Latest NewsNewsLife Style

ഉച്ചഭക്ഷണം വൈകി കഴിക്കരുത്, കാരണമിത്…

ദിവസത്തില്‍ ഓരോ സമയത്തെയും ഭക്ഷണത്തിന് അതാതിന്‍റേതായ പ്രാധാന്യമുണ്ട്. പലരും ബ്രേക്ക്ഫാസ്റ്റിന് മാത്രം ഏറെ പ്രാധാന്യം നല്‍കുകയും മറ്റ് നേരങ്ങളിലെ ഭക്ഷണങ്ങള്‍ക്ക് അത്ര പ്രാധാന്യം നല്‍കാതിരിക്കുകയും ചെയ്യാറുണ്ട്. ഇങ്ങനെയല്ല ഉച്ചഭക്ഷണത്തിനും അത്താഴത്തിനും ഇടയ്ക്ക് കഴിക്കുന്ന സ്നാക്സിനുമെല്ലാം പോസിറ്റീവായോ നെഗറ്റീവായോ ആരോഗ്യത്തെ സ്വാധീനിക്കാൻ കഴിയും.

എന്തായാലും സമയത്തിന് ഭക്ഷണം കഴിക്കാതിരിക്കുന്നത് ആരോഗ്യത്തിന് ക്രമേണ ഭീഷണിയായി ഉയരുക തന്നെ ചെയ്യും. ഇത്തരത്തില്‍ ഉച്ചഭക്ഷണം വൈകി കഴിക്കുന്നത് കൊണ്ടുള്ള പ്രശ്നങ്ങളെയും അതിനുള്ള പരിഹാരങ്ങളെയും കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.

ഉച്ചഭക്ഷണം വൈകുന്നത് വയറ്റില്‍ ഗ്യാസ് പ്രശ്നങ്ങളുണ്ടാക്കും. ചിലരില്‍ ഇത് ഭക്ഷണം കഴിക്കുന്നതോടെ തന്നെ ആശ്വാസമാകും. എന്നാല്‍ പലരിലും പിന്നീട് ഭക്ഷണം കഴിച്ചാലും ഗ്യാസ് ഇരട്ടിക്കുകയോ ആകെ അസ്വസ്ഥതയാവുകയോ ചെയ്യുന്ന സാഹചര്യമാകാം ഉണ്ടാക്കുന്നത്.

ഉച്ചഭക്ഷണം വൈകുമ്പോള്‍ അത് പലവിധത്തിലുള്ള അസ്വസ്ഥതകളുണ്ടാക്കാം. ഉത്പാദനക്ഷമത കുറയുക, ഉന്മേഷമില്ലായ്മ, ഉത്കണ്ഠ, മുൻകോപം, അക്ഷമ തുടങ്ങി പല പ്രയാസങ്ങളും ഭക്ഷണം സമയം തെറ്റുമ്പോഴുണ്ടാകാം. വൈകി ഭക്ഷണം കഴിച്ചുകഴിഞ്ഞാല്‍ മയക്കം വന്ന്, പിന്നീട് ഒന്നും ചെയ്യാൻ സാധിക്കാത്ത അവസ്ഥ നേരിടുന്നവരുമുണ്ട്.

ഉച്ചഭക്ഷണം പതിവായി വൈകിക്കുന്നത് നല്ലതല്ല. അഥവാ ഇടയ്ക്ക് വൈകിയാലും ഭക്ഷണം കഴിക്കുന്നത് വരെ ഇടവിട്ട് വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം. തണുത്ത വെള്ളമോ മധുരപാനീയങ്ങളോ അല്ല കുടിക്കേണ്ടത്. പ്ലെയിൻ വാട്ടര്‍ മാത്രം.

അതുപോലെ ലഞ്ച് വൈകുന്നതിന് അനുസരിച്ച് ആരോഗ്യകരമായ എന്തെങ്കിലും സ്നാക്സ് ഇടയ്ക്ക് കഴിക്കുന്നത് നല്ലതാണ്. നേന്ത്രപ്പഴം, ചിക്കു, പപ്പായ, സീതപ്പഴം, പേരയ്ക്ക പോലുള്ള പഴങ്ങളാണെങ്കില്‍ ഏറ്റവും നല്ലത്.

ഇനി ഉച്ചഭക്ഷണം വൈകി കഴിക്കുന്നതിന്‍റെ പേരില്‍ തലവേദന പോലുള്ള ബുദ്ധിമുട്ടുകളുണ്ടാകുന്നുവെങ്കില്‍ ഭക്ഷണം കഴിച്ചതിന് പിന്നാലെ അല്‍പം നെയ്യും ശര്‍ക്കരയും കഴിക്കാവുന്നതാണ്. ഇത് അസിഡിറ്റി, ഗ്യാസ് പോലുള്ള പ്രശ്നങ്ങളകറ്റാൻ സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button