നിലമ്പൂര്‍: സർക്കാർ ഓഫീസുകൾ ഉൾപ്പെടെ എല്ലാ പൊതു ഇടങ്ങളും ഭിന്നശേഷി സൗഹൃദമാകണമെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു. സമഗ്ര ശിക്ഷാ കേരള നിലമ്പൂർ ബി.ആർ.സിയുടെയും നാഷണൽ സർവീസ് സ്‌കീം മലപ്പുറം ഈസ്റ്റ് ജില്ലയുടെയും നേതൃത്വത്തിൽ ഭിന്നശേഷി കുട്ടികൾക്കായി നിലമ്പൂരിൽ സംഘടിപ്പിച്ച ഏകദിന ഫുട്ബോൾ പരിശീലനവും സൗഹൃദ മത്സരവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഭിന്നശേഷി വ്യക്തികൾക്ക് പ്രത്യേകിച്ചും കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകേണ്ടതുണ്ട്. ഭിന്നശേഷി കുട്ടികൾക്കായി കായിക പരിശീലനവും ഫുട്ബോൾ ഉൾപ്പെടെയുള്ള കളികളിൽ പരിശീലനവും നൽകണമെന്നും മന്ത്രി പറഞ്ഞു. നിലമ്പൂർ മാനവേദൻ സ്‌കൂളിൽ നടന്ന പരിപാടിയിൽ പി.വി അൻവർ എം.എൽ.എ അധ്യക്ഷത വഹിച്ചു.
നിലമ്പൂർ ഉപജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന 52 ഭിന്നശേഷി കുട്ടികളും നിലമ്പൂർ ഷെൽട്ടർ ഹോസ്റ്റലിലെ 8 കുട്ടികളുമാണ് പരിശീലന പരിപാടിയിൽ പങ്കെടുത്തത്. ഭിന്നശേഷി കുട്ടികളുടെ ശാരീരിക ക്ഷമത വർധിപ്പിക്കുക, സാമൂഹിക ഉൾച്ചേർക്കൽ പ്രോത്സാഹിപ്പിക്കുക, മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിന് സഹായിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പരിപാടി സംഘടിപ്പിച്ചത്. നിലമ്പൂർ നഗരസഭ അധ്യക്ഷൻ മാട്ടുമ്മൽ സലിം മുഖ്യ സന്ദേശം നൽകി. ‘ചങ്ങാതിക്കൊരു സമ്മാനം’ പദ്ധതി നാഷണൽ സർവീസ് സ്‌കീം പി.എ.സി അംഗം വി.വി രാജേഷ് ഉദ്ഘാടനം ചെയ്തു. നിലമ്പൂർ ജി.വി.എച്ച്.എസ് സ്‌കൂളിലെയും ചക്കാലകുത്ത് എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്‌കൂളിലെയും എൻ.എസ്.എസ് വളണ്ടിയർമാർ ഭിന്നശേഷി കുട്ടികൾക്ക് സമ്മാനം നൽകി ഐക്യദാർഢ്യം അറിയിച്ചു. നിലമ്പൂർ എ.ഇ.ഒ ഇ അബ്ദുൾ റസാക്ക് നിലമ്പൂർ ബി.ആർസി ടീമിന്റെ ജേഴ്സി പ്രകാശനം ചെയ്തു.
നിലമ്പൂർ നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ കക്കാടൻ റഹീം, പി.എം ബഷീർ, സ്‌കറിയ കിനാ തോപ്പിൽ, നഗരസഭ കൗൺസിലർമാരായ റെനീഷ് കുപ്പായി, റഹ്‌മത്തുള്ള ചുള്ളിയിൽ, പി.ടി.എ പ്രസിഡന്റ് ജംഷീർ അലി, എസ്.എം.സി ചെയർമാൻ ജമാൽ, സ്‌കൂൾ പ്രധാനാധ്യാപിക ക്രിസ്റ്റീന തോമസ്, നിലമ്പൂർ ബി.പി.സി എം. മനോജ് കുമാർ, ബി.ആർ.സി ജീവനക്കാർ എന്നിവർ പങ്കെടുത്തു. ബി.ആർ.സി ട്രെയിനർമാരായ എം.പി ഷീജ, എ. ജയൻ, ടി.പി രമ്യ, സ്പെഷ്യൽ എഡ്യൂക്കേറ്റർമാർ, ബി.ആർ.സിയിലെ കായിക അധ്യാപകർ എന്നിവർ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി.
നിലമ്പൂർ നഗരസഭ അധ്യക്ഷൻ മാട്ടുമ്മൽ സലിം, വിദ്യാഭ്യാസ കാര്യ സ്ഥിരം സമിതി അധ്യക്ഷൻ സ്‌കറിയ കിനാതോപ്പിൽ, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ കക്കാടൻ റഹീം എന്നിവർ ജേതാക്കൾക്കുള്ള ട്രോഫി നൽകി.
Post Your Comments