Latest NewsEuropeNewsIndiaInternational

നവീൻ കൊല്ലപ്പെട്ടത് സാധനം വാങ്ങാൻ കടയിലേക്ക് പോയപ്പോൾ

കീവ്: യുദ്ധം മുറുകുന്ന ഉക്രൈനിലെ ഖാർകീവിൽ നടന്ന ഷെല്ലാക്രമണത്തിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടുവെന്ന ദാരുണമായ വാർത്തയാണ് പുറത്തുവരുന്നത്. കർണാടക സ്വദേശിയും മെഡിക്കൽ വിദ്യാർത്ഥിയുമായ നവീൻ ജ്ഞാനഗൗഡർ കൊല്ലപ്പെട്ടത് കടയിലേക്ക് സാധനം വാങ്ങാൻ പോകുന്നതിനിടെയെന്ന് റിപ്പോർട്ട്. ദുരന്തമുഖത്ത് തന്നെയുള്ള ബങ്കറിൽ ആയിരുന്നു നവീൻ കഴിഞ്ഞിരുന്നത്. ഖാർകീവിൽ ഇന്നലെ മുതൽ റഷ്യ ഷെല്ലാക്രമണം ആരംഭിച്ചിരുന്നു. ഇത് കുറഞ്ഞിരുന്ന സമയത്താണ് നവീൻ ബങ്കറിൽ നിന്നും പുറത്തിറങ്ങിയത്.

സാധനം വാങ്ങാൻ വേണ്ടിയായിരുന്നു നവീൻ പുറത്തിറങ്ങിയത്. അവശ്യസാധനങ്ങൾ വാങ്ങാനായി സൂപ്പർമാർക്കറ്റിൽ നവീൻ ക്യൂ നിൽക്കുമ്പോൾ ആണ് ഷെല്ലാക്രമണം നടന്നത്. ഈ സമയത്ത് നഗരത്തിൽ ഗവർണർ ഹൌസ് ലക്ഷ്യമിട്ട് കൊണ്ട് റഷ്യ ഷെല്ലാക്രമണം നടത്തുകയായിരുന്നു. ഇന്നലെയാണ് കർണാടകയിലുള്ള ബന്ധുക്കളോട് യുവാവ് അവസാനമായി സംസാരിച്ചിരുന്നത്. ഇപ്പോൾ നിൽക്കുന്ന ബങ്കർ സുരക്ഷിതമാണെന്നായിരുന്നു നവീൻ പറഞ്ഞിരുന്നത്.

Also Read:ഒന്നോ രണ്ടോ കളി മോശമായതിന്റെ പേരില്‍ ആരും പുറത്തിരിക്കേണ്ട, അവരെത്തേടി വിളി വരും: രോഹിത് ശർമ്മ

അതേസമയം, ഷെല്ലാക്രമണം ആരംഭിച്ച സമയം മുതൽ വിദ്യാർത്ഥികളോട് ബങ്കർ വിട്ട് പുറത്തിറങ്ങരുത് എന്ന് ഇന്ത്യൻ എംബസി പലതവണ മുന്നറിയിപ്പ് നൽകിയിരുന്നതായി ഉക്രൈനിൽ നിന്നുള്ള വിദ്യാർത്ഥികൾ തന്നെ വെളിപ്പെടുത്തുന്നു. സ്ഥിതി വളരെ രൂക്ഷമായതിനാലാണ്, ബങ്കർ വിട്ട് പുറത്തിറങ്ങരുതെന്ന് കർശന നിർദേശം നൽകിയത്. നവീന്റെ മരണം ഇന്ത്യൻ വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. വിദേശകാര്യവക്താവാണ് ട്വിറ്ററിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചത്. കൊല്ലപ്പെട്ട നവീൻ്റെ മാതാപിതാക്കൾ ചെന്നൈയിലാണുള്ളത് എന്നാണ് വിവരം. ഇവരുമായി വിദേശകാര്യമന്ത്രാലയം ബന്ധപ്പെടുന്നുണ്ട്.

‘ദാരുണമായ സംഭവം നടന്നിരിക്കുന്നു. അതീവദുഃഖത്തോടെ, ഖാർകീവിൽ ഒരു ഇന്ത്യൻ വിദ്യാർത്ഥിക്ക് ഇന്ന് രാവിലെ ഷെല്ലാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടുവെന്ന് ഞങ്ങൾ സ്ഥിരീകരിക്കുന്നു. മന്ത്രാലയം അദ്ദേഹത്തിന്റെ കുടുംബവുമായി ബന്ധപ്പെട്ടു. ഇപ്പോഴും ഖാർകീവിലും മറ്റ് സംഘർഷ മേഖലകളിലെ നഗരങ്ങളിലും കഴിയുന്ന ഇന്ത്യൻ പൗരന്മാർക്ക് അടിയന്തരമായ സുരക്ഷ ഒരുക്കാൻ വിദേശകാര്യ സെക്രട്ടറി റഷ്യയിലെയും ഉക്രൈനിലേയും അംബാസഡർമാരുമായി നിരന്തരമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്’, നവീന്റെ മരണം സ്ഥിരീകരിച്ചുകൊണ്ട് മന്ത്രാലയം ട്വിറ്ററിൽ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button