KeralaLatest NewsNews

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി, ഖജനാവ് കാലി; എല്ലാ കാര്‍ഡുകള്‍ക്കും ഓണക്കിറ്റ് ലഭിക്കില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണത്തെ ഓണക്കിറ്റ് പരിമിതപ്പെടുത്താൻ സാധ്യത. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ഓണക്കിറ്റ് പരിമിതപ്പെടുത്താൻ സർക്കാർ ആലോചിക്കുന്നത്. എല്ലാ കാര്‍ഡുകള്‍ക്കും ഇത്തവണ ഓണക്കിറ്റ് ലഭിക്കില്ല. മഞ്ഞ കാര്‍ഡുകാര്‍ക്കും ക്ഷേമ സ്ഥാപനങ്ങള്‍ക്കും മാത്രമായി കിറ്റ് പരിമിതപ്പെടുത്തിയേക്കുമെന്നാണ് ലഭിക്കുന്ന സൂചന. ഓണക്കിറ്റ് വിതരണത്തിന്റെ പ്രാഥമിക ചര്‍ച്ചയിലാണ് ഇക്കാര്യം സംബന്ധിച്ച് ധാരണയായത്.

എല്ലാവര്‍ക്കും ഓണക്കിറ്റ് നല്‍കണമെങ്കില്‍ 558 കോടി രൂപ വേണ്ടിവരും. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അന്തിമ തീരുമാനമെടുക്കും. കഴിഞ്ഞവര്‍ഷം 90 ലക്ഷം കാര്‍ഡുടമകള്‍ക്ക് ഓണക്കിറ്റ് തയ്യാറാക്കി വിതരണം ചെയ്തപ്പോള്‍ സര്‍ക്കാരിന് 500 കോടി രൂപയാണു ചെലവായത്. എന്നാല്‍, ഇത്തവണ കാര്‍ഡുടമകളുടെ എണ്ണം 93.76 ലക്ഷത്തിലേക്ക് ഉയര്‍ന്നു. മുന്‍കാലങ്ങളില്‍ എല്ലാ വിഭാഗങ്ങള്‍ക്കും ഓണക്കിറ്റു നല്‍കിയത് കോവിഡുള്‍പ്പെടെയുള്ള പ്രത്യേക സാഹചര്യം കണക്കിലെടുത്താണ്. അതിനാൽ ഏറ്റവും ദരിദ്രരായവരെ മാത്രം പരിഗണിച്ചാൽ മതിയെന്നാണു സർക്കാർ നിലപാട്.

മഞ്ഞ റേഷൻ കാർഡുകാർക്ക് മാത്രമാക്കി പരിമിതപ്പെടുത്തിയാൽ ഇക്കുറി 5.87 ലക്ഷം കിറ്റുമതിയാകും. 500 രൂപയുടെ കിറ്റുനൽകിയാൽപ്പോലും 30 കോടിയോളം രൂപ ചെലവേ വരൂ. പിങ്കുകാർഡുകാരെക്കൂടി പരിഗണിച്ചാൽ 35.52 ലക്ഷം കിറ്റുകൾ നൽകേണ്ടി വരും. ചെലവ് 200 കോടി കടക്കും. സബ്‌സിഡി സാധനങ്ങൾ വിതരണം ചെയ്ത വകയിൽ സപ്ലൈകോയ്ക്ക് സർക്കാർ കോടികൾ നൽകാനുണ്ട്. പണം കിട്ടാത്തതിനാൽ സാധനങ്ങളെത്തിക്കാൻ കരാർ ഏറ്റെടുത്തവർ തയ്യാറായിട്ടില്ല. അതിനാൽ സപ്ലൈകോയും പ്രതിസന്ധിയിലാണ്. അതുകൊണ്ടുതന്നെ ഇക്കുറി ഓണക്കിറ്റു വിതരണത്തിന്റെ ബാധ്യതകൂടി ഏറ്റെടുക്കാൻ സപ്ലൈകോയും തയ്യാറാകില്ല എന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button