KeralaLatest News

കത്തുന്നത് 110 ഏക്കറിനുള്ളില്‍ 74 ഏക്കറിലായി മലപോലെ കിടന്ന പ്ലാസ്റ്റിക് മാലിന്യം, വരുന്നത് മാരകമായ വിഷപുക

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീയണയ്ക്കാൻ ശ്രമം തുടരുകയാണ്. ഹെലികോപ്ടറുകളില്‍ വലിയ സംഭരണികളിലായാണ് വെള്ളമെത്തിക്കുന്നത്. കഴിഞ്ഞ നാല്‍പ്പത്തിയെട്ട് മണിക്കൂറുകളായി അഗ്‌നിബാധ തുടരുകയാണ്. നാവികസേനയുടെ കൂടുതല്‍ ഹെലികോപ്ടറുകളെത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്. അതേസമയം, പ്ലാസ്റ്റിക് വിഷപ്പുകയില്‍ മുങ്ങിയ കൊച്ചി നഗരത്തിലെ ജനങ്ങൾക്ക് സര്‍ക്കാരിന്റെ അതീവ ജാഗ്രതാനിര്‍ദ്ദേശം. പുക പടരാനുള്ള സാധ്യത കണക്കിലെടുത്ത് ബ്രഹ്‌മപുരത്തും സമീപ പ്രദേശങ്ങളിലും ആളുകള്‍ ഇന്നു വീട്ടില്‍ തന്നെ കഴിയണമെന്നു കലക്ടര്‍ ഡോ. രേണുരാജ് നിര്‍ദ്ദേശിച്ചു.

വലിയ പ്രതിസന്ധിയിലാണ് കൊച്ചി. പാലാരിവട്ടം, കല്ലൂര്‍ ഭാഗത്തേക്കും പുക അതിശക്തമായി വ്യാപിക്കുകയാണ്. ഇതോടെ ബ്രഹ്‌മപുരത്തെ പ്രതിസന്ധി അതിരൂക്ഷമാകുകയാണ്. പലര്‍ക്കും ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുന്നുണ്ട്. പ്ലാസ്റ്റിക് മാലിന്യം കത്തുമ്പോൾ പുറത്ത് വരുന്ന ഡയോക്‌സിനുകള്‍, ഫ്യുറാന്‍, പോളിക്ലോറിനേറ്റഡ് ബൈഫിനൈല്‍സ് തുടങ്ങിയ വിഷ പദാര്‍ഥങ്ങള്‍ അന്തരീക്ഷത്തില്‍ വ്യാപിക്കും. വായു, ഭക്ഷണം, വെള്ളം എന്നിവയിലൂടെ ഈ വിഷപദാര്‍ഥങ്ങള്‍ ശരീരത്തിലെത്തുകയും കാന്‍സറിനു വരെ കാരണമാകുകയും ചെയ്യും. പുക ശ്വസിക്കുന്നതിലൂടെ ശ്വാസകോശ രോഗങ്ങളുമുണ്ടാകും.

ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ജാഗ്രതയും മുന്നറിയിപ്പും നല്‍കുന്നത്. ഞായറാഴ്ചയായതിനാല്‍ അത്യാവശ്യമില്ലാത്ത കടകളും സ്ഥാപനങ്ങളും തുറക്കരുത്. ആരോഗ്യപ്രശ്‌നങ്ങള്‍ക്കു സാധ്യതയുള്ളതിനാല്‍ സജ്ജമായിരിക്കാന്‍ ആശുപത്രികള്‍ക്കു നിര്‍ദ്ദേശം നല്‍കി. ബ്രഹ്‌മപുരത്ത് ഓക്‌സിജന്‍ കിയോസ്‌ക് തുറക്കും. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് മലിനീകരണത്തിന്റെ പേരില്‍ ഇത്ര കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. അപ്രഖ്യാപിത ലോക്ഡൗണിലേക്കാണ് കൊച്ചി നീങ്ങുന്നത്.110 ഏക്കര്‍ സ്ഥലത്ത് 74 ഏക്കറിലായി മലപോലെ കിടന്നിരുന്ന പ്ലാസ്റ്റിക് മാലിന്യമാണു കത്തിയത്. തീയിട്ടതാണോ എന്നതുള്‍പ്പെടെ അന്വേഷിക്കാന്‍ സിറ്റി പൊലീസ് കമ്മിഷണറോടു ചീഫ് സെക്രട്ടറി നിര്‍ദ്ദേശിച്ചു

shortlink

Post Your Comments


Back to top button