Latest NewsKeralaIndia

കുന്നത്തുനാട് മണ്ഡലവുമായി ബന്ധപ്പെട്ട് പറഞ്ഞാൽ എങ്ങനെ എസ്‌സി-എസ്‌ടി ആക്ട് പ്രകാരം കേസ് വരും? ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്

മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയയ്‌ക്കെതിരെ എസ്‌സി എസ്‌ടി ആക്ട് പ്രകാരം ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച സംഭവത്തിൽ ഷാജൻ സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ ചീഫ് ജസ്റ്റിസ് നടത്തിയത് വളരെ ശ്രദ്ധേയമായ നിരീക്ഷണങ്ങളാണ്. പട്ടിക ജാതിക്കാരനായ ഒരാൾ കടം വാങ്ങിയ പണം തിരിച്ചു കൊടുക്കുന്നില്ലെന്നു വിചാരിക്കുക; കടം നൽകിയ ആൾ അദ്ദേഹത്തെ വഞ്ചകൻ എന്നു വിളിക്കുന്നു, അത് എങ്ങനെ എസ്‌സി എസ്‌ടി വകുപ്പു പ്രകാരമുള്ള കുറ്റമാകുമെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് വാദങ്ങൾക്കിടെ നിരീക്ഷിച്ചു. കോടതിയിൽ നടന്ന സംഭവങ്ങൾ മുതിർന്ന മാധ്യമ പ്രവർത്തകൻ ബാലഗോപാൽ ബി നായർ ഫേസ്‌ബുക്കിലൂടെ പങ്കുവെച്ചു.

പോസ്റ്റിന്റെ പൂർണ്ണ രൂപം:

“അഭിപ്രായങ്ങളോട് വിയോജിക്കുന്നുവെങ്കിൽ പാഠം പഠിപ്പിക്കണമോ? ജയിലിലേക്ക് അയക്കുന്നത് കടുത്ത ഉത്തരം ആയിരിക്കും” ഷാജൻ സ്‌കറിയയുടെ അറസ്റ്റ് തടഞ്ഞ് കൊണ്ട് സുപ്രീം കോടതി.

ഷാജൻ സ്കറിയ കേസിൽ ഇന്ന് സുപ്രീം കോടതിയിൽ നടന്നത്
കേസ് നമ്പർ 36. ബെഞ്ച് :

ചീഫ് ജസ്റ്റിസ്‌ ചന്ദ്രചൂഡ്, ജസ്റ്റിസ്‌ നരസിംഹ.
ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് : (സിദ്ധാർഥ് ലൂതറയോട്) ലൂതറ അങ്ങ് ആർക്ക് വേണ്ടിയാണ് ഹാജരാകുന്നത്.
സിദ്ധാർഥ് ലൂതറ : ഞാനും, സിദ്ധാർഥ് ദാവെയും ഹർജിക്കാരന് വേണ്ടിയാണ് ഹാജരാകുന്നത്.

ചീഫ് ജസ്റ്റിസ് : (ശ്രീനിജിന് വേണ്ടി ഹാജരാകുന്ന വി. ഗിരിയോട്) : മിസ്റ്റർ ഗിരി, ഈ കേസിന്റെ സ്വഭാവം നോക്കൂ.
ഗിരി : ആ പരാമർശങ്ങൾ നോക്കൂ. എത്ര അപകീർത്തികരം ആണ്. മനഃപൂർവ്വും അപമാനിക്കാൻ ലക്ഷ്യമിട്ട് കൊണ്ടുള്ളതാണ്.
ചീഫ് ജസ്റ്റിസ് : ഗിരി പറയുന്നത് ശരിയാണ്. അതിനോട് യോജിക്കുന്നു. പരാമർശം തികച്ചും അപകീർത്തികരം തന്നെയാണ്. പക്ഷേ ഇതിന് SC / ST ആക്ട് പ്രകാരം എങ്ങനെ ആണ് കേസ് എടുക്കാൻ കഴിയുന്നത്? പരാതിക്കാരനെ കുറിച്ച്, അദ്ദേഹത്തിന്റെ ഭാര്യ പിതാവിനെ കുറിച്ച്, ജുഡീഷ്യറിയെ കുറിച്ച് പറഞ്ഞതൊക്കെ അപകീർത്തികരം ആണ്. എന്നാൽ അതൊക്കെ SC / ST ആക്ട് പ്രകാരം ഉള്ള കുറ്റം എങ്ങനെ ആകും? അത് ശരിയായ ഒരു രീതിയല്ല.

വി ഗിരി : മനഃപൂർവ്വും അപമാനിക്കാനും, മാനഹാനി വരുത്തുന്നതിനും ആണ് ലക്ഷ്യമെങ്കിൽ SC / ST ആക്ട് പ്രകാരം ഉള്ള കുറ്റം നിലനിൽക്കും.
ചീഫ് ജസ്റ്റിസ് : അത് എങ്ങനെ നിലനിൽക്കും. ഉദാഹരണത്തിന് SC / ST വിഭാഗത്തിൽ പെട്ട ഒരു വ്യക്തിയും മറ്റൊരു വ്യക്തിയും തമ്മിൽ 25 ലക്ഷത്തത്തിന്റെ കരാറിൽ ഏർപ്പെടുന്നു. കരാർ പ്രകാരം ഉള്ള പണം നൽകാത്തതിന് SC / ST വിഭാഗത്തിൽ പെട്ട വ്യക്തിയെ ചതിയൻ എന്ന് വിളിച്ചാൽ ഈ വകുപ്പ് പ്രകാരം കേസ് എടുക്കാൻ കഴിയുമോ? അതിൽ എവിടെയാണ് ജാതി അധിക്ഷേപം? 47 ആമത്തെ പേജ് വായിക്കൂ. ഞാൻ അതിന്റെ തർജ്ജിമ വായിച്ചു. SC/ ST ആക്ട് പ്രകാരം ഉളള കുറ്റം നിലനിൽക്കുന്ന ഒന്നും എനിക്ക് അതിൽ കാണാൻ കഴിഞ്ഞില്ല.

ചീഫ് ജസ്റ്റിസ് : പരാതിക്കാരൻ (ശ്രീനിജിൻ) SC / ST വിഭാഗത്തിൽ പെട്ട വ്യക്തി ആണെന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല. പരാതിക്കാരന് എതിരെയോ, അദ്ദേഹത്തിന്റെ ഭാര്യ പിതാവിന് എതിരെയോ എന്തെങ്കിലും ആരോപണം ഉന്നയിച്ചു എന്ന് കരുതി SC / ST ആക്ട് പ്രകാരം കേസ് എടുക്കാൻ കഴിയുമോ? ഈ പരാമർശങ്ങൾ ഒക്കെ അപകീർത്തികരം ആണ്. അതിനെ നിയമപരമായി നേരിടാൻ മറ്റ് പല വഴികളും ഉണ്ട്.
വി ഗിരി : മലയാളത്തിൽ പറഞ്ഞത് ഇംഗ്ലീഷിലേക്ക് തർജ്ജിമ ചെയ്യുമ്പോൾ അതിന്റെ ഗൗരവ സ്വഭാവം പലപ്പോഴും നഷ്ട്ടപെടാറുണ്ട്. ( ഷാജൻ സ്കറിയയുടെ പരാമർശങ്ങൾ ഗിരി വായിക്കുന്നു)

ചീഫ് ജസ്റ്റിസ് : ആരോപണങ്ങൾ colorful ആയിരിക്കാം. അദ്ദേഹം പറഞ്ഞതിനോട് വിജയോജിക്കുന്നു എന്ന കാരണത്താൽ പാഠം പഠിപ്പിക്കണം എന്ന് ഉണ്ടോ? അദ്ദേഹം പറഞ്ഞതിനോട് പൂർണ്ണമായും വിയോജിക്കുന്നു. പക്ഷേ അതിന് ജയിലിലേക്ക് അയക്കുന്നത് കടുത്ത ഉത്തരമായിരിക്കും.
വി ഗിരി : അദ്ദേഹം നിരന്തരം ഇങ്ങനെ ആരോപണങ്ങൾ പറഞ്ഞ് കൊണ്ട് ഇരിക്കുക ആണ്. ആരെങ്കിലും പൂച്ചക്ക് മണി കെട്ടേണ്ട?

ജസ്റ്റിസ് പി എസ് നരസിംഹ : അദ്ദേഹത്തിന്റെ പരാമര്ശങ്ങളോട് ഞങ്ങൾ പൂർണ്ണമായും വിയോജിക്കുന്നു. പക്ഷേ SC / ST ആക്ട് പ്രകാരം കേസ് എടുക്കേണ്ട പരാമർശങ്ങൾ ഏതാണ്?
ഷാജൻ നടത്തിയ പരാമർശങ്ങൾ വി ഗിരി വായിക്കുന്നു .
വി ഗിരി : ജില്ലാ സ്പോർട്സ് കൗൺസിലും ആയി ബന്ധപ്പെട്ട വിഷയത്തിൽ കുന്നത്ത്നാട് മണ്ഡലത്തിലെ എംഎൽഎ എന്ന് അഭിസംബോധന ചെയ്ത് കൊണ്ടാണ് ശ്രീനിജിന് എതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. കുന്നത്ത്നാട് മണ്ഡലം സംവരണ മണ്ഡലം ആണ്. കഴിഞ്ഞ 20 വർഷമായി സംവരണ വിഭാഗത്തിൽ പെട്ടവരാണ് അവിടെ നിന്നുള്ള ജന പ്രതിനിധികൾ. ഇത് എല്ലാവർക്കും അറിയാവുന്നത് ആണ്.

ചീഫ് ജസ്റ്റിസ് : ആ മണ്ഡലവും ആയി ബന്ധപ്പെട്ട് പറഞ്ഞാൽ എങ്ങനെ SC/ ST ആക്ട് പ്രകാരം കേസ് വരും?
വി ഗിരി : ജില്ലാ സ്പോർട്സ് കൗൺസിലും ആയി ബന്ധപ്പെട്ട വിഷയത്തിൽ കുന്നത്ത്നാട് മണ്ഡലത്തിലെ MLA എന്ന് പറഞ്ഞതിന് ലക്ഷ്യമുണ്ട്. അല്ലെങ്കിൽ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എന്ന് വിശേഷിപ്പിച്ച് കൊണ്ട് ആരോപണം ഉന്നയിക്കാമായിരുന്നു.
ജസ്റ്റിസ് നരസിംഹ : ഞങ്ങൾ നിങ്ങൾ പറഞ്ഞതിനോട് പൂർണ്ണമായും യോജിക്കുന്നു. അതിൽ ജാതിയെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലല്ലോ.
വി ഗിരി : കുന്നത്ത്നാടിനെ കുറിച്ച് പറഞ്ഞത് ജാതിയും ആയി ബന്ധപ്പെട്ടതാണ്.

ജസ്റ്റിസ് നരസിംഹ : വേറെ എന്തെങ്കിലും ഉണ്ടോ?
ചീഫ് ജസ്റ്റിസ് ഉത്തരവ് ഇറക്കുന്നു : കേസിലെ എതിർ കക്ഷികൾക്ക് നോട്ടീസ്. രണ്ടാം എതിർകക്ഷി നൽകിയ പരാതിയിൽ ഹർജിക്കാരന്റെ അറസ്റ്റ് സ്റ്റേ ചെയ്യുന്നു. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെയാണ് അറസ്റ്റിനു സ്റ്റേ
ചീഫ് ജസ്റ്റിസ് : ഹൈക്കോടതി വളരെ ശക്തമായ ഉത്തരവാണ് പുറപ്പടിവിച്ചത്. അത് കൊണ്ട് രണ്ട് തവണയാണ് ആ ഉത്തരവ് വായിച്ചത്.
അറസ്റ്റ് സ്റ്റേ ചെയ്യുന്നതിനെ വി ഗിരി വീണ്ടും എതിർക്കുന്നു.
ചീഫ് ജസ്റ്റിസ് : ഹർജിക്കാരൻ മുതിർന്ന ജേർണലിസ്റ്റ് ആണ്.

വി ഗിരി : അദ്ദേഹത്തത്തിന് ഒരു യൂ ട്യൂബ് ചാനൽ മാത്രമാണ് ഉള്ളത്.
ചീഫ് ജസ്റ്റിസ് : ക്രിമിനൽ നിയമങ്ങളിൽ മറ്റൊരാളുടെ സ്വാതന്ത്ര്യം കൂടി കണക്കിലെടുത്ത് മാത്രമാണ് തീരുമാനം എടുക്കേണ്ടത്.
വി ഗിരി : പക്ഷേ മറ്റുള്ളവർക്ക് എതിരെ അദ്ദേഹം നിരന്തരം ഇത്തരം അപകീർത്തികരമായ ആരോപണങ്ങൾ ഉന്നയിക്കുക ആണ്. വേറെ ജോലി ഒന്നും ഇല്ലാതിരിക്കുമ്പോൾ ഞാൻ ചിലപ്പോൾ ഇത് കേൾക്കാറുണ്ട്. പക്ഷേ ആരോപണങ്ങൾ നേരിടുന്നവരുടെ പക്ഷത്ത് നിന്ന് നോക്കുമ്പോൾ അതിൽ വലിയ പ്രശനങ്ങൾ ഉണ്ട്.

ചീഫ് ജസ്റ്റിസ് : തീർച്ചയായും. പക്ഷേ അപകീർത്തികരമായ പരാമർശങ്ങൾ നേരിടാൻ നിയമപരമായ മറ്റ് വഴികൾ ഉണ്ട്. (സിദ്ധാർഥ് ലൂതറയോട്) നിങ്ങളുടെ കക്ഷിയോട് പറയണം എല്ലായിപ്പോഴും സംവാദത്തിന്റെ തലം ഉണ്ടായിരിക്കണം. അദ്ദേഹത്തിന് സംരക്ഷണം നൽകുമ്പോൾ ബെഞ്ചിന് അങ്ങനെ ഒരു അഭിപ്രായം ഉള്ളതായി പറയണം
സിദ്ധാർഥ് ലൂതറ ( ഷാജന്റെ അഭിഭാഷകൻ) : തീര്ച്ചയായും. ആവശ്യമായ കൗൺസിലിംഗ് നൽകാം. പക്ഷേ ഇത്തരം പരാമർശങ്ങൾക്ക് SC / ST ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്യുന്നത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് ആണ്.
*******************
ഷാജൻ സ്കറിയക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ സിദ്ധാർഥ് ദാവെയും, സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ രഞ്ജിത്ത് കുമാറും, കാര്യമായി എന്തെങ്കിലും കോടതിയിൽ പറഞ്ഞത് കേട്ടില്ല. വീഡിയോ കോൺഫെറൻസിലൂടെ കേട്ടത് കൊണ്ട് ചില ഭാഗങ്ങൾ വ്യക്തവും അല്ലായിരുന്നു.
രാവിലെ എഴുതിയ പോസ്റ്റിൽ ഷാജൻ സ്കറിയക്ക് വേണ്ടി സിദ്ധാർഥ് ലൂതറയും, ദുഷ്യന്ത് ദാവെയും ഹാജരാകും എന്ന് കേൾക്കുന്നതായി ഞാൻ എഴുതിയിരുന്നു. മറുനാടൻ മലയാളിയിൽ വായിച്ച വാർത്തയുടെ അടിസ്ഥാനത്തിൽ ആയിരുന്നു ഞാൻ അങ്ങനെ എഴുതിയിരുന്നത്. എന്നാൽ യഥാർത്ഥത്തിൽ ദുഷ്യന്ത് ദാവെ അല്ല ഹാജരായത്. സിദ്ധാർഥ് ദാവെ ആയിരുന്നു.
തയ്യാറാക്കിയത്
ബി. ബാലഗോപാൽ
മാതൃഭൂമി ന്യൂസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button