KeralaLatest NewsNews

ഹോട്ടലിൽനിന്ന് കോൺക്രീറ്റ് സൺഷേഡ് അടർന്നു തലയിൽ വീണു: ലോട്ടറിക്കട ജീവനക്കാരന് ദാരുണാന്ത്യം

കോട്ടയം: കോട്ടയത്ത് ഹോട്ടലിൽ നിന്ന് കോൺക്രീറ്റ് സൺഷേഡ് അടർന്നു തലയിൽ പതിച്ച് ലോട്ടറിക്കടയിലെ ജീവനക്കാരന് ദാരുണാന്ത്യം. നഗരമധ്യത്തിൽ മുനിസിപ്പാലിറ്റിക്കു മുൻവശത്തുള്ള രാജധാനി ഹോട്ടലിന്റെ സൺഷേഡ് ആണ് തകര്‍ന്നത്. കെട്ടിടത്തിന്റെ താഴത്തെനിലയിൽ പ്രവർത്തിച്ചിരുന്ന മീനാക്ഷി ലോട്ടറീസിലെ ജീവനക്കാരനാണ് മരിച്ചത്.

ചങ്ങനാശ്ശേരി പായിപ്പാട് പള്ളിക്കച്ചിറ കല്ലുപ്പറമ്പ് വീട്ടിൽ കെജെ എബ്രഹാമിന്റെ മകൻ ജിനോ കെ എബ്രഹാം (46) ആണ് മരിച്ചത്. ലോട്ടറിക്കട അടച്ച് പോകാനൊരുങ്ങുമ്പോഴായിരുന്നു അപകടം. ഹോട്ടലിന്റെ രണ്ടാം നിലയിലെ ജനലിനോട് ചേർന്ന് നിർമിച്ച കോൺക്രീറ്റ് സൺഷേഡ് റോഡിൽ നിൽക്കുകയായിരുന്ന ജിനോയുടെ തലയിൽ വീഴുകയായിരുന്നു.

അടുത്തിടെ നവീകരിച്ച ഭാഗമാണിത്. ഇഷ്ടികയും കോൺക്രീറ്റും ചേർത്ത് ജനലിന് മേൽഭാഗത്ത് നിർമിച്ച ഷേഡാണ് വീണതെന്നും ഇഷ്ടിക തലയിൽ പതിച്ചാണ് മരണമെന്നും വെസ്റ്റ് പോലീസ് പറഞ്ഞു. നാട്ടുകാർ ഉടൻ തന്നെ ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ. ജിനോയുടെ ഭാര്യ: ഷീജ. മക്കൾ: അഡോൺ, അർഷോ (ഇരുവരും വിദ്യാർഥികൾ).

കോട്ടയം നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടമാണിത്. ഇതിന് സമീപം ബസ്സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സിലെ മറ്റ് കെട്ടിടങ്ങൾ ബലക്ഷയമുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊളിച്ചുനീക്കാൻ നഗരസഭ തീരുമാനിച്ചിരുന്നു.

നേരത്തേ ഈ കെട്ടിടം നവീകരിക്കാൻ നഗരസഭ അനുമതി നൽകിയിരുന്നു. ഹോട്ടലുടമ തന്നെ നവീകരിച്ചതിനേത്തുടർന്ന് പ്രവർത്തിക്കാൻ നഗരസഭ അനുമതി നൽകുകയായിരുന്നു. ബലക്ഷയമില്ലെന്ന് പറഞ്ഞ് ഹോട്ടൽ പ്രവർത്തിച്ചിരുന്ന ഭാഗം പൊളിക്കുന്നതിൽ നിന്ന് ഒഴിവാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button