News

സ്ത്രീ അവയവങ്ങൾ ശസ്ത്രക്രിയയിലൂടെ മാറ്റിയ ശേഷം തോമസ് നാൻസിയെ വിവാഹം ചെയ്തു: കുറിപ്പ്

അഞ്ചുവർഷം ലിംഗമാറ്റ ശാസ്ത്രക്രിയ ചെയ്യാതെ ജീവിച്ച തോമസ് 2002 ൽ ആണ്

കേരളത്തിൽ ആദ്യമായി ഒരു ട്രാൻസ്‌മെൻ കുഞ്ഞിന് ജനനം നൽകിയത് വലിയ വാർത്തയായിരുന്നു. എന്നാൽ ചരിത്രത്തിന്റെ ഭാഗമായ സഹദിനും സിയയ്ക്കും നേരെ നിരവധി അധിക്ഷേപങ്ങളും ഉയർന്നു. ഇപ്പോഴിതാ അമേരിക്കൻ ട്രാൻസ് മാൻ തോമസ് ബീറ്റിയെക്കുറിച്ച് ദിപിൻ ജയദീപ് പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുന്നു.

പോസ്റ്റ്

തോമസ് ബീറ്റിയെ കുറിച്ച് കേട്ടിട്ടുണ്ടോ?
49 വയസ്സുള്ള ഒരു അമേരിക്കൻ ട്രാൻസ് മാൻ ആണ് തോമസ് ബീറ്റി. നമ്മുടെ നാട്ടിൽ ട്രാൻസ്ജെൻഡർ മനുഷ്യരെ കുറിച്ച് ചർച്ചകൾ പോയിട്ട് കേട്ടറിവ് പോലുമില്ലാത്ത കാലത്ത്, 26 കൊല്ലം മുമ്പ് തന്റെ ഇരുപത്തിമൂന്നാമത്തെ വയസ്സിൽ തന്റെ സ്വത്വം ഒരു പുരുഷന്റേതാണെന്ന് തിരിച്ചറിഞ്ഞ് ഒരു പുരുഷനായി ജീവിതം തുടങ്ങിയ വ്യക്തിയാണ് തോമസ്. അഞ്ചുവർഷം ലിംഗമാറ്റ ശാസ്ത്രക്രിയ ചെയ്യാതെ ജീവിച്ച തോമസ് 2002 ൽ ആണ്

read also: കേരളത്തിലെ ആത്മഹത്യകൾക്ക് കാരണം സർക്കാരിന്റെ തെറ്റായ നയങ്ങൾ: കെ സുരേന്ദ്രൻ

ജനനസമയത്ത് ഉണ്ടായിരുന്ന സ്ത്രീ അവയവങ്ങൾ ശസ്ത്രക്രിയയിലൂടെ മാറ്റി പരമാവധി പുരുഷനെന്ന നിലയിലുള്ള പൂർണത കൈവരിക്കാൻ ശ്രമിച്ചത്. മാനസികമായി അനുഭവപ്പെടുന്ന ലിംഗത്തിലേക്ക് ശാരീരികമായി പ്രവേശനം നേടുന്ന ഓരോ ട്രാൻസ് മനുഷ്യരും അനുഭവിക്കുന്ന സ്വാതന്ത്ര്യവും സുഖവും മറ്റുള്ളവർക്ക് ഒരിക്കലും പൂർണ്ണമായും മനസ്സിലാക്കാൻ സാധിക്കുമെന്ന് കരുതുന്നില്ല. അത്രമേൽ അസ്വസ്ഥവും ദുരിതപൂർണ്ണവും ആണ് ഉൾക്കൊള്ളാൻ സാധിക്കാത്ത ലിംഗവും കൊണ്ടുള്ള ജീവിതം. ഒരു സ്ത്രീയായി ഒരിക്കലും തന്നെ കാണാൻ കഴിയാത്ത ഒരു വ്യക്തിക്ക് ഓരോ മാസവും ആർത്തവം പോലുള്ള അവസ്ഥകൾ ഉണ്ടാകുമ്പോൾ, സമൂഹം ഒരു സ്ത്രീയായി വിരൽ ചൂണ്ടി കാണിക്കുമ്പോൾ, എത്രമാത്രം അമർഷവും ആത്മനിന്ദയും അനുഭവപ്പെടും എന്ന് ചിന്തിക്കുക. അത്തരം ദുരിതത്തിൽ നിന്നുള്ള മോചനവും ഒരു തരത്തിൽ പുനർജന്മവും ആണ് ഓരോ ട്രാൻസ്ജെൻഡർ മനുഷ്യരുടെയും ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ജീവിതം.

ശസ്ത്രക്രിയയ്ക്ക് ശേഷം തോമസ് നാൻസി എന്നൊരു സ്ത്രീയെ വിവാഹം കഴിച്ചു. ഒരു സ്ത്രീയായി ജനിച്ച സ്ത്രീയായി തന്നെ ജീവിച്ച നാൻസിക്ക് പക്ഷേ ഗർഭം ധരിക്കാനുള്ള ശാരീരിക ക്ഷമത ഉണ്ടായിരുന്നില്ല. ഒടുവിൽ ഒരു കുഞ്ഞു വേണമെന്ന തീരുമാനത്തിൽ ശരീരത്തിനുള്ളിൽ ഗർഭപാത്രം ഉണ്ടായിരുന്ന തോമസ് കൃത്രിമ ബീജസങ്കലനത്തിലൂടെ ഒരു കുഞ്ഞിനെ ഗർഭം ധരിച്ചു. പ്ലസ് ടു വിദ്യാർത്ഥി ആയിരിക്കുന്ന സമയത്ത് ഈ പത്രവാർത്ത കണ്ട് ഞാനെന്റെ സുവോളജി അധ്യാപികയോട് ആദ്യമായി ഇതേപ്പറ്റി ചോദിച്ചത് ഓർക്കുന്നു. അന്ന് മലയാളത്തിലെ ഒട്ടുമിക്ക പത്രങ്ങളിലും ഈ വാർത്ത വന്നെന്നാണ് എന്റെ ഓർമ്മ. ലോകം മുഴുവൻ ഇതൊരു വാർത്തയായിരുന്നു. ഭൂരിപക്ഷം ആളുകൾക്കും കൗതുകവും, പുതിയൊരു അറിവും ആയിരുന്നു ഈ വാർത്ത. പക്ഷെ, മതമൗലികവാദികൾക്കും ചില പിന്തിരിപ്പൻ ആളുകൾക്കും ഒക്കെ ഇത്തരം വാർത്തകൾ കാണുമ്പോൾ ഉണ്ടാകുന്ന വികാരം അന്നും ഇന്നും ഒരുപോലെയാണ്.

നമുക്കിടയിൽ ജീവിക്കുന്ന രണ്ടു മനുഷ്യർ സന്തോഷിക്കുന്നത് ഏത് രീതിയിലാണെങ്കിലും മറ്റുള്ളവർക്ക് ദോഷമില്ലാത്ത വിധത്തിലാണ് എങ്കിൽ, അവരോടൊപ്പം സന്തോഷിക്കുക എന്നതാണ് ഒരു സഹജീവി എന്ന നിലയിൽ നമുക്ക് ചെയ്യാവുന്ന ഏറ്റവും ലളിതവും സുന്ദരവുമായ കാര്യം. പകരം അവരുടെ ജീവിതത്തിലേക്ക് കടന്നു കയറി ഞങ്ങൾ പറയുന്ന രീതിയിൽ നിങ്ങൾ ജീവിക്കണം നിങ്ങളുടെ ജീവിതം നിങ്ങളുടെ താൽപര്യം ഒക്കെ തെറ്റാണ് എന്നൊക്കെ ആക്രോശിക്കുന്ന നിലപാട് മനുഷ്യന്റെ ഏറ്റവും പ്രാകൃതവും വന്യവുമായ നിലപാടാണ്. അറിവില്ലായ്മയും അറിവ് നേടാനുള്ള വിമുഖതയും ആണ് ഭൂരിപക്ഷം പിന്തിരിപ്പൻ നിലപാടുള്ള മനുഷ്യരുടെയും പ്രശ്നം. അതിന് തടസ്സമായി നിൽക്കുന്നത് മതം, ജീവിതസാഹചര്യം, ബൗദ്ധിക ക്ഷമത തുടങ്ങിയ ചില ഘടകങ്ങളാണ്. ഒരുപരിധിവരെ ഇത്തരം ആളുകളോട് സഹതാപവും പുച്ഛവും ഒക്കെ ആണെങ്കിലും, അതിരും പരിധിയും വിട്ട് തങ്ങൾക്ക് അനഭിമതരായ മനുഷ്യ സമൂഹത്തെ ഒക്കെ അപമാനിക്കാൻ വേണ്ടി തുനിഞ്ഞിറങ്ങുന്ന ഇത്തരം വൃത്തികെട്ട മനുഷ്യരോട് വിട്ടുവീഴ്ച ഇല്ലാത്ത വിധം പ്രതിഷേധമാണ് തോന്നാറുള്ളത്.

‘ ജനനസമയത്തെ ലിംഗം ‘ (Assigned gender at birth ) എന്നാണ് ഒരു മനുഷ്യക്കുഞ്ഞ് ജനിക്കുമ്പോൾ വികസിത രാജ്യങ്ങളിലൊക്കെ രേഖപ്പെടുത്തുന്നത്. അതായത് കുഞ്ഞിന്റെ ശരീരത്തിലെ ലിംഗം നോക്കി മറ്റുള്ളവർ ‘അസൈൻ’ ചെയ്യുന്നതാണ് ഈ രേഖപ്പെടുത്തിയിരിക്കുന്ന ലിംഗം എന്നാണ് അർത്ഥം. ജീവിതകാലം മുഴുവൻ ഇതേ ലിംഗത്തോട് കൂടി തുടരണമെന്ന് ഇതുകൊണ്ട് ഉദ്ദേശിക്കുന്നില്ല. ഇതേ ലിംഗത്തോടുകൂടിയാണ് ജീവിക്കുന്നതെങ്കിൽ അത് അവരുടെ ഇഷ്ടം, മറിച്ച് മറ്റൊരു ലിംഗമാണ് അവരുടെ വളർച്ചയിൽ തിരിച്ചറിയുന്നത് എങ്കിൽ അങ്ങനെ ജീവിക്കുന്നത് അവരുടെ അവകാശവും സ്വാതന്ത്ര്യവും ആണ്. ഇന്ന് നമ്മുടെ രാജ്യത്ത് അതിനുള്ള അവകാശവും സ്വാതന്ത്ര്യവും ഒക്കെയുണ്ട്. അതിന് വിഘാതം സൃഷ്ടിക്കുകയും അത്തരം മനുഷ്യരെ വിവേചന ബുദ്ധിയോടെ കാണുകയും അവരെ അനുകൂലിക്കുന്നവർക്ക് നേരെ പരിഹസിക്കുകയും ചെയ്യുന്ന മതമൗലികവാദികളുടെയും അറിവില്ലാത്ത പിന്തിരിപ്പന്മാരുടെയും കൂട്ടം കേരളത്തിൽ സജീവമാണ്.
‘ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്’ അതിന്റെ പുരുഷ മേധാവിത്വം സ്വഭാവം കൊണ്ട് കുപ്രസിദ്ധിയാർജിച്ച ഒരു പ്രസ്ഥാനമാണ്.

വനിതകളുടെ സമ്മേളന വേദിയിൽ പോലും പുരുഷന്മാരെ കൊണ്ടു നിറച്ച, വനിതാ സ്ഥാനാർത്ഥികളുടെ ചിത്രത്തിനു പകരം അവരുടെ ബന്ധുക്കളായ പുരുഷന്മാരുടെ ചിത്രം വച്ചു കൊണ്ട് ഇലക്ഷൻ പ്രചാരണം നടത്തിയ ഏതോ പുരാതന നൂറ്റാണ്ടിന്റെ തലച്ചോറ് പേറുന്ന രാഷ്ട്രീയ പാർട്ടിയാണ് അത്. അവരുടെ പാർട്ടി പത്രം എന്നറിയപ്പെടുന്ന ചന്ദ്രികയിൽ വളരെ നിലവാരം കുറഞ്ഞ രീതിയിൽ ഗർഭം ധരിച്ച ട്രാൻസ് മാനെ പറ്റി വാർത്ത കൊടുത്തത് കണ്ടിരുന്നു. അത്ഭുതം ഒന്നും തോന്നിയില്ല, കാരണം അവരെപ്പറ്റി അതിലും മനോഹരമായ ഒരു നിലവാരത്തിൽ ചിന്തിക്കുമെന്ന് പ്രതീക്ഷിച്ചിട്ടുമില്ല എന്നത് തന്നെ. ഇവരുടെ പ്രമുഖ നേതാക്കൾ അടക്കം പരസ്യമായി ഈ അടുത്തകാലത്ത് പോലും വേദികളിൽ പ്രസംഗിച്ചിരുന്നു ഭിന്ന ലൈംഗികതയെ പറ്റി വളരെ മോശമായ രീതിയിൽ. അതിനെതിരെ കേസെടുക്കാൻ പോലും നമ്മുടെ സർക്കാരിന് സാധിച്ചിട്ടില്ല. ഇപ്പോഴും പുരുഷൻ സ്ത്രീ എന്ന ബൈനറി ചിന്തയിൽ അധിഷ്ഠിതമാണ് നമ്മുടെ പൊതുബോധം. അതിൽ തന്നെ ഭൂരിപക്ഷം സമൂഹവും പുരുഷ മേധാവിത്വചിന്ത പേറുന്നവരും ആണ്. പുരുഷന്മാർ മാത്രമല്ല ഭൂരിപക്ഷം സ്ത്രീകളും പുരുഷ മേധാവിത്വചിന്തയ്ക്ക് അനുകൂലമായി നിലപാട് എടുക്കുന്നവരാണ്.

ട്രാൻസ്ജെൻഡർ മനുഷ്യരെയും ഭിന്ന ലൈംഗികതയുള്ള മനുഷ്യരെയും ദേശീയതലത്തിൽ അംഗീകരിക്കുന്ന കോൺഗ്രസ് പാർട്ടിയുടെ സംസ്ഥാന നേതാക്കൾ ആരും തന്നെ മുസ്ലിംലീഗിന്റെ ഇത്തരം വിധ്വേഷ പരാമർശങ്ങൾക്കെതിരെ മുന്നണിയിലെ കൂട്ടുകക്ഷി എന്ന നിലയിൽ യാതൊരുവിധ പ്രതികരണം പോലും നടത്തിയിട്ടില്ല എന്നതിലൂടെ ഇവിടുത്തെ രാഷ്ട്രീയ പാർട്ടികളുടെ നിലവാരമാണ് കാണിക്കുന്നത്.

മതങ്ങളെ സംബന്ധിച്ച പരാമർശങ്ങളും വിദ്വേഷ പ്രസംഗങ്ങളും ഉണ്ടായാൽ ഉടനടി പ്രമുഖ രാഷ്ട്രീയപാർട്ടിയുടെ നേതാക്കൾ ഒക്കെ പത്രസമ്മേളനം വിളിക്കുന്നു പ്രതികരിക്കുന്നു, അവിടെയൊക്കെ വോട്ട് ബാങ്കുകൾ ഉറപ്പിക്കാനുള്ള തത്രപ്പാടിലാണ് ഇവറ്റകൾ. അതിൽ പാർട്ടി വ്യത്യാസമില്ല മുന്നണി വ്യത്യാസം ഇല്ല. എന്നാൽ ന്യൂനപക്ഷമായ ട്രാൻസ് ജെൻഡർ മനുഷ്യരുടെ കാര്യത്തിലും വ്യത്യസ്ത ലൈംഗികതയുള്ള മനുഷ്യരുടെ കാര്യത്തിലും എന്തിന് മിശ്രവിവാഹിതരുടെ കാര്യത്തിൽ പോലും വായ തുറക്കില്ല ഇവറ്റകൾ. എല്ലാ പാർട്ടികളിലും ചില യുവ നേതാക്കൾ ഉണ്ട്, പലപ്പോഴും പരസ്യമായി തന്നെ രംഗത്തിറങ്ങി മനുഷ്യാവകാശങ്ങൾക്കു വേണ്ടി നിലപാട് സ്വീകരിക്കുന്നവർ. എന്നാൽ അവർ പോലും ഇത്തരം വിഷയങ്ങളിൽ മുന്നോട്ടു വരുന്നില്ല എന്നതാണ് കഷ്ടം!

സഹജീവികൾ സുഖവും സമാധാനവും അനുഭവിച്ച് ജീവിക്കട്ടെ, അങ്ങനെ ചിന്തിക്കാൻ കഴിയാത്ത വിധം അസഹിഷ്ണുതയുള്ള മനുഷ്യരുണ്ടെങ്കിൽ അവരെയാണ് ചികിത്സിക്കേണ്ടത്. അവർക്കാണ് മാനസിക പ്രശ്നങ്ങൾ ഉള്ളത്. അത്തരം ആളുകൾ നമ്മുടെയൊക്കെ കുടുംബങ്ങളിൽ ഉണ്ട്, അയൽപക്കങ്ങളിൽ ഉണ്ട് ജോലിചെയ്യുന്ന ഇടങ്ങളിൽ ഉണ്ട്. അത്തരം ആളുകളോട് സ്വീകരിക്കാവുന്ന ഏറ്റവും നല്ല സമീപനം അവരെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുക എന്നതാണ്. തർക്കത്തിനോ സംവാദത്തിനോ യാതൊരു നിലവാരവും ഇല്ലാത്ത മുടന്തൻ ന്യായങ്ങൾ ഉരുട്ടി കൊണ്ടുവരുന്ന ‘ മണ്ടശിരോമണി ‘ മതപണ്ഡിതന്മാരെയും ഇതുപോലെ തന്നെ തള്ളിക്കളയുക. അവരോടൊക്കെ ബുദ്ധിയും വിവേകവും ഉള്ളവർ സംവദിക്കാൻ പോകരുത്.

ആ രേഖ എന്റെ കയ്യിൽ ഉണ്ട് എന്ന് ശങ്കരാടി പഴയൊരു ചിത്രത്തിൽ പറഞ്ഞതുപോലെ, എല്ലാത്തിന്റെയും ഉത്തരമായി ഇവരുടെ പക്കലുള്ള രേഖ എന്താണെന്ന് നമുക്കറിയാം. അതുകൊണ്ട് കൂടുതൽ ഒന്നും പറയാതെ അവഗണിക്കുക ഇത്തരം മനുഷ്യരെ.
ചരിത്രത്തിന്റെ ഭാഗമായ സഹദിനും സിയയ്ക്കും അവരുടെ ആദ്യത്തെ കണ്മണിക്കും ആശംസകൾ… 😍😍
◾️ദിപിൻ ജയദീപ്

shortlink

Related Articles

Post Your Comments

Related Articles


Back to top button