Latest NewsIndiaNews

വിവാഹബന്ധമല്ല വ്യക്തിത്വത്തിന്റെ അടിസ്ഥാനം: ഭർത്താവ് മരിച്ച സ്ത്രീകളെ ക്ഷേത്രത്തിൽ വിലക്കരുതെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: ഭർത്താവ് മരിച്ചതിന്റെപേരിൽ സ്ത്രീകൾക്ക് ക്ഷേത്രച്ചടങ്ങുകളിൽ പ്രവേശനം നിഷേധിക്കുന്നത് അനുവദിക്കാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി. വിവാഹബന്ധത്തിന്റെ അടിസ്ഥാനത്തിലല്ല സ്ത്രീകളുടെ വ്യക്തിത്വം നിർവചിക്കപ്പെടുന്നത്.

ഭർത്താവ് മരിച്ച സ്ത്രീകളോടുള്ള വിവേചനം നീതിന്യായവ്യവസ്ഥയനുസരിക്കുന്ന പരിഷ്കൃതസമൂഹത്തിന് യോജിച്ചതല്ലെന്നും ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് പറഞ്ഞു. എവിടെയെങ്കിലും അതിനുള്ള ശ്രമമുണ്ടായാൽ നിയമപ്രകാരം നേരിടണം. ക്ഷേത്രത്തിലെ ചടങ്ങുകളിൽ ഭർത്താവ് മരിച്ച സ്ത്രീകളുടെ സാന്നിധ്യം ശുഭകരമല്ലെന്ന പ്രാകൃതചിന്താഗതി സംസ്ഥാനത്തിന്റെ ചിലഭാഗങ്ങളിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. തികച്ചും ദൗർഭാഗ്യകരമാണത് എന്നും കോടതി വ്യക്തമാക്കി.

ഈറോഡ് ജില്ലയിലെ പെരിയകറുപ്പരായൻ ക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുക്കുന്നതിന് പോലീസ് സംരക്ഷണമേർപ്പെടുത്തണമെന്നാവശ്യപ്പെട്ട് തങ്കമണി നൽകിയ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിരീക്ഷണം. തങ്കമണിയുടെ ഭർത്താവ് ഈ ക്ഷേത്രത്തിൽ പൂജാരിയായിരുന്നു. 2017 ഓഗസ്റ്റ് 28ന് അദ്ദേഹം മരിച്ചു. അതിനുശേഷം ക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുക്കുന്നതിൽനിന്ന് ഭർത്താവ് മരിച്ച സ്ത്രീയെന്ന കാരണം പറഞ്ഞ് ചിലർ തനിക്ക് വിലക്കേർപ്പെടുത്തിയെന്ന് ഹർജിയിൽ പറയുന്നു.

ക്ഷേത്രത്തിലെ ഈ വർഷത്തെ ഉത്സവം ഓഗസ്റ്റ് ഒമ്പത്, 10 തിയതികളിലാണ്. അതിൽ പങ്കെടുക്കുന്നതിന് പോലീസ് സംരക്ഷണം വേണമെന്നാണ് ഹർജിയിലെ ആവശ്യം. ഈ വർഷത്തെ ഉത്സവത്തിൽ തങ്കമണിക്ക് പങ്കെടുക്കാൻ പറ്റുമെന്ന് ഉറപ്പുവരുത്താൻ കോടതി പോലീസിന് നിർദേശം നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button