Latest NewsIndia

യുപി തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പ്രിയങ്കയെ വരുന്ന തെരഞ്ഞെടുപ്പുകളിൽ താര പ്രചാരകയാക്കാൻ കോൺഗ്രസ്

ഈ വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, തെലങ്കാന എന്നിവിടങ്ങളിൽ കോൺഗ്രസിന്റെ താരപ്രചാരകയായി മുന്നിൽ നിൽക്കും.

ന്യൂഡൽഹി: എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ​ഗാന്ധി ദേശീയ തലത്തിൽ കൂടുതൽ ചുമതലകൾ ഏറ്റെടുക്കുമെന്ന് റിപ്പോർട്ട്. ഇതിന്റെ ഭാ​ഗമായി ഉത്തർപ്രദേശിന്റെ ചുമതല പ്രിയങ്ക ​ഗാന്ധി ഒഴിയും. പ്രിയങ്കയെ പോലൊരു നേതാവിനെ ഉത്തർപ്രദേശിന്റെ മാത്രം ചുമതലയിൽ ഒതുക്കി നിർത്തേണ്ടതില്ലെന്നാണ് പാർട്ടി തീരുമാനം.

ഉത്തർപ്രദേശിൽ കോൺ​ഗ്രസിന്റെ സംഘടനാ സംവിധാനങ്ങൾ ദുർബലമാണ്. അതേസമയം, ഈ വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നാല് സംസ്ഥാനങ്ങളിൽ പാർട്ടി സംവിധാനങ്ങളെ കൂടുതൽ ശക്തമാക്കുക എന്നതാകും പ്രിയങ്കയുടെ ചുമതല. അടുത്ത വർഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് പാർട്ടിയെ സജ്ജമാക്കാനും പ്രിയങ്കയുടെ സാന്നിധ്യം രാജ്യമാകെ ​ഗുണം ചെയ്യുമെന്നും കോൺ​ഗ്രസ് കണക്കുകൂട്ടുന്നു.

ഈ വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, തെലങ്കാന എന്നിവിടങ്ങളിൽ കോൺഗ്രസിന്റെ താരപ്രചാരകയായി മുന്നിൽ നിൽക്കും. വരും മാസങ്ങളിൽ ഭാരത് ജോഡോ പദയാത്രയുടെ രണ്ടാം ഘട്ടത്തിലേക്കു രാഹുൽ കടക്കുമ്പോൾ തിരഞ്ഞെടുപ്പ്, സംഘടനാ പ്രവർത്തനങ്ങളിൽ പ്രിയങ്ക ശ്രദ്ധ കേന്ദ്രീകരിക്കും. രാജ്യത്ത് അധികാരത്തിൽ തിരിച്ചുവരാനായി സാധ്യമായതെല്ലാം ചെയ്യുക എന്ന ലക്ഷ്യത്തിലാണ് കോൺ​ഗ്രസ് നേതൃത്വം ഇപ്പോൾ ശ്രദ്ധകേന്ദ്രീകരിക്കുന്നത്.

തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കു മേൽനോട്ടം വഹിക്കാൻ പാർട്ടി ദേശീയതലത്തിൽ രൂപീകരിക്കുന്ന സമിതിയുടെ ചുമതല പ്രിയങ്കയ്ക്കു നൽകിയേക്കും. സോണിയ ഗാന്ധി സജീവ രാഷ്ട്രീയത്തിൽ നിന്നൊഴിഞ്ഞ സാഹചര്യത്തിൽ സ്ത്രീ വോട്ടർമാരെ കേന്ദ്രീകരിച്ചുള്ള കോൺഗ്രസ് പ്രചാരണത്തിന്റെ മുഖമായി പ്രിയങ്കയെ ഉയർത്തിക്കാട്ടും. ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ത്രീ വോട്ടർമാരെ ലക്ഷ്യമിട്ട് ഒട്ടേറെ വാഗ്ദാനങ്ങൾ കോൺഗ്രസ് തയാറാക്കുന്നുണ്ട്. ഇതിൽ പ്രിയങ്കയുടെ സജീവ ഇടപെടലുണ്ട്.

അടുത്തിടെ കോൺഗ്രസ് വിജയിച്ച ഹിമാചൽ, കർണാടക നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്രചാരണരംഗത്തെ പ്രിയങ്കയുടെ സജീവ സാന്നിധ്യം പാർട്ടിക്കു ഗുണം ചെയ്തിരുന്നു. അതിനാൽ, രാഹുൽ ഗാന്ധിയെ പോലെ കോൺഗ്രസിന്റെ കരുത്തുറ്റ പ്രചാരകയായ പ്രിയങ്കയുടെ സേവനം തിരഞ്ഞെടുപ്പ് നടക്കുന്ന എല്ലായിടത്തും ഉപയോഗിക്കാനാണു പാർട്ടി തീരുമാനം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button