KeralaLatest NewsNews

സ്ത്രീ വിരുദ്ധ കണ്ടന്റ്: വ്ളോഗര്‍മാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ

തിരുവനന്തപുരം: സ്ത്രീ വിരുദ്ധവും സാമൂഹ്യ വിരുദ്ധവുമായ കണ്ടന്റുകള്‍ ചെയ്യുന്ന വ്ളോഗര്‍മാര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ. വീഡിയോ പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കങ്ങളെ സംബന്ധിച്ചും, കുട്ടികളുടെ സോഷ്യല്‍മീഡിയ ഉപയോഗത്തെ സംബന്ധിച്ചും മാനദണ്ഡങ്ങള്‍ കൊണ്ടുവരണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

Read Also: അവിവാഹിത എന്ന ലേബലില്‍ മുറുകെ പിടിച്ച് എസ്എഫ്ഐ മുന്‍ നേതാവ് വിദ്യ

മൊബൈല്‍ ഫോണില്‍ യാതൊരു നിയന്ത്രണവുമില്ലാതെ ഏത് തരം വീഡിയോകളും ലഭിക്കുകയാണ്. ഏത് വിധേനയും ജനശ്രദ്ധ നേടുക, എന്ത് ചെയ്തും പ്രശസ്തിയും പണവും നേടുക എന്നതുമാണ് ഇത്തരം കണ്ടന്റുകള്‍ക്ക് പിന്നില്‍. സ്ത്രീ വിരുദ്ധതയും തെറി വിളിയും അശ്ലീല പദപ്രയോഗങ്ങളുമായി പേരെടുത്ത ഒരാളുടെ അഭിമുഖങ്ങള്‍ നടത്തുന്നവരും, ഉദ്ഘാടനത്തിന് കൊണ്ടുവരുന്നവരും എന്ത് തരം സന്ദേശമാണ് പൊതു സമൂഹത്തിന് നല്‍കുന്നതെന്ന് ആലോചിക്കണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.

പ്രസ്താവനയുടെ പൂര്‍ണരൂപം:

‘സോഷ്യല്‍ മീഡിയ കണ്ടന്റ് ക്രിയേറ്റിംഗ് മേഖലയില്‍ മാനദണ്ഡങ്ങള്‍ കൊണ്ട് വരണമെന്നും സാമൂഹ്യ വിരുദ്ധവും സ്ത്രീ വിരുദ്ധവുമായ വീഡിയോകള്‍ ചെയ്യുന്നവര്‍ക്കെതിരെ നിയമ നടപടി കൈക്കൊള്ളണമെന്നും DYFI സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. സമീപ കാലത്ത് സോഷ്യല്‍ മീഡിയ വീഡിയോ പ്ലാറ്റ്ഫോമുകളുടെ വളര്‍ച്ച ദൃശ്യ മാധ്യമ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളാണ് ഉണ്ടാക്കി കൊണ്ടിരിക്കുന്നത്. യൂ ട്യൂബ് പോലുള്ള വീഡിയോ അധിഷ്ഠിത പ്ലാറ്റ്ഫോമുകളില്‍ കൂടി നിരവധി കണ്ടന്റ് ക്രിയേറ്റര്‍മാര്‍ ലോക ശ്രദ്ധയിലേക്ക് വരികയും വ്യത്യസ്തമായ അഭിരുചികളും കഴിവുകളും പ്രകാശിപ്പിച്ച് പ്രേക്ഷക പ്രീതി നേടുകയും സെലിബ്രിറ്റി സ്റ്റാറ്റസ് കൈവരിക്കുകയും ചെയ്തിട്ടുണ്ട്.’

‘ഗുണപരമായ പല മാറ്റങ്ങളും നില നില്‍ക്കുമ്പോള്‍ തന്നെ മറ്റൊരു വിഭാഗം വളരെ പിന്തിരിപ്പനും അരാഷ്ട്രീയവും, സ്ത്രീ – ദളിത് വിരുദ്ധവും, ആധുനിക മൂല്യങ്ങള്‍ക്കെതിരെ പൊതു ബോധം നിര്‍മ്മിക്കുന്നതുമായ വീഡിയോകള്‍ ഉല്‍പ്പാദിപ്പിക്കുകയാണ്. ചിന്താ ശേഷിയില്ലാത്ത കുറേപേര്‍ ഇതിനെ പിന്തുണക്കുകയും ചെയ്യുന്നു. നിര്‍ഭാഗ്യവശാല്‍ ഇത്തരക്കാര്‍ക്ക് പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരാണ് ഫോളോവര്‍മാരാവുന്നത് എന്നത് വിഷയത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പൊതുജന ശ്രദ്ധയില്‍ പെട്ട ‘തൊപ്പി’ എന്നറിയപ്പെടുന്ന യൂ ട്യൂബര്‍ ചെയ്യുന്ന വീഡിയോകളുടെ ഉള്ളടക്കം ഇത്തരത്തില്‍ പെട്ടതാണ്.”

‘തീര്‍ത്തും സ്ത്രീ വിരുദ്ധവും, അശ്ലീല പദ പ്രയോഗങ്ങളും, തെറി വിളികളും അടങ്ങുന്ന വീഡിയോകള്‍ക്ക് സമൂഹത്തില്‍ സ്വാഭാവികമായും ആ നിലയിലുള്ള കാഴ്ചക്കാരെ ലഭിക്കും. എന്നാല്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ള പുതു തലമുറ ആവശ്യമായ നവ മാധ്യമ വിദ്യാഭ്യാസം പോലും ലഭിക്കാതെ ഇത്തരം വീഡിയോകളുടെ ആരാധകരാകുകയാണ്. യൂ ട്യൂബ് അടക്കമുള്ള സോഷ്യല്‍ മീഡിയകള്‍ ഉപയോഗിക്കാന്‍ പ്രായ പരിധിയുള്ള രാജ്യമാണ് നമ്മളുടേത്. പ്രായ പൂര്‍ത്തിയാവാത്ത കുട്ടികള്‍ കാണേണ്ട ഉള്ളടക്കമുള്ള വീഡിയോകള്‍ക്ക് ‘യൂ ട്യൂബ് കിഡ്സ്’ എന്ന മറ്റൊരു വിഭാഗം പോലുമുണ്ട്. എന്നാല്‍ ആവശ്യത്തിന് സാങ്കേതിക വിദ്യാഭ്യാസമില്ലാത്ത മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികള്‍ ഏത് തരം വീഡിയോകളാണ് കാണുന്നതെന്നും, ഗാഡ്ജറ്റുകള്‍ കുട്ടികള്‍ ഏത് നിലയിലാണ് ഉപയോഗിക്കുന്നത് എന്നതിനെ കുറിച്ചും ധാരണയില്ലാത്തവരാണ്. ‘

‘സിനിമകളുടെ ഉള്ളടക്കം പരിഗണിച്ച് പ്രേഷകര്‍ക്ക് കാണാവുന്ന പ്രായത്തിനനുസരിച്ച് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന നാട്ടില്‍ കൈയ്യിലെ മൊബൈല്‍ ഫോണില്‍ യാതൊരു നിയന്ത്രണവുമില്ലാതെ ഏത് തരം വീഡിയോകളും ലഭിക്കുകയാണ്. ഏത് വിധേനയും ജന ശ്രദ്ധ നേടുക, എന്ത് ചെയ്തും പ്രശസ്തിയും പണവും നേടുക എന്നതുമാണ് ഇത്തരം കണ്ടന്റുകള്‍ക്ക് പിന്നില്‍. സ്ത്രീ വിരുദ്ധതയും തെറി വിളിയും അശ്ലീല പദ പ്രയോഗങ്ങളുമായി പേരെടുത്ത ഒരാളുടെ അഭിമുഖങ്ങള്‍ നടത്തുന്നവരും, അയാളെ ഉദ്ഘാടനത്തിന് കൊണ്ടുവരുന്നവരുമൊക്കെ എന്ത് തരം സന്ദേശമാണ് പൊതു സമൂഹത്തിന് നല്‍കുന്നതെന്ന് ആലോചിക്കണം. യൂ ട്യൂബ് അടങ്ങുന്ന വീഡിയോ പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കങ്ങളെ സംബന്ധിച്ചും, കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തെ സംബന്ധിച്ചും മാനദണ്ഡങ്ങള്‍ കൊണ്ട് വരണം. സ്ത്രീ വിരുദ്ധവും സാമൂഹ്യ വിരുദ്ധവുമായ കണ്ടന്റുകള്‍ ചെയ്യുന്ന വ്ളോഗര്‍മാര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ കൈ കൊള്ളണം.’

shortlink

Related Articles

Post Your Comments

Related Articles


Back to top button