Latest NewsNewsIndia

അഗ്നിപഥ്: ‘അനന്തരഫലം നേരിടേണ്ടി വരും, അശ്രദ്ധമായ തീരുമാനം’ – പ്രധാനമന്ത്രി മോദിക്കെതിരെ ഒവൈസി

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ ‘അഗ്നിപഥ്’ പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ, വിമർശനവുമായി ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) തലവൻ അസദുദ്ദീൻ ഒവൈസി. അശ്രദ്ധമായ തീരുമാനമെന്നാണ് ഒവൈസി ഈ പദ്ധതിയെ ചൂണ്ടിക്കാട്ടി പറയുന്നത്. ഇതിന്റെ അനന്തരഫലങ്ങൾ നേരിടേണ്ടി വരുമെന്നും, സൈനിക മേധാവികളുടെ പിന്നിൽ ഒളിച്ചിരിക്കുന്നത് നിർത്തണമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിക്കെതിരെയായിരുന്നു ഒവൈസി പ്രതികരിച്ചത്.

‘നിങ്ങളുടെ അശ്രദ്ധമായ തീരുമാനത്തിന്റെ ഉടമസ്ഥാവകാശം ഏറ്റെടുക്കാനും അനന്തരഫലങ്ങൾ നേരിടാനും ധൈര്യം ഉണ്ടായിരിക്കുക. രാജ്യത്തെ യുവാക്കളുടെ ഭാവിയെക്കുറിച്ചുള്ള രോഷമാണ് ഇപ്പോൾ കാണുന്നത്’, ഒവൈസി കുറിച്ചു. വ്യാഴാഴ്ച രാവിലെ ഒവൈസി പ്രധാനമന്ത്രി മോദിക്കെതിരെ ആഞ്ഞടിക്കുകയും സായുധ സേനയോട് കരുണ കാണിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ‘രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും സാമൂഹിക സൗഹാർദ്ദത്തെയും കാർഷിക വ്യവസ്ഥയെയും തകർത്തതിന് ശേഷം ഇനിയെങ്കിലും സൈന്യത്തോട് കരുണ കാണിക്കൂ’ എ.ഐ.എം.ഐ.എം മേധാവി ട്വീറ്റിൽ കുറിച്ചു.

അതേസമയം, ഹൈദരാബാദിലെ സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷനിൽ നൂറുകണക്കിന് പ്രകടനക്കാർ ട്രെയിനിന് തീയിട്ടതോടെ പല സംസ്ഥാനങ്ങളിലും നടന്ന പ്രതിഷേധം അക്രമാസക്തമായി. അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധം കാരണം ഇതുവരെ 200 ലധികം ട്രെയിനുകളെ ബാധിച്ചതായി റെയിൽവേ ഇന്ന് അറിയിച്ചു. അഗ്നിപഥ് റിക്രൂട്ട്‌മെന്റ് പദ്ധതി സർക്കാർ പിൻവലിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു. കരസേന, നാവികസേന, വ്യോമസേന എന്നിവിടങ്ങളിൽ പ്രധാനമായും നാലുവർഷത്തെ ഹ്രസ്വകാല കരാർ അടിസ്ഥാനത്തിൽ സൈനികരെ റിക്രൂട്ട് ചെയ്യാനാണ് കേന്ദ്രസർക്കാരിന്റെ അഗ്നിപഥ് പദ്ധതി ലക്ഷ്യമിടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button