Latest NewsIndiaNews

ഇന്ന് കാർഗിൽ വിജയ് ദിവസ്: രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച ധീര ജവാന്മാരുടെ ഓർമ്മകളിൽ രാജ്യം

ഇന്ത്യൻ ഭൂമിയിലേക്ക് പാക് സൈന്യം നുഴഞ്ഞുകയറിയതോടെയാണ് കാർഗിൽ മലനിരകളിൽ യുദ്ധം ആരംഭിച്ചത്

ഇന്ന് കാർഗിൽ വിജയ് ദിവസ്, കാർഗിൽ മലനിരകളിൽ പാകിസ്ഥാനുമേൽ ഇന്ത്യ നേടിയ ഐതിഹാസിക വിജയത്തിന് 24 വയസ് തികയുന്ന ദിനം. യുദ്ധത്തിൽ രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച ധീര ജവാന്മാരുടെ ഓർമ്മകളിലൂടെയാണ് ഓരോ കാർഗിൽ വിജയ് ദിവസും കടന്നുപോകുന്നത്. യുദ്ധത്തിൽ ജീവൻ നഷ്ടപ്പെട്ട രാജ്യത്തിന്റെ വീരയോദ്ധാക്കളെ അനുസ്മരിക്കുന്ന ദിനം കൂടിയാണിന്ന്. 1999 മെയ് 8 മുതൽ ആരംഭിച്ച യുദ്ധം, 1999 ജൂലൈ 26-നാണ് ഔദ്യോഗികമായി അവസാനിച്ചത്. എന്നാൽ, 1999 ജൂലൈ 14ന് പാകിസ്ഥാന് മേൽ ഇന്ത്യ വിജയം നേടിയതായി അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി പ്രഖ്യാപിച്ചിരുന്നു.

ഇന്ത്യൻ ഭൂമിയിലേക്ക് പാക് സൈന്യം നുഴഞ്ഞുകയറിയതോടെയാണ് കാർഗിൽ മലനിരകളിൽ യുദ്ധം ആരംഭിച്ചത്. ഇന്ത്യയുടെ തന്ത്രപ്രധാനമായ സ്ഥലങ്ങൾ അധീനതയിലാക്കുക എന്നതായിരുന്നു പാക് സൈന്യത്തിന്റെ ലക്ഷ്യം. അന്ന് 5,000-ത്തോളം പാക് സൈനികരും, തീവ്രവാദികളുമാണ് ഇന്ത്യൻ അതിർത്തിയിലേക്ക് നുഴഞ്ഞുകയറിയത്. പാക് സൈന്യത്തെ തുരത്താൻ ‘ഓപ്പറേഷൻ വിജയ്’ എന്ന പേരിലാണ് ഇന്ത്യ പ്രത്യാക്രമണം നടത്തിയത്. ഒടുവിൽ ഇന്ത്യൻ സൈന്യത്തിന്റെ കരുത്തറിഞ്ഞ പാകിസ്ഥാൻ തോൽവി സമ്മതിച്ച് പിന്മാറുകയായിരുന്നു. പാകിസ്ഥാനെ സംബന്ധിച്ച് എക്കാലവും നടുക്കുന്ന ഓർമ്മയാണ് കാർഗിൽ യുദ്ധം.

Also Read: തോൽക്കുമെന്ന് അറിഞ്ഞു കൊണ്ട് തന്നെ പാർലമെന്റിൽ ഇന്ന് അവിശ്വാസ പ്രമേയം കൊണ്ടുവരാൻ പ്രതിപക്ഷ സഖ്യം

മാസങ്ങൾ നീണ്ട കാർഗിൽ യുദ്ധത്തിൽ 527 ഇന്ത്യൻ സൈനികരാണ് വീരമൃത്യു വരിച്ചത്. അതേസമയം, പോരാട്ടത്തിൽ 1200 ഓളം പാക് സൈനികർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഇന്ത്യൻ സൈന്യത്തിന്റെ കണക്ക്. കാർഗിലിൽ വിജയക്കൊടി നാട്ടിയ ജൂലൈ 26 ഇന്ത്യ പിന്നീട് കാർഗിൽ വിജയ് ദിവസ് എന്ന പേരിൽ ആചരിക്കാൻ ആരംഭിച്ചു. എല്ലാ വർഷവും രാജ്യം ആ ഓർമ്മ പുതുക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button