KeralaLatest NewsNews

ഇന്നലെ വരെ തെളിഞ്ഞ വെള്ളം, രാവിലെ എഴുന്നേറ്റപ്പോൾ കിണറിലെ വെള്ളത്തിന് പിങ്ക് നിറം; ആശങ്കയിലായി കീഴ്മാട് സ്വദേശികൾ

കോഴിക്കോട്: കിണർ വെള്ളത്തിന് പെട്ടന്നുണ്ടായ നിറം മാറ്റം ഒരു പ്രദേശത്തെ ആകെ ആശങ്കയിലാഴ്ത്തുന്നു. പെരുവയൽ ഗ്രാമപഞ്ചായത്തിലെ പതിനേഴാം വാർഡായ കീഴ്മാട് പ്രദേശത്തെ കിണറുകളിലാണ് ഞായറാഴ്ച നിറവ്യത്യാസം കാണപ്പെട്ടത്. നൂറുമീറ്റർ ചുറ്റളവിലെ മൂന്ന് കിണറുകളിലാണ് വെള്ളം പിങ്ക് നിറത്തിലായത്. ഇന്നലെ വരെ നല്ല തെളിഞ്ഞ വെള്ളമായിരുന്നു എന്ന് നാട്ടുകാർ പറയുന്നു. പെട്ടെന്നാണ് വെള്ളത്തിന് നിറം മാറിയത്.

പ്രദേശത്തെ മൂന്ന് കിണറുകളിലെ വെള്ളത്തിനാണ് നിറം മാറ്റം ഉണ്ടായിരിക്കുന്നത്. മാത്തോട്ടത്തിൽ അരുൺ എന്നയാളുടെ വീട്ടുമുറ്റത്തെ കിണറിലാണ് ആദ്യം നിറംമാറ്റം കാണപ്പെട്ടത്. പകൽ 11 മണിയോടെയാണ് നേരിയ തോതിലുള്ള നിറംമാറ്റം ശ്രദ്ധയിൽപ്പെട്ടത്. കലങ്ങിയതുപോലെ കാണപ്പെട്ട വെള്ളം വൈകുന്നേരമായതോടെ പൂർണമായും പിങ്ക് നിറമായി മാറി. തൊട്ടടുത്തുള്ള മാത്തോട്ടത്തിൽ രാജീവ്, മാത്തോട്ടത്തിൽ വിജയരാഘവൻ എന്നിവരുടെ വീടുകളിലും വൈകുന്നേരത്തോടെ സമാനസ്ഥിതിയായി.

കുന്നിൻചെരിവിലായി ഉയർന്നുനിൽക്കുന്ന പറമ്പാണിത്. തെളിഞ്ഞ ശുദ്ധജലമാണ് ഇത്രയും കാലം ഇവിടുത്തെ കിണറുകളിൽ ലഭിച്ചിരുന്നത്. പൊടുന്നനെയുണ്ടായ നിറംമാറ്റം പ്രദേശവാസികളെയാകെ ആശങ്കയിലാക്കിയിട്ടുണ്ട്. നിറംമാറ്റം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുമോ എന്ന സംശയത്തിലാണിവർ. വെള്ളം ഉപയോഗിക്കുന്നത് വീട്ടുകാർ നിർത്തിവെച്ചിട്ടുണ്ട്. അവധി ദിവസമായതിനാൽ വെള്ളത്തിന്റെ വിശദമായ ശാസ്ത്രീയ പരിശോധന സാധ്യമായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button