Latest NewsArticleNews

കർക്കിടക മാസത്തിൽ ഔഷധകഞ്ഞി കഴിക്കുന്നത് എന്തിന്?

ജ്യോതിഷ പ്രകാരം സൂര്യൻ കര്‍ക്കടക രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് കര്‍ക്കടക മാസം. പഞ്ഞമാസം, രാമായണമാസം എന്നീ പേരുകളിലും കര്‍ക്കടക മാസം അറിയപ്പെടുന്നുണ്ട്.

കാർഷിക മേഖലയെ സംബന്ധിച്ചിടത്തോളം വരുമാനമൊന്നുമില്ലാത്ത കാലമായതിനാൽ ആണ് “പഞ്ഞമാസം” എന്ന് വിളിക്കപ്പെടുന്നത്. ഹൈന്ദവ കുടുംബങ്ങളിലും ക്ഷേത്രങ്ങളിലും നടത്തിവരുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന രാമായണം വായന ഈ മാസമാണ് നടത്താറുള്ളത്. അതോടൊപ്പം ചിലർ വ്രതമെടുക്കുന്നു. അതിനാൽ, കർക്കടകത്തിനെ രാമായണമാസം എന്നും അറിയപ്പെടുന്നു.

തൃപ്രയാർ ശ്രീരാമസ്വാമിക്ഷേത്രം കേന്ദ്രീകരിച്ചു നടക്കുന്ന പ്രസിദ്ധമായ ‘നാലമ്പലദർശനം’ എന്ന തീർത്ഥാടനം ഈ മാസത്തിലാണ് നടക്കാറുള്ളത്. പണ്ട് കാലത്ത് സ്ത്രീകൾ ദശപുഷ്പം ചൂടിയിരുന്നതും ഈ കാലത്താണ്. മലയാളികൾ ശരീരപുഷ്ടിക്കും ആയുരാരോഗ്യ വർദ്ധനവിനുമായി ഔഷധകഞ്ഞി കഴിക്കുന്നതും ആയുർവേദ/ നാട്ടുവൈദ്യ വിധിപ്രകാരം ‘സുഖചികിത്സ’ നടത്തുന്നതും കർക്കടകത്തിലാണ്.

കർക്കടക മാസത്തിൽ ആരോഗ്യ പരിപാലനത്തിനായി കർക്കടകക്കഞ്ഞി കുടിക്കുന്നത് ഇന്ന് ഒരു വലിയ വിപണി തന്നെ ആയിട്ടുണ്ട്. മുക്കുറ്റി, പൂവാം കുറുന്തില, കറുക, നിലപ്പന, കുറുന്തോട്ടി, തുളസി മുതലായ ഔഷധമൂല്യമുള്ള ചെടികളും ഞവരനെല്ലു, മുതിര തുടങ്ങിയ ധാന്യങ്ങളും കർക്കടകക്കഞ്ഞി തയ്യാറാക്കുവാൻ ഉപയോഗിക്കുന്നു. പല ആയുർ‌വ്വേദ കേന്ദ്രങ്ങളും കർക്കടകത്തിൽ ‘എണ്ണത്തോണി’ മുതലായ പ്രത്യേക സുഖചികിൽസയും ഇന്ന് ഒരുക്കുന്നുണ്ട്.

വളരെയധികം പ്രത്യേകതകള്‍ നിറഞ്ഞ മാസം കൂടിയാണ് കര്‍ക്കടകം. മനുഷ്യ ശരീരത്തിൽ ദഹനപ്രക്രിയ കുറവുള്ള മാസമാണിത്. ആയതിനാൽ മത്സ്യമാംസാദികളും ദഹനപ്രക്രിയ നടക്കാത്ത ആഹാരങ്ങളും ഈ സമയത്ത് ഒഴിവാക്കുക. കർക്കടകത്തിൽ എണ്ണതേച്ചുള്ള രണ്ട് നേരത്തെ കുളി വളരെ പ്രാധാന്യമേറിയതാണ്. അരി ആഹാരം ഉപേക്ഷിച്ച് ഗോതമ്പോ പഴവർഗ്ഗങ്ങളോ കഴിക്കുക. നിങ്ങൾക്ക് കഴിയുന്ന ദിവസങ്ങളിൽ വ്രതം അനുഷ്ഠിക്കുന്നതും ഫലപ്രദമാണ്.

കേരളത്തിലെ പരമ്പരാഗത ചികിത്സാവിധിപ്രകാരം ആരോഗ്യപരിപാലനത്തിനായി തയാറാക്കുന്ന ഔഷധക്കൂട്ടാണ് ഔഷധകഞ്ഞി അഥവാ കര്‍ക്കിടകകഞ്ഞി. രോഗപ്രതിരോധ ശേഷി കൂട്ടുന്നതിനും മഴക്കാലത്തോടെ മന്ദഗതിയിലാകുന്ന ദഹനപ്രക്രിയ സുഗമമായി നടക്കുന്നതിനും സഹായിക്കുന്ന ഒന്നാണ് ഔഷധകഞ്ഞി. കര്‍ക്കിടകമാസത്തില്‍ ഏറ്റവും പ്രചാരം ഔഷധകഞ്ഞിയ്ക്കാണ്.

Read Also : പിടിച്ചു വച്ച ഭൂമി വിട്ടുകൊടുക്കാത്തവന്‍ ആണ് ഗുണ്ടായിസം കാട്ടി നാട്ടുകാരെ നിയമം പഠിപ്പിക്കാന്‍ ഇറങ്ങിയിരിക്കുന്നത്

മഴക്കാലത്ത് പൊതുവെ ‘അഗ്‌നിദീപ്തി’ കുറവായതിനാല്‍ വലിച്ചുവാരി ഭക്ഷണം കഴിക്കുന്നത് ദഹനമില്ലായ്മ ഉണ്ടാക്കുകയും പലവിധ അസുഖങ്ങള്‍ക്കു വഴിവെയ്ക്കുകയും ചെയ്യും. അതൊഴിവാക്കാന്‍ ദഹിക്കാന്‍ എളുപ്പമുള്ളതും പോഷക ഗുണമുള്ളതുമായ ഔഷധകഞ്ഞി കുടിക്കുന്നത് നല്ലതാണ്.

പൊടിയരി, നവരയരി എന്നിവയെല്ലാം കഞ്ഞിവെയ്ക്കാന്‍ ഉപയോഗിക്കാം. എന്നിരുന്നാലും, തവിട് കളയാതെയുള്ള അരി ഉപയോഗിക്കുന്നത് ശരീരത്തിനു ബലം കൂട്ടാന്‍ സഹായിക്കും. വാതദോഷത്തെ ശമിപ്പിക്കുന്ന പൊടിമരുന്നുകളായ ചുക്ക്, കുരുമുളക്, തിപലി, ജീരകം, അയമോദകം, ഉലുവ എന്നിവ ചേര്‍ക്കുന്നത് അത്യുത്തമമാണ്.

ഇത് ശരീരത്തിന്‍റെ പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുന്നു. കര്‍ക്കിടക കഞ്ഞിയില്‍ ചേര്‍ക്കുന്ന ചേരുവ അനുസരിച്ച് അതിന്‍റെ ഔഷധഗുണവും വ്യത്യാസപ്പെടുന്നു.

രാവിലെയോ വൈകിട്ടോ ഏതെങ്കിലും ഒരു നേരം ഇത് കഴിക്കുന്നതാണ് നല്ലത്. ഔഷധകഞ്ഞി കുടിക്കുന്നവര്‍ മത്സ്യമാംസാദികള്‍ പൂര്‍ണമായും ഒഴിവാക്കണം.

കര്‍ക്കടക മാസത്തിൽ ശ്രീരാമപട്ടാഭിഷേക ചിത്രത്തിനു മുമ്പിൽ നിത്യവും രണ്ട് മുതൽ ഏഴ് വരെ തിരികളിട്ട് നെയ്യോ വെളിച്ചെണ്ണയോ ഉപയോഗിച്ച് ദീപം തെളിയിച്ച് വടക്കോട്ട് ഇരുന്ന് രാമായണ പാരായണം നടത്തുക. കൂടാതെ, ഏറെ പുണ്യകരമായ ഒരു പ്രവര്‍ത്തിയാണ് നാലമ്പല ദര്‍ശനം. ദശരഥപുത്രന്മാരായ ശ്രീരാമൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ എന്നിവരുടെ ക്ഷേത്രങ്ങളിൽ ദര്‍ശനം നടത്തുന്നതിനെയാണ് നാലമ്പല ദര്‍ശനം എന്ന് പറയപ്പെടുന്നത്. നാല് ക്ഷേത്രങ്ങളിലും ഒറ്റ ദിവസം കൊണ്ട് ദര്‍ശനം നടത്തുന്നതിലൂടെ ദുരിതത്തിൽ നിന്നും രോഗപീഡകളിൽ നിന്നും രക്ഷ നേടാനാകുമെന്നാണ് വിശ്വാസം.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button