മാനന്തവാടി: ഓടിക്കൊണ്ടിരിക്കുന്ന കെ.എസ്.ആര്‍.ടി.സി ബസ്സിന്റെ ബ്രേക്ക് പോയതോടെ മനോധൈര്യം കൈവിടാതെ ബസ് റോഡരികിലേക്ക് ഇടിച്ചുനിര്‍ത്തി ഡ്രൈവര്‍ ഒഴിവാക്കിയത് വന്‍ അപകടം. കഴിഞ്ഞ ദിവസം ഉച്ചയോടെ നിറയെ യാത്രക്കാരുമായി മാനന്തവാടിയില്‍ നിന്നും കല്‍പ്പറ്റയിലേക്ക് സര്‍വീസ് നടത്തുകായായിരുന്ന ബസിന്റെ ബ്രേക്ക് ആണ് തകരാറിലായത്.
ഡ്രൈവര്‍ ഗണേശ് ബാബുവിന്റെ സമയോചിത ഇടപെടലാണ് വന്‍ദുരന്തമൊഴിവാക്കിയത്. ബ്രേക്കിംഗ് സംവിധാനം തകരാറിലായി വാഹനം തന്റെ നിയന്ത്രണത്തില്‍ നിന്ന് വിട്ടു പോകുന്നതായി ശ്രദ്ധയില്‍പ്പെട്ട ഉടനെ ഗണേഷ് പാതക്ക് അരികിലുള്ള മണ്‍കൂനയിലേക്ക് ബസ് ഇടിച്ച് നിര്‍ത്തുകയായിരുന്നു.
കല്‍പ്പറ്റയിലേക്കുള്ള യാത്രാമധ്യേ ആറാം മൈല്‍ മൊക്കത്ത് വെച്ചായിരുന്നു സംഭവം. പുനരുദ്ധാരണ പ്രവൃത്തികള്‍ നടക്കുന്ന സംസ്ഥാന പാതയിലെ മൊക്കത്ത് നിന്നും പോകവെ റോഡിലെ കുഴിയില്‍ ചാടാതിരിക്കാന്‍ ബ്രേക്ക് ചവിട്ടിയപ്പോഴാണ് ബ്രേക്ക് സംവിധാനം നഷ്ടമായ കാര്യം ഗണേശ് ബാബു അറിയുന്നത്. തൊട്ടു മുന്നില്‍ കുത്തനെയുള്ള ഇറക്കമാണ്.
ഇറക്കത്തിലേക്ക് പ്രവേശിച്ചാല്‍ അപകടം ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു. നിറയെ യാത്രക്കാര്‍ ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കൊന്നുമില്ല. തുടര്‍ന്ന് യാത്രക്കാരെ മറ്റു വാഹനങ്ങളില്‍ കയറ്റി വിടുകയായിരുന്നു.
Post Your Comments