Latest NewsIndia

സെന്തില്‍ ബാലാജി സത്യം വെളിപ്പെടുത്തിയാൽ സ്‌റ്റാലിനും കുടുങ്ങും, അതാണിത്ര ഭയം: സ്റ്റാലിനെ പരിഹസിച്ച്‌ അണ്ണാ ഡി.എം.കെ

ചെന്നൈ: എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ അറസ്‌റ്റ്‌ ചെയ്‌ത മന്ത്രി സെന്തില്‍ വി. ബാലാജിയെ മുഖ്യമന്ത്രി എം.കെ. സ്‌റ്റാലിന്‍ ചെന്നൈയിലെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചതിനെ പരിഹസിച്ച്‌ അണ്ണാ ഡി.എം.കെ.
എന്‍ഫോഴ്‌സ്‌മെന്റ്‌ ഡിപ്പാര്‍ട്ട്‌മെന്റിനോട്‌ എന്തെങ്കിലും വിവരങ്ങള്‍ വെളിപ്പെടുത്തുമെന്ന ഭയത്താലാണ്‌ മുഖ്യമന്ത്രി സ്‌റ്റാലിന്‍ സെന്തില്‍ ബാലാജിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചതെന്ന്‌ അണ്ണാ ഡി.എം.കെ. ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമി പറഞ്ഞു. മുഖ്യമന്ത്രി മാത്രമല്ല അദ്ദേഹത്തിന്റെ മന്ത്രിമാരും ഇതുമൂലം പരിഭ്രാന്തിയിലാണ്‌. ബാലാജി സത്യം വെളിപ്പെടുത്തിയാല്‍ സ്‌റ്റാലിന്റെ രാഷ്‌ട്രീയ ജീവിതത്തെ ബാധിക്കും. അതാണ് ഗവർണർ പറഞ്ഞിട്ടും വകുപ്പില്ല മന്ത്രിയായി ബാലാജിയെ വെച്ചിരിക്കുന്നതെന്നും പളനിസ്വാമി പറഞ്ഞു.

എ.ഐ.എ.ഡി.എം.കെ. പ്രവര്‍ത്തകരെ ഒന്നും ചെയ്യാന്‍ നിങ്ങള്‍ക്കു കഴിയില്ലെന്നും പളനിസ്വാമി പറഞ്ഞു. അതേസമയം, അറസ്റ്റിലായ തമിഴ്‌നാട് മന്ത്രി വി സെന്തിൽ ബാലാജി സംസ്ഥാന കാബിനറ്റ് മന്ത്രിയായി തുടരും എന്നാൽ ഒരു വകുപ്പും വഹിക്കില്ലെന്ന് തമിഴ്‌നാട് സർക്കാർ വെള്ളിയാഴ്ച അറിയിച്ചു. ബാലാജി മന്ത്രിയായി തുടരുന്നതിനോട് ഗവർണർ ആർഎൻ രവിയുടെ എതിർപ്പ് അവഗണിച്ചാണ് തീരുമാനം.

ക്രിമിനൽ നടപടികൾ നേരിടുന്ന ബാലാജി മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ തുടരുന്നതിനെ ഗവർണർ ആർഎൻ രവി എതിർത്തതെന്ന് രാജ്ഭവൻ പ്രസ്താവനയിൽ പറയുന്നു. സെന്തിൽ ബാലാജിയുടെ വകുപ്പുകൾ പുനഃക്രമീകരിക്കാൻ അദ്ദേഹം സമ്മതിച്ചെങ്കിലും മന്ത്രിയായി തുടരുന്നതിനോട് ഗവർണർ വിയോജിപ്പ് പ്രകടിപ്പിച്ചു.

ബാലാജിയുടെ വൈദ്യുതി വകുപ്പ് ധനമന്ത്രി തങ്കം തെന്നരസുവിനും പ്രൊഹിബിഷൻ ആൻഡ് എക്‌സൈസ് വകുപ്പ് ഭവന, നഗരവികസന മന്ത്രി മുത്തുസാമിക്കും നൽകിയതായി തമിഴ്‌നാട് സർക്കാർ അറിയിച്ചു. തെന്നറാവുവും മുത്തുസാമിയും നിലവിലുള്ള വകുപ്പുകൾക്ക് പുറമെ പുതിയ പോർട്ട്ഫോളിയോകളും വഹിക്കും. ജോലി നല്‍കാന്‍ കൈക്കൂലി വാങ്ങിയെന്ന കേസില്‍ തമിഴ്‌നാട്‌ വൈദ്യുതി-എക്‌സൈസ്‌ മന്ത്രി വി. സെന്തില്‍ ബാലാജിയെ ബുധനാഴ്‌ചയാണ്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. 18 മണിക്കൂറോളം ചോദ്യംചെയ്‌തതിനുശേഷമായിരുന്നു മന്ത്രിയുടെ അറസ്‌റ്റ്‌.

ഇതിനു പിന്നാലെ നെഞ്ചുവേദനയെത്തുടര്‍ന്ന്‌ കുഴഞ്ഞുവീണ മന്ത്രിക്ക്‌ അടിയന്തര ബൈപാസ്‌ സര്‍ജറി വേണമെന്ന്‌ ഡോക്‌ടര്‍മാര്‍ നിര്‍ദേശിച്ചു. ആശുപത്രിയില്‍ കഴിയുന്ന മന്ത്രിയെ ജൂണ്‍ 28 വരെ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ റിമാന്‍ഡ്‌ ചെയ്‌തു. ബൈപാസ്‌ സര്‍ജറിക്കായി മന്ത്രിയെ ഇന്നലെ ചെന്നൈയിലെ കാവേരി ആശുപത്രിയിലേക്കു മാറ്റി.
അതേസമയം, മന്ത്രി സെന്തില്‍ ബാലാജിയുടെ സഹോദരനും ഇ.ഡി. നോട്ടീസ്‌ അയച്ചു. മന്ത്രി അറസ്റ്റിലായ കേസിലാണ്‌ സഹോദരന്‍ അശോക്‌ കുമാറിനും സമന്‍സ്‌ അയച്ചിരിക്കുന്നത്‌. കോഴ സംഭവത്തില്‍ അശോക്‌ കുമാറും ഗുണഭോക്‌താവാണെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ നോട്ടീസ്‌. സര്‍ക്കാര്‍ ജോലി വാഗ്‌ദാനം ചെയ്‌ത്‌ അശോക്‌ കുമാര്‍ കൈക്കൂലി വാങ്ങുന്നതായി നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു.

അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച്‌ വിരട്ടാനാണു ശ്രമമെങ്കില്‍ അതിന്റെ പ്രത്യാഘാതം ബി.ജെ.പിക്കു താങ്ങാനാവില്ലെന്നു കഴിഞ്ഞ ദിവസം മുഖ്യമന്ത്രി എം.കെ. സ്‌റ്റാലിന്‍ മുന്നറിയിപ്പ്‌ നല്‍കിയിരുന്നു. ഇ.ഡിയെ ഉപയോഗിച്ച്‌ ഭയപ്പെടുത്താമെന്നു ബി.ജെ.പി. കരുതിയെങ്കില്‍ തെറ്റിപ്പോയി. ഡി.എം.കെ. പ്രവര്‍ത്തകരെ പ്രകോപിപ്പിക്കരുത്‌. എല്ലാ രാഷ്‌ട്രീയവും ഞങ്ങള്‍ക്കറിയാം. ‘നാന്‍ തിരുപ്പിയടിച്ചാല്‍ ഉങ്കളാല്‍ താങ്കമുടിയാത്‌’ (ഞാന്‍ തിരിച്ചടിച്ചാല്‍ നിങ്ങള്‍ താങ്ങില്ല) എന്ന മുന്‍മുഖ്യമന്ത്രി എം. കരുണാനിധിയുടെ വാക്കുകള്‍ ഓര്‍മിപ്പിച്ചാണു മകന്‍ സ്‌റ്റാലിന്റെ താക്കീത്‌. ഡി.എം.കെയുടെ പോരാട്ടചരിത്രമറിയില്ലെങ്കില്‍ ഡല്‍ഹിയിലെ മുതിര്‍ന്നനേതാക്കളോടു ചോദിച്ചാല്‍ മതിയെന്നും സ്‌റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button