Latest NewsIndia

അറസ്റ്റിലായ തമിഴ്‌നാട് മന്ത്രിയുടെ നില ഗുരുതരം,ഹൃദയത്തിൽ 3 ബ്ലോക്ക്: അടിയന്തര ഹൃദയ ശസ്ത്രക്രിയ വേണമെന്ന് ആശുപത്രി

ചെന്നൈ: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്ത തമിഴ്നാട് വൈദ്യുതി-എക്‌സൈസ് വകുപ്പ് മന്ത്രി സെന്തിൽ ബാലാജിയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കുമെന്ന് ആശുപത്രി. ആൻജിയോഗ്രാം ടെസ്റ്റിൽ ​മൂന്നു ബ്ലോക്കുകൾ കണ്ടതിനെ തുടർന്നാണ് ഡോക്ടർമാർ അടിയന്തര ബെെപ്പാസ് ശസ്ത്രക്രിയ നിർദ്ദേശിച്ചത്. ഓമന്തുരാർ സർക്കാർ മൾട്ടി സ്പെഷാലിറ്റി ഹോസ്പിറ്ററിലാണ് മന്ത്രി ചികിത്സയിൽ കഴിയുന്നത്. ബ്ലോക്കുകൾ കണ്ടെത്തിയ സാഹചര്യത്തിൽ മന്ത്രിയെ അടിയന്തര ബൈപാസ് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു.

അറസ്റ്റിനെതിരെ ഡിഎംകെ പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണു മന്ത്രിയുടെ ആരോഗ്യനില ഗുരുതരമാണെന്ന അറിയിപ്പ് ഉണ്ടായത്. അതിനിടെ, ഇഡി അറസ്റ്റ് ചെയ്ത സെന്തിൽ ബാലാജിയെ കാണാനില്ലെന്ന പരാതിയുമായി ഭാര്യ രംഗത്തെത്തി. അവർ ഹേബിയസ് കോർപസ് ഹർജിയും ഫയൽ ചെയ്തു. ജോലി വാഗ്ദാനം ചെയ്തു പണം തട്ടിച്ചെന്ന കേസിലാണ് തമിഴ്നാട് വൈദ്യുതി – എക്സൈസ് വകുപ്പു മന്ത്രി വി.സെന്തിൽ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തത്. 18 മണിക്കൂറോളം ചോദ്യം ചെയ്തതിനു ശേഷമായിരുന്നു അറസ്റ്റ്. ഇതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ഇതുമായി ബന്ധപ്പെട്ടു നാടകീയ സംഭവങ്ങളാണ് ആശുപത്രിയിൽ ഉണ്ടായത്. ആശുപത്രിയിൽ എത്തിച്ച മന്ത്രി പൊട്ടിക്കരയുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. അനുയായികളുടെ പ്രതിഷേധങ്ങൾക്കിടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ആശുപത്രിക്കു പുറത്ത് ഉൾപ്പെടെ കേന്ദ്രസേനയുടെ കാവലും ഏർപ്പെടുത്തി.അതേസമയം, ചോദ്യം ചെയ്യലിനിടെ ഇഡി ഉദ്യോഗസ്ഥർ മന്ത്രിയെ മർദ്ദിച്ചെന്ന ആരോപണവുമായി ഡിഎംകെ രംഗത്തുണ്ട്. മന്ത്രിയുടെ ചെവിക്കു സമീപം നീരുണ്ടെന്നും ഇത് മർദ്ദനത്തിൽ സംഭവിച്ചതാണെന്നുമാണ് ഡിഎംകെയുടെ വാദം.

മാത്രമല്ല, അദ്ദേഹം അബോധാവസ്ഥയിലാണെന്നും അവർ പറയുന്നു. മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, മന്ത്രിമാരായ ശേഖർ ബാബു, ഉദയനിധി സ്റ്റാലിൻ, എം.സുബ്രഹ്മണ്യൻ, ഇ.വി.വേലു തുടങ്ങിയവർ ആശുപത്രിയിലെത്തി സെന്തിൽ ബാലാജിയെ സന്ദർശിച്ചു. മുഖ്യമന്ത്രിയുമായി സംസാരിക്കുന്ന സെന്തിലിന്റെ ചിത്രം പുറത്ത് വന്നിട്ടുണ്ട്. ഇ.ഡി നടപടിയിൽ പ്രതിഷേധിച്ച് ആശുപത്രിക്ക് പുറത്ത് ഡി.എം.കെ പ്രവർത്തകർ തടിച്ചുകൂടിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button