ThiruvananthapuramKeralaNattuvarthaLatest NewsNews

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി: ഫണ്ട് വിതരണത്തിലെ പ്രതിസന്ധിയ്ക്ക് കാരണം കേന്ദ്രത്തിന്റെ വീഴ്ചയാണെന്ന് വി ശിവന്‍കുട്ടി

തിരുവനന്തപുരം: സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട ഫണ്ട് വിതരണത്തിലെ പ്രതിസന്ധിയ്ക്ക് കാരണം കേന്ദ്രത്തിന്റെ വീഴ്ചയാണെന്ന വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് അര്‍ഹമായ വിഹിതം തടഞ്ഞുവെച്ചിരിക്കുകയാണെന്നും കേന്ദ്രത്തിന്റേത് വിചിത്രമായ തടസവാദമാണെന്നും ശിവന്‍കുട്ടി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു.

കേന്ദ്രവിഹിതം വൈകിപ്പിക്കുകയോ നിഷേധിക്കുകയോ ചെയ്യുന്ന ദൗര്‍ഭാഗ്യകരമായ നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ അനുവര്‍ത്തിക്കുന്നതെന്നും ഇത് പദ്ധതി നടത്തിപ്പിനെ വലിയ പ്രതിസന്ധിയില്‍ എത്തിച്ചിട്ടുണ്ടെന്നും ശിവന്‍കുട്ടി പറഞ്ഞു. കേന്ദ്രവിഹിതം ലഭിക്കുന്നതില്‍ വരുന്ന കാലതാമസം കാരണം സ്‌കൂളുകള്‍ക്ക് പദ്ധതി നടത്തിപ്പിനുള്ള തുക, പാചകത്തൊഴിലാളികള്‍ക്ക് അവരുടെ പ്രതിമാസ ഓണറേറിയം എന്നിവയൊക്കെ സമയബന്ധിതമായി വിതരണം ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വി ശിവൻകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട ഫണ്ട് വിതരണത്തിലെ പ്രതിസന്ധിയ്ക്ക് കാരണം കേന്ദ്രത്തിന്റെ വീഴ്ച തന്നെയാണ്. ഉച്ചഭക്ഷണ പദ്ധതി ഒരു കേന്ദ്രാവിഷ്‌കൃത പദ്ധതിയായാണ് നടപ്പിലാക്കപ്പെടുന്നത്. ചട്ടങ്ങള്‍ പ്രകാരം, പദ്ധതി നടത്തിപ്പിന് ആവശ്യമായ ഭക്ഷ്യധാന്യവും (അരി) നടത്തിപ്പ് ചെലവിന്റെ 60 ശതമാനവും സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. എന്നാല്‍, പദ്ധതിയില്‍ പി.എഫ്.എം.എസ് (പബ്ലിക് ഫിനാന്‍ഷ്യല്‍ മാനേജ്മെന്റ് സിസ്റ്റം) നിര്‍ബന്ധമാക്കിയ 2021-22 വര്‍ഷം മുതല്‍ സംസ്ഥാനങ്ങള്‍ക്ക് അര്‍ഹതപ്പെട്ട കേന്ദ്രവിഹിതം അനുവദിക്കുന്നതില്‍ വലിയ കാലതാമസമാണ് കേന്ദ്രസര്‍ക്കാര്‍ വരുത്തുന്നത്.

‘തൊട്ടാൽ നീ എന്തു ചെയ്യും’ ലൈംഗിക അതിക്രമം യുവതി ചോദ്യംചെയ്തതോടെ കയറിപ്പിടിച്ചു, പിടികൂടിയത് വിവരമറിഞ്ഞെത്തിയ ഭർത്താവ്

കേന്ദ്രവിഹിതം ലഭിക്കുന്നതിനുള്ള പ്രൊപ്പോസലുകളും മുന്‍ വര്‍ഷത്തെ ധനവിനിയോഗ പത്രങ്ങളും സമയബന്ധിതമായി സമര്‍പ്പിച്ചാലും അനാവശ്യമായ തടസ്സവാദങ്ങള്‍ ഉയര്‍ത്തി സംസ്ഥാനങ്ങള്‍ക്ക് അര്‍ഹമായ തുക അനുവദിക്കുന്നത് വൈകിപ്പിക്കുകയോ അല്ലെങ്കില്‍ നിഷേധിക്കുകയോ ചെയ്യുന്ന ദൗര്‍ഭാഗ്യകരമായ നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ അനുവര്‍ത്തിക്കുന്നത്. ഇത് പദ്ധതി നടത്തിപ്പിനെ വലിയ പ്രതിസന്ധിയില്‍ എത്തിച്ചിട്ടുണ്ട്. കേന്ദ്രവിഹിതം ലഭിക്കുന്നതില്‍ വരുന്ന കാലതാമസം കാരണം സ്‌കൂളുകള്‍ക്ക് പദ്ധതി നടത്തിപ്പിനുള്ള തുക, പാചകത്തൊഴിലാളികള്‍ക്ക് അവരുടെ പ്രതിമാസ ഓണറേറിയം എന്നിവയൊക്കെ സമയബന്ധിതമായി വിതരണം ചെയ്യുവാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്.

സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും പദ്ധതിയ്ക്കുള്ള കേന്ദ്രവിഹിതമായി പതിനായിരം കോടി രൂപയ്ക്ക് മുകളില്‍ തുക നടപ്പ് വര്‍ഷത്തെ കേന്ദ്രബഡ്ജറ്റില്‍ വകയിരിത്തിയിട്ടുണ്ട് എന്നാണ് മനസ്സിലാക്കുന്നത്. എന്നാല്‍, സാമ്പത്തിക വര്‍ഷത്തിന്റെ പകുതി അവസാനിക്കാറാകുമ്പോഴും, സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമുള്ള ആദ്യ ഗഡു കേന്ദ്രവിഹിതം (60 ശതമാനം തുക) റിലീസ് ചെയ്യുവാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇതുവരെ, മധ്യപ്രദേശിന് മാത്രമാണ് തുക അനുവദിച്ചിട്ടുള്ളത് (156.58 കോടി രൂപ).

ഫോണിൽ വന്ന ലിങ്ക് ക്ലിക് ചെയ്തു: ആലപ്പുഴ സ്വദേശി​നി​യുടെ അക്കൗണ്ടി​ൽ നി​ന്ന് നഷ്ടമായത് 90,700രൂപ

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിനായി നടപ്പ് വര്‍ഷം സംസ്ഥാനത്തിന് ലഭിക്കേണ്ട കേന്ദ്രവിഹിതം 284.31 കോടി രൂപയാണ്. ആനുപാതിക സംസ്ഥാന വിഹിതമായ 163.15 കോടി രൂപയടക്കം കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള പദ്ധതി അടങ്കല്‍ തുക 447.46 കോടി രൂപയാണ്. 2022-23 വര്‍ഷം മുതല്‍ രണ്ട് ഗഡുക്കളായാണ് കേന്ദ്രവിഹിതം ലഭിക്കുന്നത്. നിശ്ചയിക്കപ്പെട്ട കേന്ദ്രവിഹിതത്തിന്റെ 60 ശതമാനം തുക ആദ്യ ഗഡുവായും ബാക്കിയുള്ള 40 ശതമാനം തുക രണ്ടാം ഗഡുവായും അനുവദിക്കുന്നു.

ഇത് പ്രകാരം നടപ്പ് വര്‍ഷത്തെ ആദ്യ ഗഡു കേന്ദ്രവിഹിതമായി സംസ്ഥാനത്തിന് ലഭിക്കേണ്ടത് 170.59 കോടി രൂപയാണ്. ഇത് ലഭിച്ചാല്‍ ആനുപാതിക സംസ്ഥാന വിഹിതമായ 97.89 കോടി രൂപയുള്‍പ്പടെ 268.48 കോടി രൂപ താഴെത്തട്ടിലേക്ക് അനുവദിക്കുവാന്‍ സാധിക്കുന്നതും അതുവഴി നവംബര്‍ വരെയുള്ള ചെലവുകള്‍ക്ക് സ്‌കൂളുകള്‍ക്കും മറ്റും പണം തടസമില്ലാതെ ലഭ്യമാകുകയും ചെയ്യും. മുന്‍ വര്‍ഷത്തെ ധനവിനിയോഗ പത്രങ്ങളടക്കം ആദ്യ ഗഡു കേന്ദ്രവിഹിതമായ 170.59 കോടി രൂപയ്ക്കുള്ള വിശദമായ പ്രൊപ്പോസല്‍ ജൂലൈ 4 ന് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. എന്നാല്‍, പ്രൊപ്പോസല്‍ സമര്‍പ്പിച്ച് രണ്ട് മാസങ്ങള്‍ പിന്നിട്ടിട്ടും സംസ്ഥാനത്തിന് അര്‍ഹമായ കേന്ദ്രവിഹിതം അനുവദിക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യറായിട്ടില്ല. മറിച്ച്, പ്രൊപ്പോസലിന്‍മേല്‍ വിചിത്രമായ ചോദ്യങ്ങള്‍ ഉന്നയിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തിട്ടുള്ളത്.

നടി മഹാലക്ഷ്മിയെ വിവാഹം കഴിച്ച് വാർത്തകളിൽ നിറഞ്ഞു, രവീന്ദര്‍ ചന്ദ്രശേഖരൻ വ്യവസായിയിൽ നിന്ന് തട്ടിയെടുത്തത് 16 കോടി!

പദ്ധതിയില്‍ പി.എഫ്.എം.എസ് (പബ്ലിക് ഫിനാന്‍ഷ്യല്‍ മാനേജ്മെന്റ് സിസ്റ്റം) നിര്‍ബന്ധമാക്കിയ 2021-22 വര്‍ഷം സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട രണ്ടാം ഗഡു കേന്ദ്രവിഹിതം കേന്ദ്രസര്‍ക്കാര്‍ നല്‍കിയില്ല. 132.90 കോടി രൂപയായിരുന്നു ഈ വര്‍ഷം സംസ്ഥാനത്തിന് ലഭിക്കേണ്ട രണ്ടാം ഗഡു കേന്ദ്രവിഹിതം. നിരവധി തടസ്സവാദങ്ങളാണ് തുക അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ വകുപ്പിലെ ആഭ്യന്തര ധനകാര്യ വിഭാഗം ഉന്നയിച്ചത്. ഈ തടസ്സവാദങ്ങള്‍ക്കൊക്കെ കൃത്യമായ മറുപടികള്‍ നല്‍കിയിട്ടും തുക അനുവദിക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല. പദ്ധതി തടസ്സമില്ലാതെ മുന്നോട്ടു കൊണ്ടുപോകുന്നതിനായി ഈ തുക കൂടി സംസ്ഥാന ഖജനാവില്‍ നിന്ന് ചെലവാക്കേണ്ടി വന്നു.

തുടര്‍ന്ന്, 2022 ജൂലൈ മാസത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി തന്നെ നേരിട്ട് ഡല്‍ഹിയില്‍ പോകുകയും കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാനെ സന്ദര്‍ശിച്ച്, കുടിശ്ശിക കേന്ദ്രവിഹിതം അടിയന്തിരമായി റിലീസ് ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. സംസ്ഥാനം നടത്തിയ നിരന്തര സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍, 2022-23 സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് ഒരു ദിവസം മുന്‍പ്, അതായത് 2023 മാര്‍ച്ച് 30 ന്, 2021-22 വര്‍ഷത്തെ കുടിശ്ശിക കേന്ദ്രവിഹിതമായ 132.90 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ റിലീസ് ചെയ്തു. ബന്ധപ്പെട്ട വര്‍ഷം തുക നല്‍കാത്തതിനാലും കേന്ദ്രസര്‍ക്കാരിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ തുക ചെലവഴിച്ചത് പരിഗണിച്ചും തിരിച്ചടവ് എന്ന നിലയിലാണ് കുടിശ്ശിക തുക അനുവദിച്ചത്.

ഇക്കാരണത്താല്‍ തന്നെ, തുക താഴെത്തട്ടിലേക്ക് വിതരണം ചെയ്യുന്നതിനായി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സിംഗിള്‍ നോഡല്‍ അക്കൗണ്ടിലേക്ക് അനുവദിക്കേണ്ട സാഹചര്യം ഇല്ലായിരുന്നു. എന്നാല്‍, ഈ തുകയും അതിന്റെ ആനുപാതിക സംസ്ഥാന വിഹിതവും (76.78 കോടി രൂപ) ചേര്‍ത്ത് 209.68 കോടി രൂപ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സിംഗിള്‍ നോഡല്‍ അക്കൗണ്ടിലേക്ക് റിലീസ് ചെയ്തില്ല എന്ന് ചൂണ്ടിക്കാട്ടി ഇക്കൊല്ലത്തെ ഒന്നാം ഗഡു കേന്ദ്രവിഹിതമായ 170.59 കോടി രൂപ അനുവദിക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ല. വളരെ വിചിത്രമായ ഒരു തടസ്സവാദമാണ് കേന്ദ്രസര്‍ക്കാര്‍ ഉന്നയിച്ചിരിക്കുന്നത്.

ഇൻഫിനിക്സ് ഹോട്ട് 20എസ് ഈ മാസം വിപണിയിൽ എത്തും, അറിയാം പ്രധാന സവിശേഷതകൾ

2021-22 വര്‍ഷത്തെ അര്‍ഹമായ രണ്ടാം ഗഡു കേന്ദ്രവിഹിതം ലഭിക്കാതെ വന്ന ഘട്ടത്തില്‍ ഈ തുക സംസ്ഥാനം ചെലവഴിക്കുകയും ആയതിന്റെ കണക്കുകളും ധനവിനിയോഗ പത്രങ്ങളും കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കുകയും അതൊക്കെ കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്തിട്ടുള്ളതാണ്. അതിന്റെ അടിസ്ഥാനത്തിലാണ് 2022-23 വര്‍ഷത്തെ കേന്ദ്രവിഹിതം (292.54 കോടി രൂപ) പൂര്‍ണ്ണമായും സംസ്ഥാനത്തിന് ലഭിച്ചത്. ഈ സാഹചര്യത്തില്‍, 2022-23 വര്‍ഷം ലഭിച്ച 2021-22 വര്‍ഷത്തെ കുടിശ്ശിക കേന്ദ്രവിഹിതവും അതിന്റെ സംസ്ഥാനവിഹിതവും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സിംഗിള്‍ നോഡല്‍ അക്കൗണ്ടിലേക്ക് റിലീസ് ചെയ്യണമെന്ന് പറയുന്നത് ഒരിക്കല്‍ നടത്തിയ ചെലവ് വീണ്ടുമൊരിക്കല്‍ കൂടി നടത്തണമെന്ന് ആവശ്യപ്പെടുന്നത് പോലെയാണ്.

തുക റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് വരാവുന്ന അക്കൗണ്ടിംഗ് സംബന്ധമായ പ്രശ്‌നങ്ങളും അതിന്റെ അപ്രായോഗികതയും ചൂണ്ടിക്കാട്ടി ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയും പൊതുവിദ്യാഭ്യാസ സെക്രട്ടറിയും സാക്ഷ്യപ്പെടുത്തിയ സാക്ഷ്യപത്രം കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. എന്നാല്‍, ഇത് പരിഗണിക്കാതെ, തുക റിലീസ് ചെയ്യണമെന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്.

കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള ഈ ദൗര്‍ഭാഗ്യകരമായ നിലപാട് കണക്കിലെടുത്തും പദ്ധതി തടസ്സപ്പെടാതെ മുന്നോട്ട് കൊണ്ട് പോകുന്നതിനും അതോടൊപ്പം സംസ്ഥാനത്തിന് അര്‍ഹമായ കേന്ദ്രവിഹിതം നഷ്ടപ്പെടാതിരിക്കുന്നതിനുമായി 2021-22 വര്‍ഷത്തെ കുടിശ്ശിക കേന്ദ്രവിഹിതമായി ലഭിച്ച 132.90 കോടി രൂപയും അതിന്റെ ആനുപാതിക സംസ്ഥാന വിഹിതവും ചേര്‍ത്ത് 209.68 കോടി രൂപ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സിംഗിള്‍ നോഡല്‍ അക്കൗണ്ടിലേക്ക് അടിയന്തിരമായി റിലീസ് ചെയ്യുവാന്‍ ധനകാര്യ വകുപ്പിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഈ തുക സിംഗിള്‍ നോഡല്‍ അക്കൗണ്ടിലേക്ക് ലഭ്യമാക്കി.

‘പോളിംഗ് ബൂത്ത് വരെ ‘അപ്പ’ ഫാക്ടർ, ഇപ്പോൾ സർക്കാർ ഫാക്റ്ററും : പറയുന്നത് ഒട്ടും യുക്തിസഹജമല്ല’ – എ. എ റഹീം

പി.എഫ്.എം.എസ്സില്‍ അതിന്റെ ചെലവ് രേഖപ്പെടുത്തി തുക റിലീസ് ചെയ്ത വിവരം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചുകൊണ്ട് 2023-24 വര്‍ഷത്തെ ഒന്നാം ഗഡു കേന്ദ്രവിഹിതം അടിയന്തിരമായി അനുവദിക്കുവാന്‍ ആവശ്യപ്പെടുന്നതുമാണ്. ഇതൊക്കെ ചെയ്തിട്ടും കേന്ദ്രവിഹിതം ലഭ്യമാകുന്നതില്‍ വീണ്ടും കാലതാമസം നേരിടുകയാണെങ്കില്‍, കേന്ദ്രവിഹിതത്തിന് ഇനിയും കാത്ത് നില്‍ക്കാതെ സംസ്ഥാന മാന്‍ഡേറ്ററി വിഹിതമായ 97.89 കോടി രൂപ അനുവദിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനുള്ള സാധ്യതകള്‍ തേടും.

ഉച്ചഭക്ഷണ ഫണ്ട് വിതരണം സംബന്ധിച്ച ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കും. മറ്റു സംസ്ഥാനങ്ങളെക്കാള്‍ മികച്ച രീതിയില്‍ ആണ് കേരളത്തില്‍ ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കുന്നത്. അതിനുള്ള പ്രധാനകാരണം അധ്യാപകരുടെയും സ്‌കൂള്‍ അധികൃതരുടെയും പൊതു സമൂഹത്തിന്റെ തന്നെയുമുള്ള പിന്തുണയാണ്. ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട ഒരു അധ്യാപകനും വ്യക്തിപരമായ സാമ്പത്തിക നഷ്ടം ഉണ്ടാകില്ല എന്ന് ഉറപ്പാക്കാന്‍ വേണ്ട നടപടി കൈക്കൊള്ളും.

ക്യാൻസർ തടയുന്ന പ്രഭാതത്തിലെ ഈ വിശിഷ്ട വിഭവം

ഈ വിഷയവുമായി ബന്ധപ്പെട്ട് പൊതു വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ത്തു. മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ട് സംബന്ധിച്ച് പരിശോധന നടത്തി അധ്യാപകര്‍ക്ക് ഉണ്ടായ ബുദ്ധിമുട്ടുകള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഷാനവാസ് എസ്. ഐ എ എസിനെ ചുമതലപ്പെടുത്തി. വിഷയം ചര്‍ച്ച ചെയ്യാന്‍ അധ്യാപക സംഘടനകളുടെ യോഗം വിളിച്ചു ചേര്‍ക്കും. ഇത്തരം വിഷയങ്ങള്‍ രാഷ്ട്രീയവല്‍ക്കരിക്കുക അല്ല വേണ്ടത് പരിഹരിക്കാനുള്ള കൂട്ടായ ശ്രമങ്ങള്‍ ആണ് വേണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button