KeralaLatest News

ഉമ്മൻചാണ്ടിയുടെ കബറിടത്തിൽ ആദ്യ തീർത്ഥാടക സംഘമെത്തി മെഴുകുതിരി കത്തിച്ചു: ആറ്റിങ്ങലിൽ നിന്നെത്തിയത് അമ്പതം​ഗ സംഘം

കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കബറിടത്തിൽ ആദ്യ തീർത്ഥാടക സംഘമെത്തി. ഇന്നലെ രാവിലെ 11.30 നാണ് ആറ്റിങ്ങലിൽ നിന്നുള്ള അമ്പതം​ഗ തീർത്ഥാടകർ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെത്തിയത്. ആറ്റിങ്ങലിൽ ട്രാവൽ ഏജൻസി നടത്തുന്ന എസ്.പ്രശാന്തന്റെ നേതൃത്വത്തിലാണ് ഉമ്മൻ ചാണ്ടിയുടെ കബറിടത്തിലേക്കുള്ള ആദ്യ തീർത്ഥാടക സംഘം എത്തിയത്.

യാത്ര ആരംഭിക്കുന്നതിന് മുമ്പുതന്നെ പുതുപ്പള്ളിയിലേക്കുള്ള തീർത്ഥയാത്ര വാർത്തകളിൽ നിറഞ്ഞിരുന്നു. വിശ്വശ്രീ ടൂർസ് ആൻഡ് ട്രാവൽസ് ഉടമ എസ്. പ്രശാന്തൻ തന്നെയാണ് തീർഥാടന യാത്രാ പാക്കേജിന്റെ വിവരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഇതു സംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിന് ആവേശകരമായ പ്രതികരണമാണ് ലഭിച്ചതെന്ന് പ്രശാന്തൻ പറയുന്നു.

ഉമ്മൻചാണ്ടിയുടെ കല്ലറയിലേക്കുള്ള തീർത്ഥാടന യാത്ര ഭാവിയിൽ ടൂറിസം സർക്യൂട്ടായി മാറാൻ സാധ്യതയുണ്ടെന്നാണ് പ്രശാന്തൻ പറയുന്നത്. എടത്വാ, പാറയിൽപ്പള്ളി, മണർക്കാട്, ഭരണങ്ങാനം, മലയാറ്റൂർ എന്നീ പ്രശസ്തമായ ക്രെെസ്തവ പള്ളികൾ ഉൾപ്പെട്ട ടൂറിസം- തീർത്ഥാടന സർക്യൂട്ട് ഇപ്പോൾത്തന്നെ മുന്നിലുണ്ടെന്നും ഈ കേന്ദ്രങ്ങളെ ബന്ധിപ്പിച്ചു കൊണ്ട് തങ്ങളുടെ ട്രാവൽസ് തീർത്ഥാടന യാത്ര പോകാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു. പുതിയ സാഹചര്യത്തിൽ ഉമ്മൻചാണ്ടി അന്ത്യവിശ്രമം കൊള്ളുന്ന പുതുപ്പള്ളി കൂടിയാകുമ്പോൾ യാത്രക്കാർക്ക് പുതിയൊരു അനുഭവമായി ഇതു മാറും. `ഉമ്മൻചാണ്ടി സർക്യൂട്ട്´ എന്ന പേരിൽ ഇത് രാജ്യമെങ്ങും പ്രസിദ്ധി നേടുമെന്നും പ്രശാന്തൻ പറയുന്നു.

എടത്വാ സീസൺ ആരംഭിക്കാൻ പോകുകയാണ്. ചങ്ങനാശ്ശേരി കഴിഞ്ഞ് ഏഷ്യയിലെ ഏറ്റവും വലിയ പള്ളിയായ പാറയിൽപ്പള്ളിയുടെ ജോലി നടന്നു വരികയാണ്. 2025ൽ പള്ളി ഭക്തർക്കായി തുറന്നു നൽകും. അവിടം കഴിഞ്ഞ് എട്ടു കിലോമീറ്റർ ചെല്ലുമ്പോൾ പുതുപ്പള്ളിയായി. അവിടെ നിന്നും മണർക്കാട് പള്ളിയിലെത്താം. അതുകഴിഞ്ഞ് ഭരണങ്ങാനം അൽഫോൻസാമ്മ തീർത്ഥാടന കേന്ദ്രം. അതിനു ശേഷം മലയാറ്റൂർ പള്ളിയിൽ എത്തുമ്പോൾ സർക്യൂട്ട് അവസാനിക്കും. എടത്വാ സീസണിൽ ഈ രീതിയാണ് പിന്തുടർന്നു വരുന്നത്. ഇനി മുതൽ ഈ സർക്യൂട്ടിൽ ഉമ്മൻചാണ്ടിയുടെ കല്ലറ നിൽക്കുന്ന പുതുപ്പള്ളി പള്ളി കൂടി ഉൾപ്പെടുമെന്നും പ്രശാന്തൻ വ്യക്തമാക്കി.

ശനിയാഴ്ചത്തെ യാത്രയ്ക്കുള്ള സീറ്റുകൾ ബുക്കിംഗ് പൂർത്തിയായിക്കഴിഞ്ഞു. അടുത്ത യാത്രയ്ക്കുള്ള അന്വേഷണങ്ങൾ എത്തുന്നുണ്ടെന്നും പ്രശാന്തൻ വ്യക്തമാക്കി. ഓഗസ്റ്റ് അഞ്ചാം തീയതി ആദ്യ യാത്ര നടക്കും. അടുത്ത യാത്ര ഓഗസ്റ്റ് 11 വെള്ളിയാഴ്ച നടത്തണമെന്നാണ് ഉയരുന്ന ആവശ്യം. ഈ പരിപാടിക്ക് വളരെ പോസിറ്റീവായിട്ടുള്ള അന്വേഷണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും പ്രശാന്തൻ വ്യക്തമാക്കി. കേരളത്തിൻ്റെ വടക്കൻ ജില്ലകളിൽ നിന്നുവരെ അന്വേഷണങ്ങൾ എത്തുന്നുണ്ട്. അവിടെ നിന്ന് യാത്ര സംഘടിപ്പിക്കാൻ കഴിയുമോ എന്നാണ് വിളിക്കുന്നവർക്ക് അറിയേണ്ടതെന്നും പ്രശാന്തൻ പറഞ്ഞു.

ജൂലൈ 30ന് പാലാ രാമപുരത്ത് നാലമ്പല ദർശനത്തിനായി പ്രശാന്തൻ്റെ നേതൃത്വത്തിൽ യാത്ര പോയിരുന്നു. ഈ സമയം ഉമ്മൻ ചാണ്ടിയെ സംസ്‌കരിച്ച പള്ളിയിൽ കയറണമെന്ന് ബസിലുണ്ടായിരുന്നവർ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു എന്ന് അദ്ദേഹം പറയുന്നു. മടങ്ങുംവഴി രാത്രി ഒൻപതരയോടെ പള്ളിയിലും കയറിയിരുന്നു. ആ നേരത്തും അവിടെ ആൾക്കൂട്ടമായിരുന്നു എന്നുള്ളത് അത്ഭുതപ്പെടുത്തി. തുടർന്ന് തിരികെ ആറ്റിങ്ങലിൽ എത്തിയശേഷം `ഉമ്മൻചാണ്ടി ടൂർ പാക്കേജി´നെ കുറിച്ച് ചിന്തിക്കുകയായിരുന്നു എന്നുമാണ് പ്രശാന്തൻ പറയുന്നത്.

‘‘ശ്രീ ഉമ്മൻ ചാണ്ടി അന്തരിച്ചതിനു ശേഷം ഒരു ദിവസം ഞാൻ തീർഥാടകരുമായി കോട്ടയത്ത് നാലമ്പല ദർശനത്തിനു പോയിരുന്നു. മടക്കയാത്ര പുതുപ്പള്ളി വഴിയായിരുന്നു. അവിടെയെത്തിയപ്പോൾ രാത്രി പത്തുമണി കഴിഞ്ഞിരുന്നു. അപ്പോഴും അവിടെ പള്ളിക്കു മുന്നിൽ വലിയ തിരക്ക്. ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർ‌ശിക്കാനെത്തിയവരുെട എണ്ണം കണ്ട് അതിശയിച്ചുപോയി. ഞങ്ങളും അവിടെയിറങ്ങി. അരമണിക്കൂർ കാത്തിരുന്ന ശേഷമാണ് കല്ലറ സന്ദർശിക്കാൻ സാധിച്ചത്.

പള്ളിയങ്കണത്തിൽ അനുഭവപ്പെട്ട ആത്മീയ അന്തരീക്ഷവും ശാന്തതയും അന്നത്തെ യാത്രയിൽ ഉണ്ടായിരുന്ന എല്ലാവരെയും ആകർഷിച്ചു. പല മതങ്ങളിലും രാഷ്ട്രീയപാർട്ടികളിലും വിശ്വസിക്കുന്നവർ ആ യാത്രാ സംഘത്തിലുണ്ടായിരുന്നു. അവർക്കെല്ലാം പുതുപ്പള്ളി പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ കല്ലറയ്ക്കു മുന്നിൽ ചെലവഴിച്ച നിമിഷങ്ങൾ മറക്കാനാവാത്തതാണെന്നു പറഞ്ഞിരുന്നു. എടത്വ – മലയാറ്റൂർ – ഭരണങ്ങാനം യാത്രാ പാക്കേജിൽ പുതുപ്പള്ളിയും ഉൾപ്പെടുത്താനുള്ള ആലോചന അന്നു തന്നെയുണ്ടായിരുന്നു. അടുത്ത ദിവസം തന്നെ പുതുപ്പള്ളി പാക്കേജിനെക്കുറിച്ച് സമൂഹ മാധ്യമത്തിൽ കുറിപ്പ് പങ്കുവച്ചു. മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും കോൺഗ്രസ് അനുഭാവി കൂടിയായ പ്രശാന്തൻ പറയുന്നു.

പുതുപ്പള്ളി സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ ഉമ്മൻചാണ്ടിയുടെ കല്ലറയിലേക്കുള്ള ജനങ്ങളുടെ ഒഴുക്ക് തുടരുകയാണ്. സംസ്കാരത്തിന് ശേഷവും പ്രിയനേതാവിൻറെ കല്ലറയിലെത്തി മെഴുകുതിരികൾ തെളിയിക്കാനും പൂക്കൾ അർപ്പിക്കാനും നിരവധി പേരാണ് പുതുപ്പള്ളി പള്ളിയിലേക്ക് എത്തുന്നത്. ഇതോടെയാണ് ഉമ്മൻചാണ്ടിയെ ഓർത്തഡോക്സ് സഭ വിശുദ്ധനായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ചിലർ സോഷ്യൽ മീഡിയയിലൂടെ പ്രചാരണം ആരംഭിച്ചത്. ഇന്ത്യയിലെ ഓർത്തഡോക്സ് സഭയിൽ അൽമായർക്ക് വിശുദ്ധപദവി നൽകിയ പാരമ്പര്യമില്ല എന്നതാണ് വാസ്തവം. അതേസമയം, അത് ഒരിക്കലും നടക്കാൻ പാടില്ലാത്ത ഒന്നല്ലെന്നും ഓർത്തഡോക്സ് സഭ സീനിയർ മെത്രാപ്പോലീത്ത ഗീവർഗീസ് മാർ കൂറിലോസ് നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ, അത് മരിച്ച് ഒരു മാസത്തിനുള്ളിൽ നടക്കുന്ന ഒന്നല്ല.

വളരെ വിശുദ്ധരായ സഭയുടെ പിതാക്കന്മാരെ തന്നെ അവർ കാലം ചെയ്ത ശേഷം പത്തുനാൽപ്പത് വർഷങ്ങൾക്ക് ശേഷമാണ് അവരെ വിശുദ്ധ പദവിയിലേക്ക് പരിഗണിക്കുന്ന പ്രക്രിയ തന്നെ ആരംഭിക്കാറുള്ളത്. അത് കൊണ്ട് തന്നെ ഇത് പെട്ടെന്ന് ചെയ്യാനാകുന്ന ഒരു കാര്യമല്ല. അതേസമയം വിശ്വാസികളുടെ മനസിൽ ഇപ്പോൾ നടക്കുന്നത് പോലെ പുതിയ തരംഗങ്ങൾ ഉണ്ടായി അവരുടെ മനസിൽ ഇതുപോലുള്ള ചിന്തകൾ ഉണ്ടാകുകയും ചെയ്യുന്നതിനെ അവരുടെ തലത്തിൽ ആദരവോടെ കൈകാര്യം ചെയ്യുന്ന പതിവുണ്ട്. അതിനെ ആരും നിഷേധിക്കാറില്ല. പക്ഷെ ഔദ്യോഗികമായ ഒരു അംഗീകാരം നൽകുന്ന നീണ്ട പ്രൊസസിന് ശേഷമാണ്.

വിശുദ്ധ പദവിയിലേക്ക് പരിഗണിക്കുന്നയാളിൻറെ ജീവിതത്തിലെ പോസിറ്റീവും നെഗറ്റീവുമായിട്ടുള്ള കാര്യങ്ങളെ കുറിച്ചുള്ള വിശദമായ പഠനം വേണം. അവരുടെ ജീവതത്തിലുണ്ടായ നൈർമല്യത്തെ കുറിച്ച് ഉൾക്കൊള്ളാൻ സാധിക്കണം. ചില അത്ഭുതങ്ങൾ നടന്നതായിട്ട് തെളിവുകൾ വേണം. പൊതുസമൂഹത്തിലെ ജനവികാരം യഥാർഥമാണോ എന്നറിയണം. പരോക്ഷമായി അദ്ദേഹത്തിൻറെ നൻമയിൽ നിന്ന് വ്യത്യസ്തമായി തിന്മകളും പരാജയങ്ങളും പോരായ്മകളും പാപങ്ങളും ഉണ്ടായിട്ടുണ്ടെങ്കിൽ അതിനെ കുറിച്ച് ഒരു പഠനം നടത്തി ശരിയായി മനസിലാക്കിയ ശേഷമാണ് വിശുദ്ധനായി ഉയർത്തുന്ന പ്രോസസിലേക്ക് കടക്കുക.

അതിനായി ഒരു കമ്മിറ്റിയെ നിയോഗിച്ച് ശേഖരിക്കുന്ന തെളിവുകൾക്ക് പിന്നിലെ വാസ്തവം പരിശോധിക്കും. വികാരപരമായോ വ്യക്തിപരമായോ രാഷ്ട്രീയപരമോ ആയ താൽപര്യങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന കാര്യമല്ല വിശുദ്ധ പദവി.

ഇന്ത്യയിലെ ഓർത്തഡോക്സ് സഭയിൽ ഇതുവരെ അത്തരമൊരു സാഹചര്യം ഇതുവരെ ഉണ്ടായിട്ടില്ല. എന്നാൽ മറ്റ് സ്ഥലങ്ങളിലെ ഓർത്തഡോക്സ് സഭകളിൽ അൽമായരെയും വിശുദ്ധ പദവിയിലേക്ക് ഉയർത്തിയിട്ടുണ്ട്. ഇന്ത്യയിൽ തന്നെ കത്തോലിക്ക സഭയിൽ അങ്ങനെ സംഭവിച്ചിട്ടുണ്ട്, മദർ തെരേസയെ വളരെ ചുരുങ്ങിയ കാലയളവിൽ തന്നെ വിശുദ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട് എന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

ഓർത്തഡോക്സ് സഭ ഉമ്മൻചാണ്ടിയെ വിശുദ്ധനായി പ്രഖ്യാപിച്ചാലും ഇല്ലെങ്കിലും ഇപ്പോൾ തന്നെ പലരുടെയും മനസ്സിൽ അദ്ദേഹത്തിന് വിശുദ്ധന്റെ പരിവേഷം തന്നെയാണ്. ഓരോ ദിവസവും പുതുപ്പള്ളി പള്ളിമുറ്റത്തെ ഉമ്മൻചാണ്ടിയുടെ കല്ലറയിലേക്ക് ഒഴുകിയെത്തുന്ന ആലംബമില്ലാത്ത ആയിരങ്ങളാണ് അതിന് സാക്ഷ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button