മലപ്പുറം: അബദ്ധത്തില്‍ കിണറ്റില്‍ വീണ മകളെ രക്ഷിക്കാനായി 61കാരിയായ മാതാവും ചാടി. തുടർന്ന്, കിണറ്റില്‍ നിന്നും കയറാനാവാതെ കുടുങ്ങിയ ഇരുവരെയും അഗ്നിരക്ഷാ സേനയെത്തിയാണ് രക്ഷപ്പെടുത്തിയത്. മഞ്ചേരി വേട്ടേക്കോട് 32-ാം വാര്‍ഡില്‍ ജഗദീഷ് ചന്ദ്രബോസിന്റെ ഉടമസ്ഥതയിലുള്ള കിണറ്റിലേക്കാണ് 30 കാരിയായ നിഷ അബദ്ധത്തില്‍ വീണത്.
വെള്ളിയാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം നടന്നത്. 40 അടി താഴ്ചയും അഞ്ചടിയോളം വെള്ളവുമുള്ള കിണറ്റിലേക്ക് മകള്‍ വീഴുന്നതു കണ്ട മാതാവ് ഉഷ പിന്നാലെ ചാടുകയായിരുന്നു. തിരികെ കയറാനാവാതെ കിണറ്റില്‍ കുടുങ്ങിയ അമ്മയെയും മകളെയും നാട്ടുകാര്‍ കര കയറ്റാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടർന്ന്, നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന്, മഞ്ചേരി ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി.
ഇരുവരെയും സ്റ്റേഷന്‍ ഓഫീസര്‍ പ്രദീപ് പാമ്പലത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷിച്ചത്. റെസ്‌ക്യൂ നെറ്റിന്റെ സഹായത്തോടെ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ കെ സി കൃഷ്ണകുമാര്‍ കിണറ്റിലിറങ്ങി ഇരുവരെയും മുകളിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന്, അമ്മയെയും മകളെയും ഫയര്‍ഫോഴ്‌സ് ആംബുലന്‍സില്‍ തന്നെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Post Your Comments