Latest NewsFootballNewsSports

ഖത്തര്‍ ലോകകപ്പിൽ മെസിയും സംഘവും ഇന്നിറങ്ങും: കാത്തിരിക്കുന്നത് അപൂര്‍വ്വ റെക്കോര്‍ഡ്

ദോഹ: ഖത്തര്‍ ലോകകപ്പിൽ അര്‍ജന്‍റീന ഇന്ന് ആദ്യ മത്സരത്തിനിറങ്ങുന്നു. ആദ്യ മത്സരത്തിനിറങ്ങുന്ന അര്‍ജന്‍റീനയെ കാത്തിരിക്കുന്നത് ഒരു അപൂര്‍വ്വ റെക്കോര്‍ഡ്‌ ഉണ്ട്. ഇന്നത്തെ മത്സരത്തില്‍ വിജയമോ സമനിലയോ നേടിയാല്‍ അര്‍ജന്‍റീനയെ കാത്തിരിക്കുന്നത് ആരെയും കൊതിപ്പിക്കുന്ന ഒരു അപൂര്‍വ്വ നേട്ടമാണ്. ലിയോണല്‍ സ്കലോണിയുടെ തീപ്പൊരി സംഘം തോല്‍വിയറിയാതെ ഇതിനകം 36 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. ഇനി മുന്നിലുള്ളത് 37 മത്സരങ്ങള്‍ പരാജയമറിയാതെ മുന്നേറിയ ഇറ്റലി മാത്രമാണ്.

ലോകകപ്പിലെ സൗദിക്കെതിരെയുള്ള പോരാട്ടത്തിലൂടെ ഈ മിന്നുന്ന റെക്കോര്‍ഡിന് ഒപ്പം എത്താമെന്ന പ്രതീക്ഷയിലാണ് അര്‍ജന്‍റീനിയന്‍ സംഘം. 2019 ജൂലൈ രണ്ടിനാണ് അര്‍ജന്‍റീനയുടെ തോല്‍വി അറിയാതെയുള്ള കുതിപ്പ് തുടങ്ങിയത്. ഇതിനകം 36 മത്സരങ്ങളില്‍ ടീം 27 വിജയങ്ങള്‍ നേടിയപ്പോള്‍ ഒമ്പത് കളികള്‍ സമനിലയില്‍ കലാശിച്ചു. ബ്രസീല്‍, ഉറുഗ്വെ, ചിലി, ഇറ്റലി എന്നിങ്ങനെ പല വമ്പന്മാരെയും തോല്‍പ്പിച്ചാണ് സ്കലോണിയും സംഘവും കുതിക്കുന്നത്.

2019 കോപ്പ അമേരിക്കയുടെ സെമി ഫൈനലില്‍ ബ്രസീലിനോടായിരുന്നു അര്‍ജന്‍റീനയുടെ അവസാന തോല്‍വി.ഇതിന് 2021ലെ കോപ്പ ഫൈനലില്‍ അര്‍ജന്‍റീന മറുപടി നല്‍കിയിരുന്നു. സ്വന്തം നാട്ടുകാരുടെ മുന്നില്‍ കാനറികളെ തകര്‍ത്തായിരുന്നു മെസിപ്പടയുടെ കിരീട നേട്ടം.

പിന്നീട് നടന്ന ഫൈനലിസിമയില്‍ യൂറോ കപ്പ് ജേതാക്കളായ ഇറ്റലിയെ തകർത്തും അര്‍ജന്‍റീന കുതിപ്പ് തുടര്‍ന്നു. കഴിഞ്ഞ ദിവസം ലേകകപ്പ് സന്നാഹ മത്സരത്തില്‍ യുഎഇക്കെതിരെ നേടിയ വിജയത്തോടെയാണ് തോല്‍വിയറിയാതെ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ടീമുകളുടെ പട്ടികയില്‍ അര്‍ജന്‍റീന രണ്ടാം സ്ഥാനത്തേക്ക് കയറിയത്.

Read Also:- കൊച്ചി കൂട്ടബലാത്സം​ഗം: കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും; ഒരാഴ്ചത്തേക്ക് പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യം 

80,000 ഉള്‍ക്കൊള്ളാവുന്ന ലുസൈല്‍ സ്റ്റേഡിയം ഇന്ന് നിറഞ്ഞുകവിയുമെന്ന് ഉറപ്പാണ്. ഇന്ത്യൻ സമയം വൈകിട്ട് 3.30നാണ് അർജന്റീന-സൗദി അറേബ്യ മത്സരം. തങ്ങളുടെ ആറാമത്തെ ലോകകപ്പിനാണ് അറേബ്യന്‍ സംഘം എത്തുന്നത്. രണ്ട് തവണ ലോകകപ്പില്‍ മുത്തമിട്ട ടീമാണ് അര്‍ജന്‍റീന. ഇത്തവണ ലോകകപ്പ് നേടാന്‍ ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമായ അര്‍ജന്‍റീനയെ സമനിലയില്‍ തളച്ചാല്‍ പോലും സൗദിക്ക് അത് വന്‍ നേട്ടമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button