Latest NewsInternational

കുഞ്ഞ് ജനിക്കാൻ ഇനി സ്ത്രീയും പുരുഷനും വേണ്ട, അണ്ഡവും ബീജവുമില്ലാതെ ഭ്രൂണം വികസിപ്പിച്ച് ​ചരിത്രം സൃഷ്ടിച്ച് ഗവേഷകർ

ടെൽ അവീവ്: ഭ്രൂണഗവേഷണരംഗത്ത് പുത്തൻ ചുവടുവെയ്പ്പുമായി ​ശാസ്ത്രലോകം. ലൈം​ഗിക ബന്ധമോ പോയിട്ട് അണ്ഡവും ബീജവുമില്ലാതെ മനുഷ്യഭ്രൂണം സൃഷ്ടിച്ചിരിക്കുകയാണ് ​ഗവേഷകർ. ഇസ്രയേലിലെ വീസ്‍മാൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് മൂലകോശങ്ങളുപയോഗിച്ച് 14 ദിവസം വളർച്ചയെത്തിയ ഭ്രൂണം വികസിപ്പിച്ചിരിക്കുന്നത്. ബീജസങ്കലനമില്ലാതെതന്നെ ഭ്രൂണം സൃഷ്ടിച്ചതോടെ പുതു ചരിത്രമാണ് ശാസ്ത്രമേഖലയിൽ രചിച്ചിരിക്കുന്നത്.

ഏതുകോശമായും മാറാൻശേഷിയുള്ള അടിസ്ഥാനകോശങ്ങളാണ് മൂലകോശങ്ങൾ. എംബ്രിയോണിക് സ്റ്റെംസെൽ, അഡൽറ്റ് സ്റ്റെംസെൽ എന്നിങ്ങനെ രണ്ടു മൂലകോശങ്ങളാണുള്ളത്. കുറച്ച് മൂലകോശങ്ങൾ അഥവാ സ്റ്റെംസെല്ലുകൾ ഗവേഷകർ തിരഞ്ഞെടുത്തു. അതിലേക്ക് ചില രാസഘടകങ്ങൾ ചേർത്തു. ഈ മൂലകോശങ്ങളിൽനിന്ന് ഭ്രൂണവളർച്ചയുടെ ആദ്യഘട്ടങ്ങളിലുണ്ടാകുന്ന നാലുതരം കോശങ്ങൾ രൂപപ്പെടുകയായിരുന്നു.

ശിശുവായി രൂപാന്തരം പ്രാപിക്കുന്ന എപ്പിബ്ലാസ്റ്റ്, പ്ലാസന്റയായി മാറുന്ന ട്രോഫോബ്ലാസ്റ്റ് (ലാക്കുന കാവിറ്റിയടക്കം), അവയവരൂപവത്‌കരണത്തിന് സഹായിക്കുന്ന ഹൈപ്പോബ്ലാസ്റ്റ്, ഭ്രൂണത്തെ പൊതിഞ്ഞുസംരക്ഷിക്കുന്ന സ്തരത്തിന്റെ സാന്നിധ്യമുള്ള എക്സ്‌ട്രാ എംബ്രിയോണിക് മീസോഡേം എന്നിവയായിരുന്നു അവ.

ഇവയിൽനിന്ന് 120-ലധികം കോശങ്ങളെ പ്രത്യേക അനുപാതത്തിൽ സംയോജിപ്പിച്ച് ഗവേഷകർ കാത്തിരുന്നു. ഇതിൽ ഒരുശതമാനം വളരെ പെട്ടെന്നുതന്നെ മനുഷ്യഭ്രൂണത്തിനു സമാനമായ ഘടനയായി രൂപപ്പെട്ടു. 14 ദിവസങ്ങൾക്കുശേഷം നടത്തിയ പരിശോധനയിൽ ഹ്യൂമൺ കോറിയോണിക് ഗോണാഡോട്രോഫിൻ(എച്ച്.സി.ജി.) എന്ന ഹോർമോണിന്റെ സാന്നിധ്യം ഭ്രൂണത്തിൽ തെളിഞ്ഞു. ഗർഭം സ്ഥിരീകരിക്കാനുള്ള പരിശോധനകൾക്കാധാരമായ ഹോർമോണാണിത്.

ഭ്രൂണഗവേഷണരംഗത്ത് വളർച്ചയെത്തിയ മനുഷ്യഭ്രൂണമാതൃക നിർമിക്കുന്നത് ഇതാദ്യമായാണ്. ‘മനുഷ്യവികാസത്തെ സംബന്ധിച്ച നിഗൂഢതകളടങ്ങിയ ഒരു ബ്ലാക്ക്‌ ബോക്സാണ് ലഭിച്ചിരിക്കുന്നത്. ഇനിയും ഏറെ ചുരുളഴിയാനുണ്ട്.’ -ഗവേഷണത്തിന് നേതൃത്വം നൽകിയ പ്രൊഫ. ജാക്കോബ് ഹന്ന പറഞ്ഞു.

ഗവേഷണങ്ങൾക്കായി കൃത്രിമഭ്രൂണം നിർമിക്കുന്നതിന് നിയമപരമായ തടസ്സമില്ല. എന്നാൽ, മിക്കരാജ്യങ്ങളിലും പരീക്ഷണശാലകളിൽ 14 ദിവസം മാത്രമേ ഭ്രൂണം വളർത്താൻ പാടുള്ളൂ. തുടർഗവേഷണങ്ങൾക്ക് നിയമനിർമാണം വേണ്ടിവരും. അമ്മയുടെ ഗർഭപാത്രത്തിൽ കൃത്രിമഭ്രൂണം നിക്ഷേപിക്കുന്നതും അതുവഴിയുള്ള ഗർഭധാരണവും നിയമവിരുദ്ധമാണ്.

മനുഷ്യ മൂലകോശത്തിൽനിന്നുള്ള ഭ്രൂണമാതൃകകളുടെ നിർമാണത്തിലും ഉപയോഗത്തിലും വ്യക്തമായ നിയന്ത്രണവും മാർഗനിർദേശവും ആവശ്യമാണെന്നാണ് ഫ്രാൻസിസ് ക്രിക്ക് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകൻ പ്രൊഫ ജയിംസ് ബ്രിസ്‌കോയുടെ അഭിപ്രായം.

shortlink

Related Articles

Post Your Comments

Related Articles


Back to top button