KeralaLatest NewsNews

ഇത്തരം കാഴ്ചകൾ കണ്ടാൽ കൈകാര്യം ചെയ്യുമെന്ന് വിദ്യാർത്ഥികൾക്ക് നാട്ടുകാരുടെ വക മുന്നറിയിപ്പ്; പിന്നാലെ മറുപടി പോസ്റ്റർ

മലപ്പുറം: വൈകുന്നേരം അഞ്ചുമണിക്ക് ശേഷം വിദ്യാർഥികളെ ബസ് സ്റ്റാൻഡിൽ കണ്ടാൽ കൈകാര്യം ചെയ്യുമെന്ന് മലപ്പുറത്ത് ബോർഡ്. മലപ്പുറം ജില്ലയിലെ എടവണ്ണ ബസ് സ്റ്റാൻഡിലാണ് ബോർഡ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ജനകീയ കൂട്ടായ്മ എന്ന പേരിൽ സ്ഥാപിച്ചിരിക്കുന്ന ബോർഡിൽ വിദ്യാർത്ഥികൾക്കുള്ള മുന്നറിയിപ്പാണുള്ളത്. അഞ്ചുമണിക്ക് ശേഷം ബസ് സ്റ്റാൻഡിൽ കണ്ടാൽ വിദ്യാർഥികളെ കൈകാര്യം ചെയ്ത് രക്ഷിതാക്കളെ ഏൽപ്പിക്കും എന്നാണ് ബോർഡിൽ എഴുതിയിരിക്കുന്നത്.

ഇതിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ സംഭവത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. ഇത് സദാചാര ഗുണ്ടായിസം അല്ല എന്നും കുടുംബമായി ജീവിക്കുന്ന നാട്ടുകാരുടെ അവകാശമാണ് എന്നുമാണ് ബോർഡിൽ പറയുന്നത്. ഈ സംഭവവുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ വലിയ രീതിയിൽ പുരോഗമിക്കുകയാണ്.

സംഭവം വൈറലായതോടെ മറ്റൊരു ബോർഡും ഇതേ സ്ഥലത്ത് പ്രത്യക്ഷപ്പെട്ടു. ഇത് വിദ്യാർത്ഥി പക്ഷം എന്ന പേരിലാണ് ബോർഡ് സ്ഥാപിച്ചത്. അഞ്ചുമണിക്ക് ശേഷം ബസ് സ്റ്റാന്‍ഡിൽ കണ്ടാൽ ആർക്കും തങ്ങളെ കൈകാര്യം ചെയ്യാൻ അവകാശമില്ല എന്നാണ് ഈ ബോർഡിൽ പറയുന്നത്. എടവണ്ണ ജനകീയ കൂട്ടായ്മ എന്ന പേരിലും എടവണ്ണ വിദ്യാർഥി പക്ഷം എന്ന പേരിലും രണ്ട് ബോർഡുകളാണ് സ്ഥലത്ത് സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. ഈ രണ്ട് ബോർഡുകൾക്കും പിന്നിൽ ആരാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. സംഭവം വിവാദമായതോടെ എടവണ്ണ പോലീസ് സംഭവസ്ഥലത്തെത്തി ബോർഡുകൾ എടുത്തുമാറ്റി.

‘കോണിക്കൂടിലും ഇലമറവിലും പരിസരബോധമില്ലാതെ സ്നേഹപ്രകടനം കാഴ്ച വെയ്ക്കുന്ന അഭാസ വിദ്യരായ വിദ്യാർത്ഥികളോട് ഞങ്ങൾക്കൊന്നേ പറയാനൊള്ളൂ, ഇനിമുതൽ ഇത്തരം ഏർപ്പാടുകൾ ഇവിടെ വെച്ച് വേണ്ട. വേണമെന്ന് നിർബന്ധമുള്ളവർക്ക് താലികെട്ടി കൈപിടിച്ച് വീട്ടിൽ കൊണ്ടുപോയി തുടരാവുന്നതാണ്. മുന്നറിയിപ്പ് അവഗണിച്ച് മുന്നോട്ട് പോകുന്നവരെ എന്തുചെയ്യണമെന്ന് ഞങ്ങൾക്ക് നന്നായിട്ടറിയാം’, ഇതായിരുന്നു ആദ്യം പ്രത്യക്ഷപ്പെട്ട പോസ്റ്ററിൽ എഴുതിയിരുന്നത്.

ഇതിന് മറുപടിയെന്നോണം രണ്ടാമത്തെ പോസ്റ്ററിൽ എഴുതിയത് ഇങ്ങനെ ആയിരുന്നു, ‘ആധുനിക ഡിജിറ്റൽ സ്കാനറിനെ തോൽപ്പിക്കുന്ന സാങ്കേതിക മികവുള്ള കണ്ണുമായി ബസ് സ്റ്റാന്‍ഡിലും പരിസരത്ത് നിൽക്കുന്ന സദാചാര ആങ്ങളമാരോട് ഒറ്റ കാര്യമാണ് പറയാനുള്ളത്. നിങ്ങളുടെ മക്കൾ ആൺ പെൺ വ്യത്യാസമില്ലാതെ കൈകാര്യം ചെയ്യുന്ന മൊബൈൽ ഫോണും വാട്സപ്പും ഇൻസ്റ്റാഗ്രാം ആദ്യം ഒന്ന് തിരഞ്ഞുനോക്കണം. സ്കൂൾ വിദ്യാർഥികൾക്ക് കൺസഷൻ ഏഴുമണിമുതൽ ഏഴുമണിവരെയെന്ന് അറിയാതെ, അഞ്ചുമണി കഴിഞ്ഞാൽ ബസ് സ്റ്റാൻഡിലും പരിസരത്തും കണ്ടാൽ കൈകാര്യം ചെയ്യുമെന്ന് ആഹ്വാനം ചെയ്യാനും ബോർഡ് വെക്കാനും ആർക്കും അധികാരമില്ല’.

shortlink

Related Articles

Post Your Comments

Related Articles


Back to top button