിന്നും കാര്‍ വാങ്ങാന്‍ താല്‍പര്യമില്ലെന്നും വ്യക്തമാക്കി കര്‍ഷകന്‍ മടങ്ങിപ്പോകുകയായിരുന്നു. ‘ആളറിഞ്ഞ് കളിക്കെടാ..’ എന്നും ‘വസ്ത്രം നോക്കി വിലയിരുത്തിയാല്‍ ഇങ്ങനെ ഇരിക്കും’ എന്നും തുടങ്ങി കർഷകന് വലിയ പിന്തുണയാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button