ന്യൂഡല്‍ഹി: വിദേശ സര്‍വ്വകലാശാലകളില്‍ പഠിക്കുന്ന മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയിലെ ഏതെങ്കിലും മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനത്തിലോ സര്‍വ്വകലാശാലയിലോ പഠനം തുടരാന്‍ നിയമം വ്യവസ്ഥ ചെയ്യുന്നില്ലെന്ന് കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പ്രവീണ്‍ പവാര്‍ ലോക്‌സഭയില്‍ വ്യക്തമാക്കി. യുക്രൈനില്‍ നിന്ന് മടങ്ങിയെത്തിയ 412 മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പശ്ചിമബംഗാള്‍ സര്‍ക്കാര്‍ രണ്ട് മാസം മുമ്പ് സീറ്റ് അനുവദിച്ച് നല്‍കിയ വിഷയത്തെ കുറിച്ച് പ്രതിപാദിക്കവെയാണ് മന്ത്രി ഇക്കാര്യം സഭയെ അറിയിച്ചത്.
വിദേശത്ത് നിന്ന് മടങ്ങിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയിലെ ഏതെങ്കിലും മെഡിക്കല്‍ സര്‍വ്വകലാശാലകളിലോ വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ പ്രവേശനം നല്‍കുന്നതിന് നാഷണല്‍ മെഡിക്കല്‍ കമ്മിഷന്‍ (NMC) അനുമതി നല്‍കിയിട്ടില്ലെന്ന് ഡോക്ടര്‍ ഭാരതി അറിയിച്ചു. മെഡിക്കല്‍ സീറ്റുകളനുവദിച്ച് നല്‍കിയ വിഷയത്തെ കുറിച്ച് കമ്മിഷന് അറിവില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള എല്ലാ മെഡിക്കല്‍ സീറ്റുകളുടെയും 85 ശതമാനം സീറ്റുകളിലേക്കും നാഷണല്‍ എലിജിബിലിറ്റി എന്‍ട്രന്‍സ് ടെസ്റ്റിലെ (NEET) റാങ്കിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം നടത്തണമെന്നാണ് നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. ബംഗാളില്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് സീറ്റനുവദിക്കുന്ന കാര്യവുമായി ബന്ധപ്പെട്ട് എന്‍എംസിയെ സമീപിച്ചിരുന്നില്ലെന്നും സീറ്റനുവദിക്കാനുള്ള നടപടി എംഎന്‍സിയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നും നേരത്തെ റിപ്പോർട്ട് ഉണ്ടായിരുന്നു.
യുഎസ്, യുകെ, ന്യൂസിലാന്‍ഡ്, കാനഡ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളില്‍ നിന്നല്ലാതെ മറ്റ് രാജ്യങ്ങളില്‍നിന്ന് മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവര്‍ക്ക് ഫോറിന്‍ മെഡിക്കല്‍ ഗ്രാജുവേറ്റ് എക്‌സാമിനേഷനില്‍ പങ്കെടുക്കാന്‍ സാധിക്കില്ല. എന്നാല്‍, യുക്രൈനില്‍ തുടരുന്ന പ്രതിസന്ധി കണക്കിലെടുത്ത് അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് ഒരു തവണ ഇതില്‍ ഇളവനുവദിക്കാമെന്ന് നാഷണല്‍ മെഡിക്കല്‍ കമ്മിഷന്‍ ഒരു നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നു.
എന്നാല്‍, ഇന്ത്യയില്‍ സ്ഥിരമായ രജിസ്‌ട്രേഷനായി ഈ വിദ്യാര്‍ഥികള്‍ ഇന്ത്യയില്‍ രണ്ട് കൊല്ലത്തെ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കണമെന്ന നിബന്ധനയും കമ്മിഷന്‍ മുന്നോട്ടുവെച്ചു. കമ്മിഷന്റെ നിര്‍ദേശം കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലാണ്.
Post Your Comments