കൊച്ചി: കറൻസി കടത്ത് ശിവശങ്കറിന്റെ നിർദ്ദേശപ്രകാരമെന്ന വെളിപ്പെടുത്തലുമായി സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ്. മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ ഭാര്യ, മകൾ, നളിനി നെറ്റോ എന്നിവർക്ക് കാര്യങ്ങൾ അറിയാമെന്നും സ്വർണക്കടത്തു കേസിൽ പങ്കുള്ളവരെ കുറിച്ച് വിശദമായ മൊഴി നൽകിയെന്നും സ്വപ്ന സുരേഷ് മാധ്യമങ്ങളോടു പറഞ്ഞു.
കൊച്ചിയിലെ കോടതിയിലെത്തി രഹസ്യമൊഴി നൽകിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സ്വപ്ന. ജീവന് ഭീഷണിയുള്ളതിനാലാണ് ഇപ്പോള്‍ രഹസ്യമൊഴി നല്‍കിയതെന്നും കേസുമായി ബന്ധമുള്ളവരില്‍ നിന്നാണ് ഭീഷണിയുള്ളതെന്നും സ്വപ്ന പറഞ്ഞു.
‘ശിവശങ്കർ ആദ്യമായി തന്നെ ബന്ധപ്പെടുന്നത്, 2016ൽ മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യമായി ഗൾഫിൽ പോയപ്പോഴാണ്. മുഖ്യമന്ത്രി എത്തുന്നതുമായി ബന്ധപ്പെട്ട പ്രോട്ടോക്കോൾ പരിശോധിക്കുന്നതിനും വിമാനത്താവളത്തിൽ വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിനും വിളിച്ചു. പിന്നീട്, മുഖ്യമന്ത്രി അടിയന്തരമായി ഒരു ബാഗ് മറന്നുവച്ചെന്നും അത് എത്രയും പെട്ടെന്ന് എത്തിക്കണമെന്നും ശിവശങ്കർ എന്നെ അറിയിച്ചു. ഇതേത്തുടർന്ന്, കോൺസുലേറ്റ് ഉദ്യോഗസ്ഥൻ വഴി അത് കൊടുത്തുവിട്ടു. ശിവശങ്കറിന്റെ നിർദ്ദേശ പ്രകാരം കറൻസി നോട്ടുകളാണ് എത്തിച്ചത്.
കോണ്‍സുലേറ്റിലെ സ്കാനിങ് മെഷീനില്‍ ആ ബാഗ് സ്കാന്‍ ചെയ്തിരുന്നു. അങ്ങനെയാണ് കറന്‍സിയാണെന്ന് മനസിലാക്കിയത്. നിരവധി തവണ കോണ്‍സുല്‍ ജനറലിന്റെ വീട്ടില്‍നിന്ന് ശിവശങ്കറിന്റെ നിര്‍ദ്ദേശപ്രകാരം ബിരിയാണി പാത്രങ്ങള്‍ ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടിട്ടുണ്ട്. അതില്‍ ബിരിയാണി മാത്രമല്ല, ലോഹവസ്തുക്കളും ഉണ്ടായിരുന്നു. മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ ഭാര്യ, മകൾ, നളിനി നെറ്റോ എന്നിവർക്ക് കാര്യങ്ങൾ അറിയാം’, സ്വപ്ന വ്യക്തമാക്കി.
മുഖ്യമന്ത്രി പിണറായി വിജയന്, ഭാര്യ കമല, മകള്‍ വീണ, മുന്‍ മന്ത്രി കെ.ടി. ജലീല്‍ എന്നിവരടക്കമുള്ളവര്‍ക്കെതിരേ രഹസ്യമൊഴി നല്‍കിയതായും സ്വപ്ന വെളിപ്പെടുത്തി. കേസിൽ കൂടുതൽ വിവരങ്ങൾ ഇനിയും പുറത്തു വരാനുണ്ടെന്നും കേന്ദ്ര അന്വേഷണ ഏജൻസികൾക്കു വിശദമായി മൊഴി നൽകിയിട്ടും പല കാര്യങ്ങളും വേണ്ടവിധം അന്വേഷിച്ചിട്ടില്ലെന്നും സ്വപ്ന സുരേഷ് കൂട്ടിച്ചേർത്തു.
Post Your Comments