Latest NewsKeralaIndia

വീട്ടമ്മയെ കൊന്ന് കിണറ്റിലിട്ടത് അതിഥിത്തൊഴിലാളി ആദം അലി: നട്ടുച്ചയ്ക്ക് ഞരക്കം കേട്ടതായി അയൽവാസികൾ

തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ പട്ടാപ്പകൽ വയോധികയെ കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടലിലാണ് നാട്. കേശവദാസപുരം രക്ഷാപുരി മീനംകുന്നിൽ വീട്ടിൽ ദിനരാജിന്റെ ഭാര്യ മനോരമയെ (68) ആണ് ഇന്നലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊല നടത്തിയത് ആസൂത്രിതമാണെന്നാണ് പോലീസ് പറയുന്നത്. തൊട്ടടുത്ത വീട്ടിൽ പണി ചെയ്തിരുന്ന അയൽസംസ്ഥാന തൊഴിലാളിയായ ആദം അലി ആണ് മനോരമയെ വകവരുത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

സംഭവത്തിൽ പ്രതി ആദം അലിയ്ക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി. കഴിഞ്ഞ ഒരു വർഷമായി പണിനടക്കുന്ന രക്ഷാപുരി റോഡിലെ വീട്ടിൽ മാറിമാറി വരുന്ന തൊഴിലാളികളാണ് ജോലിക്കെത്തിയിരുന്നത്. ഇവരിൽ കുറച്ചുപേർ കഴിഞ്ഞ കുറച്ചുദിവസമായി രാത്രിയിൽ മനോരമയുടെ വീടിനു സമീപത്തു നിന്ന് ഫോൺ ചെയ്യുന്നത് അയൽവാസികളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഭർത്താവ് ദിനരാജ് സ്ഥലത്തില്ലാത്തത് ഉറപ്പാക്കിയാണ് അക്രമി വീടിനുള്ളിലെത്തിയത്. അഞ്ചു തൊഴിലാളികളാണ് ഇവിടെ താമസിച്ചു ജോലിചെയ്തിരുന്നത്.

ഇവർക്കു കുടിക്കാനും ഭക്ഷണം പാകംചെയ്യാനുമുള്ള വെള്ളം എടുത്തിരുന്നത് മനോരമയുടെ വീട്ടുമുറ്റത്തെ പൈപ്പിൽനിന്നാണ്. ഇക്കാരണം കൊണ്ട് എപ്പോഴും ഇവിടെ കയറിച്ചെല്ലാനുള്ള സ്വാതന്ത്ര്യം ഇവർക്കുണ്ടായിരുന്നു. ഇതു മുതലെടുത്താണ് ആരുമില്ലാത്ത തക്കം നോക്കി ഇവരുടെ വീട്ടിലെത്തിയ കൊലപാതകി മനോരമയുടെ ജീവനെടുത്തത്. എന്നാൽ, ആദം അലി ഇന്നലെ ഉച്ചയ്ക്ക് മനോരമയുടെ വീട്ടിൽ എത്തിയതായി പൊലീസിന് വിവരം ലഭിച്ചു. തൊട്ടടുത്ത വീട്ടിലെ പ്രായമായ സ്ത്രീയുമായി വഴക്കുണ്ടായതായി ആദം അലി ഞായറാഴ്ച ഉച്ചയ്ക്കു ശേഷം സഹപ്രവർത്തകരോടു പറഞ്ഞിരുന്നു.

ദേഷ്യം വന്ന് താൻ ആ സ്ത്രീയെ തല്ലിയെന്നും ആദം അവരോടു പറഞ്ഞതായി കൂടെയുണ്ടായിരുന്നവർ പോലീസിനു മൊഴികൊടുത്തിട്ടുണ്ട്. ഇനി താനിവിടെ നിൽക്കുന്നില്ലെന്നു പറഞ്ഞാണ് ആദം സ്ഥലംവിട്ടത്. ഇക്കാര്യം കൂടെയുണ്ടായിരുന്നവർ കെട്ടിട ഉടമയെ അറിയിച്ചു. ഇതറിഞ്ഞ് സ്ഥലത്തെത്തിയപ്പോഴാണ് മനോരമയെ കാണാനില്ലെന്ന വിവരം അദ്ദേഹം അറിഞ്ഞത്. ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ മനോരമയുടെ വീട്ടിൽനിന്നു നിലവിളി ശബ്ദവും ഞരക്കവും കേട്ടതായുള്ള അയൽവാസി സെയ്ബയുടെ സംശയമാണ് കൊലപാതകം പുറത്തറിയാൻ കാരണമായത്.

ഇവരുടെ വീടിനടുത്തു താമസിക്കുന്ന സെയ്ബ ശബ്ദം കേട്ടെന്ന്‌ ചുറ്റമുള്ളവരോടു സൂചിപ്പിക്കുകയായിരുന്നു. എന്നാൽ, ശ്രദ്ധിച്ചപ്പോൾ മനോരമയുടെ വീട്ടിൽ സംശയാസ്പദമായ നിലയിലുള്ള ആളനക്കം കേട്ടതുമില്ല. പിന്നീടാണ് അയൽവാസികൾ വീട്ടിലെത്തി പരിശോധന നടത്തിയത്. വർക്കല സ്വദേശിയായ ദിനരാജും ആലപ്പുഴ സ്വദേശിനിയായ മനോരമയും 25 വർഷം മുൻപാണ് കേശവദാസപുരത്തു താമസമാക്കിയത്. കോളേജ് വിദ്യാഭ്യാസ വകുപ്പിൽനിന്നു വിരമിച്ച ഇവർ നാട്ടുകാർക്കും പ്രിയങ്കരരായിരുന്നു. എല്ലാവരോടും സൗമ്യമായാണ് മനോരമ ഇടപെട്ടിരുന്നതെന്ന് പത്രവിതരണക്കാരനായ സുശീലൻ പറഞ്ഞു.

കുടിവെള്ളമുൾപ്പെടെ നൽകിയിരുന്ന വീട്ടമ്മയെയാണ് അക്രമി കൊലപ്പെടുത്തിയത്. നിലവിളി കേട്ട വിവരം ഭർത്താവ് ദിനരാജിനെ നാട്ടുകാർ വിവരമറിയിച്ചു. വർക്കലയിൽനിന്ന് കേശവദാസപുരത്തേക്കു വരികയായിരുന്ന അദ്ദേഹത്തിന്റെ നിർദേശപ്രകാരമാണ് വീടിനുള്ളിൽ കയറി നാട്ടുകാർ പരിശോധന നടത്തിയത്. മനോരമയെ കാണാനില്ലെന്നു വ്യക്തമായതോടെ നാട്ടുകാർ തന്നെ ചുറ്റുമുള്ള പ്രദേശം മുഴുവൻ പരിശോധന നടത്തി. കാടുപിടിച്ച പറമ്പുകളിലും പൊട്ടക്കിണറ്റിലും സമീപത്തെ വയലിലും തിരഞ്ഞെങ്കിലും ഫലമുണ്ടായില്ല.

വൈകിട്ടോടുകൂടി മെഡിക്കൽ കോളേജ് പോലീസും സ്ഥലത്തെത്തി. ഇതിനിടെ, പണിനടക്കുന്ന വീടിന്റെ ഉടമസ്ഥനും സ്ഥലത്തെത്തിയിരുന്നു. അപ്പോഴാണ് ആദം അലിയെന്ന തൊഴിലാളിയെ കാണാനില്ലെന്ന വിവരം ശ്രദ്ധയിൽപ്പെട്ടത്. നാട്ടുകാർ ഇക്കാര്യം പോലീസിനെ അറിയിച്ചു. അപ്പോഴും മനോരമയെ കാണാനില്ലാത്തത് ദുരൂഹതയായി അവശേഷിച്ചു. പോലീസ് നായയും പ്രദേശത്തെത്തി തിരച്ചിൽ തുടങ്ങി. ഇതിനിടെ, പൂട്ടിക്കിടക്കുന്ന സമീപത്തെ വീട്ടുടമസ്ഥന്റെ സഹോദരനെത്തിയപ്പോൾ മൃതദേഹം കണ്ടെത്തിയ കിണറിന്റെ മൂടി തുറന്നുകിടക്കുന്നതു ശ്രദ്ധയിൽപ്പെട്ടു. പിന്നാലെയാണ് അഗ്നിരക്ഷാസേന കിണറ്റിൽ പരിശോധന നടത്തിയത്.

മൃതദേഹം പുറത്തെടുത്തപ്പോൾ കാലുകളിൽ ചുടുകട്ട കെട്ടിയ നിലയിലായിരുന്നു. ഉടുത്തിരുന്ന സാരി കഴുത്തിൽ മുറുക്കിയിരുന്നു. ആദം അലിക്കൊപ്പം താമസിച്ച നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ദമ്പതിമാർ മാത്രം താമസിക്കുന്ന വീടാണെന്ന് മനസിലാക്കി കൊലപാതകത്തിനുള്ള പ്ലാൻ ആദം അലി നേരത്തെ തയാറാക്കിയിരുന്നു. പൊലീസ് എത്തി പരിശോധിച്ചപ്പോൾ വീട്ടിൽ സൂക്ഷിച്ച 50,000 രൂപ കാണാനില്ലെന്നു കണ്ടെത്തി.

അതേസമയം, കേരളത്തിലെത്തുന്ന അതിഥി തൊഴിലാളികളെ കുറിച്ച് നിരവധി പരാതികളാണ് ഉയരുന്നത്. ബംഗാൾ സ്വദേശികളെന്ന വ്യാജേന നിരവധി ബംഗ്ലാദേശികളും കേരളത്തിൽ തമ്പടിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ആദം അലി ബംഗാളി ആണോ ബംഗ്ലാദേശി ആണോ എന്ന് സ്ഥിരീകരണമില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button