Latest NewsIndia

മൃതദേഹത്തിന്റെ വിരലടയാളം എടുത്ത് വിൽപ്പത്രം തയ്യാറാക്കി: വീഡിയോ വൈറലായതോടെ പരാതിയുമായി ബന്ധുക്കൾ

ന്യൂഡൽഹി: മരിച്ച സ്ത്രീയുടെ വിരലടയാളം ചില പേപ്പറുകളിൽ പകർത്തുന്ന ബന്ധുക്കളുടെ വിഡിയോ വൈറൽ ആയിരുന്നു. വ്യാജ വിൽപത്രത്തിലാണ് സ്ത്രീയുടെ വിരലടയാളം പകർത്തിയതെന്നാണ് വിവരം. 2021ലെ വിഡിയോയാണ് പുറത്തുവന്നതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മരിച്ച സ്ത്രീയുടെ ബന്ധുവായ ജിതേന്ദ്ര ശർമ പൊലീസിൽ പരാതി നൽകി. ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം. കമലാ ദേവി എന്ന തന്റെ ബന്ധു 2021 മേയ് 8 നാണ് മരിച്ചതെന്ന് ജിതേന്ദ്ര പറഞ്ഞു.

അവരുടെ ഭർത്താവ് നേരത്തെ മരിച്ചിരുന്നു. ദമ്പതികൾക്ക് മക്കളില്ല. കമലയുടെ മരണത്തിനു പിന്നാലെ അവരുടെ ഭർത്താവിന്റെ സഹോദരന്റെ മകൻ ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന വഴി വാഹനം നിർത്തി അവരുടെ വിരലടയാളം ഒരു അഭിഭാഷകൻ മുഖേന വ്യാജ വിൽപത്രത്തിൽ ശേഖരിക്കുകയായിരുന്നു. ഈ വിൽപത്രത്തിൽ അടിസ്ഥാനത്തിൽ അവർ കമലാ ദേവിയുടെ വീടും കടയും ഉൾപ്പെടെയുള്ള സ്വത്ത് കൈക്കലാക്കിയെന്നും ജിതേന്ദ്ര പറഞ്ഞു.

കമലാ ദേവി സാധാരണയായി ഒപ്പിടാറാണ് പതിവ്. വിരലടയാളം കണ്ടപ്പഴേ വിൽപത്രത്തെ കുറിച്ച് സംശയം തോന്നിയിരുന്നെന്നും അദ്ദേഹം അറിയിച്ചു. ഈ വിഡിയോ കണ്ടതോടെ സംശയം സത്യമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനു കൂട്ടുനിന്ന അഭിഭാഷകന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

45 സെക്കൻഡുള്ള വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. കാറിന്റെ പിൻസീറ്റിൽ കിടക്കുന്ന മൃതദേഹത്തിനരികിൽ എത്തി ഒരു അഭിഭാഷകൻ കുറേ പേപ്പറുകളിൽ വിരലടയാളം ശേഖരിക്കുന്നതാണ് വിഡിയോയിൽ കാണുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ആഗ്ര പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button