Life Style

വേനലിനൊപ്പം ചിക്കന്‍പോക്‌സും പടര്‍ന്ന് പിടിക്കുന്നു, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍…

 

ചൂട് ക്രമാതീതമായി കൂടിയതോടെ സംസ്ഥാനത്ത് ചിക്കന്‍പോക്സ് രോഗികളുടെ എണ്ണവും വര്‍ധിക്കുകയാണ്. ജനുവരി മുതല്‍ കാസര്‍ഗോഡ് ജില്ലയില്‍ 469 പേര്‍ക്ക് രോഗം പിടിപെട്ടതായാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്. മാര്‍ച്ച് മാസത്തില്‍ മാത്രം 84 പേര്‍ ചികിത്സതേടി. ചിക്കന്‍പോക്‌സ് വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടത് വളരെ പ്രധാനമാണ്.

വേനല്‍ക്കാലത്ത് അന്തരീക്ഷ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ പ്രധാനമായി ശ്രദ്ധിക്കേണ്ട അസുഖമാണ് ചിക്കന്‍പോക്‌സ്. അതിവേഗം പടരുന്ന രോഗമാണ് ചിക്കന്‍പോക്‌സ്. ‘വേരിസെല്ല സോസ്റ്റര്‍’ എന്ന വൈറസാണ് ചിക്കന്‍പോക്സ് പടര്‍ത്തുന്നത്. ഗര്‍ഭിണികള്‍, എയ്ഡ്സ് രോഗികള്‍, പ്രമേഹ രോഗികള്‍, നവജാത ശിശുക്കള്‍, അര്‍ബുദം ബാധിച്ചവര്‍, ഹോസ്റ്റലുകളിലും മറ്റും കൂട്ടത്തോടെ ഒരുമിച്ച് താമസിക്കുന്നവര്‍ തുടങ്ങിയവര്‍ ചിക്കന്‍പോക്‌സിനെ കൂടുതല്‍ ജാഗ്രതയോടെ നോക്കി കാണുക.

രോഗിയുടെ വായില്‍നിന്നും മൂക്കില്‍നിന്നും ഉള്ള സ്രവങ്ങളാണ് പ്രധാനമായും രോഗം പരത്തുക. കൂടാതെ സ്പര്‍ശനം മൂലവും ചുമയ്ക്കുമ്പോള്‍ പുറത്തുവരുന്ന ജലകണങ്ങള്‍ വഴിയും രോഗം പടരും. കുമിളകള്‍ പ്രത്യക്ഷപ്പെടുന്നതിന് രണ്ടുദിവസം മുമ്പ് മുതല്‍ കുമിള പൊന്തി 6-10 ദിവസംവരെയും രോഗം പരത്തും.ശരീരത്തില്‍ കുമിളകള്‍ പൊന്തിത്തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പുതൊട്ട് 58 ദിവസംവരെ അണുക്കള്‍ പകരാനുള്ള സാധ്യതയുണ്ട്. സാധാരണഗതിയില്‍ ഒരിക്കല്‍ രോഗം ബാധിച്ചാല്‍ ജീവിതകാലം മുഴുവന്‍ ഈ രോഗം വരാതെയിരിക്കാം. എന്നാല്‍ ചിലരില്‍ വീണ്ടും രോഗം വരാറുണ്ട്.

ആദ്യം ചെറിയ കുരുവായും പിന്നീട് അത് ഒരു തരം ദ്രാവകം നിറഞ്ഞ കുമിളകാളായും മാറുന്നു. പലരിലും ചിക്കന്‍പോക്‌സ് വരുന്നത് വ്യത്യസ്ഥമായിട്ടായിരിക്കും. ഇക്കാരണത്താല്‍ തന്നെ ചിക്കന്‍പോക്‌സിന് പൊതുവായ ഒരു സ്വഭാവം പറയാന്‍ കഴിയില്ല. രോഗത്തെ ആദ്യ അവസരങ്ങളില്‍ മനസിലാക്കാന്‍ കഴിയാതെ പോകുന്നത് രോഗത്തിന്റെ തീവ്രത വര്‍ധിപ്പിക്കുന്നു.

പ്രധാന ലക്ഷണങ്ങള്‍…

1. ശരീരവേദന, കഠിനമായ ക്ഷീണം, പനി, നടുവേദന തുടങ്ങിയ കാണപ്പെടാം. കുമിളകള്‍ പൊങ്ങുന്നതിന് മുമ്പുള്ള ഒന്നോ രണ്ടോ ദിവസമാണിത് കൂടുതലും കാണുന്നത് .

2. തൊലിപ്പുറത്ത് ചുവപ്പ് അല്ലെങ്കില്‍ പിങ്ക് നിറത്തിലുള്ള കുമിളകള്‍ ആണ് രോഗബാധയുടെ പ്രധാന ലക്ഷണം. തുടക്കത്തില്‍ മുഖത്തും പുറത്തും നെഞ്ചിലുമായിരിക്കും കുമിളകള്‍ പ്രത്യക്ഷപ്പെടുക. പിന്നീടത് ശരീരമാസകലം ബാധിക്കാം.

3. പനിക്കൊപ്പം ഛര്‍ദ്ദി, തലവേദന, തലകറക്കം, വിശപ്പില്ലായ്മ, ശരീരത്തില്‍ അസഹനീയ ചൊറിച്ചില്‍ തുടങ്ങിയവയും ചിക്കന്‍ പോക്‌സിന്റെ മറ്റ് ലക്ഷണങ്ങളാകാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍…

1. ഇളം ചൂടുവെള്ളത്തില്‍ ദിവസവും കുളിക്കുക.
2. ശരീരത്തില്‍ ഉണ്ടാകുന്ന കുമിളകള്‍ തൊടുകയോ പൊട്ടിക്കുകയോ ചെയ്യരുത്.
3. രോഗം തുടങ്ങി ആദ്യ ദിനം മുതല്‍ കൃത്യമായ വിശ്രമ രീതി സ്വീകരിക്കണം.
4. എളുപ്പത്തില്‍ പകരുന്ന രോഗമായത് കൊണ്ട് രോഗികള്‍ കുട്ടികള്‍, ഗര്‍ഭിണികള്‍, വൃദ്ധര്‍ എന്നിവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക.
5. കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.
6. എണ്ണ, എരിവ്,പുളി തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുക.
7. കുളിക്കുന്ന വെള്ളത്തില്‍ ആരിവേപ്പില ഇട്ട് തിളപ്പിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button