Latest NewsIndia

ഉദ്ദവിന്റെ തന്ത്രം പാളി: ഏകനാഥ് ഷിന്‍ഡേയെ നിയമസഭ നേതാവായി തെരഞ്ഞെടുത്ത് വിമതര്‍ ഒപ്പിട്ട പ്രമേയം പാസായി

മുംബൈ: ഏക്നാഥ് ഷിൻഡെ നിയമസഭാ കക്ഷി അധ്യക്ഷനായി തുടരുമെന്നറിയിച്ച് 34 വിമത എംഎൽഎമാർ ഒപ്പിട്ട പ്രമേയം പാസാക്കി. പ്രമേയം മഹാരാഷ്ട്ര ​ഗവർണർ ഭ​ഗത് സിങ് കോഷ്യാരിക്ക് അയച്ചു. 2019-ൽ ശിവസേനയുടെ നിയമസഭാ കക്ഷി നേതാവായി ഏകകണ്ഠമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ശിവസേനയുടെ ചീഫ് വിപ്പായി ഭരത് ഗോഗവാലെയെ നിയമിച്ചതായും ​ഗവർണർക്കയച്ച പ്രമേയത്തിൽ പറയുന്നു.

രാഷ്ട്രീയ പ്രതിസന്ധിയെ തുടർന്ന് ശിവസേന ഏക്‌നാഥ് ഷിൻഡെയെ പാർട്ടിയുടെ നിയമസഭാ കക്ഷി നേതാവ് സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. പ്രമേയത്തിലൂടെ വിമതർ തിരിച്ചടിച്ചിരിക്കുകയാണ്. കഴിഞ്ഞ രണ്ട് വർഷമായി ശിവസേനയുടെ ആശയങ്ങൾ വിട്ടുവീഴ്ച ചെയ്യപ്പെടുകയാണെന്ന് പ്രമേയത്തിൽ പറയുന്നു. നിലവിൽ ജയിലിൽ കഴിയുന്ന അനിൽ ദേശ്മുഖിനെയും, നവാബ് മാലിക്കിനെയും പരാമർശിച്ച് സർക്കാരിലെ അഴിമതിയിൽ വിമത എംഎൽഎമാർ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.

‘ശിവസേനയുടെ ചീഫ് വിപ്പായി ഭരത് ഗോഗവാലെയെ നിയമിച്ചു. അതിനാൽ ഇന്ന് വൈകിട്ട് നടക്കുന്ന നിയമസഭാ കക്ഷി യോഗം സംബന്ധിച്ച് സുനിൽ പ്രഭു പുറപ്പെടുവിച്ച ഉത്തരവ് നിയമവിരുദ്ധമാണെന്നും’ ഏകനാഥ് ഷിൻഡെ പറഞ്ഞു. വ്യത്യസ്ത ആശയങ്ങളുളള എൻസിപിയുമായും, കോൺഗ്രസുമായും ചേർന്ന് സർക്കാർ രൂപീകരിച്ചതിൽ പാർട്ടി പ്രവർത്തകർക്കിടയിൽ കടുത്ത അതൃപ്തി ഉണ്ടെന്ന് വിമത ശിവസേന എംഎൽഎമാർ പറഞ്ഞു. ശിവസേനയുടെ വിമത നേതാവ് ഏക്‌നാഥ് ഷിൻഡെ മുപ്പതിലധികം നിയമസഭാംഗങ്ങളുമായി സൂറത്തിലേക്ക് മാറിയതാണ് മഹാരാഷ്ട്രയിലെ ഭരണ പ്രതിസന്ധിക്ക് തുടക്കമിട്ടത്.

ബിജെപിയുമായി സഖ്യമുണ്ടാക്കണമെന്നായിരുന്നു ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുളള നേതാക്കളുടെ ആവശ്യം. ബിജെപിയുമായി സഖ്യമുണ്ടാക്കിയില്ലെങ്കിൽ പാർട്ടി പിളരുമെന്നും തന്റെ കൂടെ 34 എംഎൽഎമാരുണ്ടെന്നും ഷിൻഡെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്നലെ രാവിലെ ഏക്നാഥ് ഷിൻഡെയും എംഎൽഎമാരും സൂറത്തിൽ നിന്നി അസമിലെ ​ഗുവാഹത്തിയിലേക്ക് മാറിയിരുന്നു.

ബുധനാഴ്ച രാത്രിയോടെ ഉദ്ദവ് താക്കറെ ഔദ്യോ​ഗിക വസതിയായ വർഷ ഒഴിഞ്ഞു. സ്വവസതിയായ മാതോശ്രീയിലേക്കാണ് ഉദ്ദവ് താക്കറെ പോയത്. ഏക്നാഥ് ഷിൻഡെയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന് എൻസിപി നേതാവ് ശരദ് പവാർ നിർദേശിച്ചിരുന്നു. എന്നാൽ എൻസിപിയുമായോ കോൺഗ്രസുമായോ സഹകരിക്കാൻ തങ്ങൾ തയ്യാറല്ലെന്ന് വിമതർ പറഞ്ഞു. മഹാ വികാസ് അഘാടിയുമായുളള കൂടിക്കാഴ്ചക്ക് ശേഷമാണ് ഉദ്ദവ് മുഖ്യമന്ത്രി മന്ദിരം വിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button