KeralaLatest NewsIndia

തൃശൂർ റെയിൽവേസ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് 16കാരിയെ തട്ടിക്കൊണ്ടുപോയി, ജീവനക്കാർ പ്രാണരക്ഷാർത്ഥം ഓടിരക്ഷപ്പെട്ടു

തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പതിനാറുകാരിയെ തട്ടിക്കൊണ്ടു പോയത് ഒളിച്ചോടിയതാണെന്ന് സൂചന. ഇവർ സ്റ്റേഷനിൽ മണിക്കൂറുകളായി കറങ്ങുന്നതു ബുധൻ പുലർച്ചെ 4 മണിയോടെ ലോക്കോ പൈലറ്റുമാരിലൊരാളുടെ ശ്രദ്ധയിൽപെട്ടിരുന്നു. കുട്ടികളാണെന്ന ധാരണയിൽ ഇദ്ദേഹം ചൈൽഡ് ലൈനിൽ വിവരമറിയിച്ചു. ചൈൽഡ് ലൈൻ പ്രവർത്തകർ എത്തി ഇവരെ ഓഫിസിലേക്കു കൂട്ടിക്കൊണ്ടുപോയി. ആധാർ രേഖകൾ പരിശോധിച്ചപ്പോൾ പെൺകുട്ടിക്കു പ്രായപൂർത്തിയായിട്ടില്ലെന്നു വ്യക്തമായി.

ഇന്നലെ രാവിലെ 10 മണിയോടെയാണു സംഭവം. ഛത്തീസ്ഗഡിൽ നിന്നു ട്രെയിൻ മാർഗം ഒന്നിച്ചു തൃശൂർ സ്റ്റേഷനിലെത്തിയതാണ് ഇരുപതുകാരനും പതിനാറുകാരിയും. പെൺകുട്ടി അസം സ്വദേശിയാണെന്നു സൂചനയുണ്ട്. ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ടതാണിവർ.

രേഖകൾ ഒത്തുനോക്കി സ്ഥിരീകരിച്ചപ്പോഴേക്കും രാവിലെ 10 മണിയായി. പെൺകുട്ടിയെ തനിക്കൊപ്പം വിടുമെന്ന ധാരണയിലായിരുന്നു ഇരുപതുകാരൻ. എന്നാൽ, പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കു മുന്നിൽ ഹാജരാക്കാൻ പോകുകയാണെന്നറിയിച്ചതോടെ യുവാവ് രോഷാകുലനായി. ചൈൽഡ് ലൈൻ ഓഫിസിൽ ജീവനക്കാരെ കുപ്പിച്ചില്ലിന്റെ മുനയിൽ നിർത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം യുവാവ് പതിനാറുകാരിയെ കടത്തിക്കൊണ്ടുപോവുകയായിരുന്നു.

കാത്തിരിപ്പു കേന്ദ്രത്തിനു സമീപത്തു കിടന്നിരുന്ന ബീയർ കുപ്പി പൊട്ടിച്ചു നീളമുള്ള ചില്ല് കടലാസിൽ പൊതിഞ്ഞ് ഇയാൾ ചൈൽഡ് ലൈൻ ഓഫിസിലെത്തി. ജീവനക്കാർക്കു നേരെ ചില്ലു ചൂണ്ടി വധഭീഷണി മുഴക്കി. ഇവരുടെ കഴുത്തിനു നേരെ ചില്ലുവച്ചും പരിഭ്രാന്തി സൃഷ്ടിച്ചു. 2 വനിതാ ജീവനക്കാരികൾ ജീവരക്ഷാർത്ഥം ഓടിരക്ഷപ്പെട്ടു. ഒരാളുടെ വിരലിനു മുറിവുണ്ട്.

എല്ലാവരും ഭയന്നുനിൽക്കെ യുവാവ് പെൺകുട്ടിയെയും കൂട്ടി ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നീങ്ങിത്തുടങ്ങിയ ഒരു ട്രെയിനിൽ ചാടിക്കയറി. കണ്ടുനിന്നവർ ബഹളം കൂട്ടിയപ്പോൾ യാത്രക്കാർ ട്രെയിൻ ചങ്ങല വലിച്ചു നിർത്തി. ഇതോടെ യുവാവ് മറുവശത്തുകൂടി ട്രാക്കിലിറങ്ങി മറ്റൊരു ട്രെയിനിനുള്ളിലൂടെ മൂന്നാം നമ്പർ പ്ലാറ്റ്ഫോമിലെത്തി. ചുമട്ടു തൊഴിലാളികളിലൊരാൾ ഇവരെ തടയാൻ ശ്രമിച്ചെങ്കിലും യുവാവ് പെൺകുട്ടിയുടെ കഴുത്തിൽ ചില്ലു വച്ചു ഭീഷണി മുഴക്കി. പിന്നാലെ സ്റ്റേഷനു പുറത്തേക്കു പെൺകുട്ടിയുമായി കടന്നുകളഞ്ഞു. ഇവരെ ഇനിയും കണ്ടെത്താനായിട്ടില്ല.

സംഭവം നടന്ന‍ു 11 മണിക്കൂറിനു ശേഷമാണ് ആർപിഎഫ് കേസെടുത്തത്. കനത്ത സുരക്ഷാ വീഴ്ചയുടെ പേരിൽ ആർപിഎഫ് പോസ്റ്റ് കമാൻഡർ അജയ് കുമാറിനെ സസ്പെൻഡ് ചെയ്തു. സംഭവം അറിയാൻ വൈകിയതും സുരക്ഷാ വീഴ്ച സംഭവിച്ചത‍ുമാണു സസ്പെൻഷനു വഴിയൊരുക്കിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button