Life Style

വേനലില്‍ കുട്ടികള്‍ക്ക് വീട്ടില്‍ തന്നെ തയ്യാറാക്കി കൊടുക്കാം ഈ അഞ്ച് തരം സ്മൂത്തികള്‍

 

വേനല്‍ ഇക്കുറി വന്നെത്തിയത് തന്നെ കൊടിയ ചൂടുമായിട്ടാണ്. തുടര്‍ന്നുള്ള മാസങ്ങള്‍ എത്രമാത്രം പൊള്ളുന്ന വേനലിന്റേതായിരിക്കുമെന്ന സൂചന ഇപ്പോള്‍ തന്നെ ലഭ്യമാണ്. മിക്കവരും പകല്‍സമയത്തെ ചായ- കാപ്പി കുടിയെല്ലാം ഉപേക്ഷിച്ച് ലൈം ജ്യൂസ്, മറ്റ് ജ്യൂസുകള്‍, കരിക്ക് എന്നിങ്ങനെയുള്ള പാനീയങ്ങളിലേക്ക് മാറിക്കഴിഞ്ഞിട്ടുണ്ട്.

കഴിവതും വീട്ടില്‍ തന്നെ ഇത്തരം പാനീയങ്ങള്‍ തയ്യാറാക്കാവുന്നതാണ്. കടയില്‍ നിന്ന് കിട്ടുന്നതിന് സമാനമായി അതേ രുചിയിലോ അതിലേക്കാളേറെ രുചിയിലോ നമുക്ക് വളരെ എളുപ്പത്തില്‍ ഇവയെല്ലാം തയ്യാറാക്കാവുന്നതേയുള്ളൂ. ഇത്തരത്തില്‍ വേനലില്‍ കുട്ടികള്‍ക്ക് വീട്ടില്‍ തന്നെ തയ്യാറാക്കി കൊടുക്കാവുന്ന അഞ്ച് തരം സ്മൂത്തികള്‍ ആണിനി പരിചയപ്പെടുത്തുന്നത്. ഒരേസമയം വേനലിന്റെ ക്ഷീണമകറ്റാന്‍ ഉപയോഗപ്പെടുമെന്നതിന് പുറമെ ഏറെ രുചികരവും ഒപ്പം ‘ഹെല്‍ത്തി’യുമാണ് ഈ പാനീയങ്ങളെല്ലാം.

സ്‌ട്രോബെറി – കോക്കനട്ട് ചിയ സ്മൂത്തി…

പേരില്‍ സൂചിപ്പിക്കുന്നത് പോലെ തന്നെ സ്‌ട്രോബെറിയാണ് ഇതിലൊരു ചേരുവ. ഇതിന് പുറമെ തേങ്ങാപ്പാല്‍, ഓട്ട്‌സ്, ചിയ സീഡ്‌സ്, അല്‍പം സ്വീറ്റ്‌നര്‍ എന്നിവയാണിതില്‍ ചേര്‍ക്കേണ്ടത്. ഓട്ട്‌സ് ബ്ലെന്‍ഡ് ചെയ്താണ് ചേര്‍ക്കേണ്ടത്. അതുപോലെ എല്ലാ ചേരുവകളും നന്നായി അരച്ച് ഒരുപോലെ ചേര്‍ന്നുവരണം. കട്ടിക്ക് അനുസരിച്ച് വെള്ളവും ചേര്‍ക്കാം. മധുരവും ആവശ്യത്തിന് ആകാം.

ചെറി- ബനാന സ്മൂത്തി…

കുട്ടികള്‍ക്ക് ഒരുപാടിഷ്ടപ്പെടുന്ന ഒന്നാണ് ചെറി. ചെറിയും നേന്ത്രപ്പഴവും ചേര്‍ത്ത് തയ്യാറാക്കുന്നൊരു സ്മൂത്തിയാണിനി പരിചയപ്പെടുത്തുന്നത്. ചെറിയും നേന്ത്രപ്പഴവും ക്രീമി- ഗ്രീക്ക് യോഗര്‍ട്ട് ചേര്‍ത്താണ് ഈ സ്മൂത്തി തയ്യാറാക്കേണ്ടത്.

ബനാന-വനില സ്മൂത്തി…

നേന്ത്രപ്പഴമാണ് ഇതിലെ പ്രധാന ചേരുവയായി വരുന്നത്. നേന്ത്രപ്പഴവും വനില യോഗര്‍ട്ടും, തേനും, വനില എസന്‍സും ചേര്‍ത്താണ് ഈ സ്മൂത്തി തയ്യാറാക്കേണ്ടത്. തീര്‍ച്ചയായും കുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന രുചിയാണിതിന്.

തണ്ണിമത്തന്‍- മിന്റ് സ്മൂത്തി…

വേനലാകുമ്പോള്‍ ഏറ്റവുമധികം ഡിമാന്‍ഡ് വരുന്നൊരു പഴമാണ് തണ്ണിമത്തന്‍. ഇത് വെറുതെ മുറിച്ച് കഴിക്കുകയോ ജ്യൂസടിക്കുകയോ ചെയ്യുന്നതിന് പകരം കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ സ്മൂത്തിയായി തയ്യാറാക്കാവുന്നതാണ്. തണ്ണിമത്തനും (നന്നായി തണുപ്പിച്ചത്) വനില യോഗര്‍ട്ടും പുതിനയിലയും (മിന്റ്) ചേര്‍ത്താണ് ഈ സ്മൂത്തി തയ്യാറാക്കേണ്ടത്. കുട്ടികള്‍ക്ക് ഇഷ്ടമാകും വിധം ഓരോ ചേരുവയും അളവനുസരിച്ച് ചേര്‍ക്കാം.

മാമ്പഴം -ഐസ്‌ക്രീം സ്മൂത്തി…

ഇത് മാമ്പഴ സീസണാണ്. പല തരത്തിലുള്ള മാമ്പഴങ്ങള്‍ മാര്‍ക്കറ്റുകളിലും സുലഭമാണിപ്പോള്‍. മാമ്പഴവും ഐസ്‌ക്രീമും ചേര്‍ത്ത് തയ്യാറാക്കുന്ന ഒരു സ്മൂത്തിയുണ്ട്. മാമ്പഴം തൊലി കളഞ്ഞ് കഷ്ണങ്ങളാക്കിയത് ഐസ്‌ക്രീമും ചേര്‍ത്ത് അടിച്ചെടുത്താല്‍ മാത്രം മതി. വെള്ളവും മധുരവും ആവശ്യമെങ്കില്‍ അതിന് അനുസരിച്ച് ചേര്‍ക്കുക.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button