KeralaLatest NewsNews

പാഠ്യപദ്ധതി രൂപീകരണത്തിൽ ജനകീയ അഭിപ്രായങ്ങളെ സർക്കാർ സ്വാഗതം ചെയ്യുന്നു: മന്ത്രി ജി ആർ അനിൽ

തിരുവനന്തപുരം: സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങൾ കൂടി ഉൾപ്പെടുത്തി പാഠ്യപദ്ധതി രൂപീകരണം സാധ്യമാക്കുന്നതിന് ജനകീയ അഭിപ്രായങ്ങളെ സർക്കാർ സ്വാഗതം ചെയ്യുകയാണെന്ന് ഭക്ഷ്യ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി ആർ അനിൽ. സ്‌കൂൾ പാഠ്യപദ്ധതികളുടെ പരിഷ്‌കരണത്തിന് ജനകീയ ചർച്ചകളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also: മുഖ്യമന്ത്രി പിണറായി വിജയനും ആഭ്യന്തര വകുപ്പിനും എതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ

60 ലക്ഷത്തോളം വിദ്യാർത്ഥികൾ ഉൾപ്പെടുന്ന വിദ്യാഭ്യാസ മേഖലയാണ് സംസ്ഥാനത്തിന്റേത്. പൊതുവിദ്യാഭ്യാസ രംഗം മെച്ചപ്പെടുത്തുന്നതിന് സംസ്ഥാന സർക്കാരിന്റെ പരിശ്രമങ്ങൾ തുടരുകയാണ്. പണമുള്ളവർക്ക് മാത്രം വിദ്യാഭ്യാസം എന്ന ചിന്ത മാറ്റി എല്ലാവർക്കും മികച്ച വിദ്യാഭ്യാസം സാധ്യമാക്കുകയാണ് ഈ സർക്കാർ ചെയ്തത്. ഇതിന് നല്ല ജനസ്വീകാര്യത ലഭിച്ചതുകൊണ്ടാണ് ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ നമ്മുടെ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലേക്ക് തിരികെയെത്തിയത്. 100 ശതമാനം വിജയം എന്നതുപോലെ 100 ശതമാനം എ പ്ലസ് നേടുന്ന സ്‌കൂളുകൾ എന്ന ലക്ഷ്യത്തിലേക്കാണ് കേരളം മാറിക്കൊണ്ടിരിക്കുന്നത്. പാഠ്യവിഷയങ്ങൾക്കൊപ്പം പാഠ്യേതര വിഷയങ്ങളിലും മികവു പുലർത്തുവാൻ വിദ്യാർത്ഥികളെ സഹായിച്ചതിൽ വിദ്യാലയങ്ങൾക്കും പിടിഎകൾക്കും വലിയ പങ്കാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക ശ്രദ്ധയും പരിശീലനവും നൽകുവാൻ പൊതു വിദ്യാഭ്യാസ മേഖലയ്ക്ക് സാധിച്ചു. വിദ്യാഭ്യാസ മേഖലയിൽ അന്തർദേശീയ നിലവാരത്തിലാണ് കേരളത്തിന്റെ സ്ഥാനം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വിദ്യാഭ്യാസ വകുപ്പും അനുബന്ധ സ്ഥാപനങ്ങളും സംയുക്തമായാണ് പാഠ്യപദ്ധതി രൂപീകരണത്തിന് ജനകീയ ചർച്ചകൾക്ക് ആഭിമുഖ്യം വഹിക്കുന്നത്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തിൽ പ്രീ പ്രൈമറി, സ്‌കൂൾ, അധ്യാപകർ മുതിർന്നവർ എന്നിങ്ങനെ നാല് മേഖലകളിലെ പഠിതാക്കൾക്കുള്ള പാഠ്യപദ്ധതി ചർച്ചകൾക്കാണ് തുടക്കമാകുന്നത്. ഇതിനായി പ്രത്യേക പിടിഎ, കുടുംബശ്രീ യോഗങ്ങൾ സംഘടിപ്പിക്കും.

ചർച്ചകളുടെ അടിസ്ഥാനത്തിലുള്ള നേരറിവുകളും ചട്ടക്കൂടുകളും 2023 സെപ്റ്റംബറോടെ പ്രസിദ്ധീകരിക്കാൻ കഴിയും. ജനകീയ ചർച്ചയിലൂടെ സാമൂഹിക പ്രതിബദ്ധതയുള്ള വിദ്യാഭ്യാസ സാഹചര്യമാണ് കേരളത്തിന്റെ ലക്ഷ്യമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻ ബാബു, സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി ഡയറക്ടർ ഡോ എ ജി ഒലീന, സമഗ്രശിക്ഷ കേരളം ഡയറക്ടർ ഡോ എ ആർ സുപ്രിയ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Read Also: പാകിസ്ഥാനിലേക്ക് ബ്രഹ്മോസ് മിസൈൽ തൊടുത്തുവിട്ട സംഭവം: മൂന്ന് ഐ.എ.എഫ് ഉദ്യോഗസ്ഥരെ പുറത്താക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button