Latest NewsNewsIndia

എ ആർ റഹ്മാന്റെ കച്ചേരി; ഡയമണ്ട് പാസ് ഉണ്ടായിട്ടും തങ്ങൾക്ക് പ്രവേശനം നിഷേധിച്ചുവെന്ന് ഖുശ്ബു

ചെന്നൈ: സംഗീത സംവിധായകന്‍ എ.ആർ റഹ്മാന്‍റെ ചെന്നൈയിലെ മ്യൂസിക്ക് ഷോ വമ്പൻ പരാജയമാകുകയും വലിയ വിവാദത്തിന് വഴിവയ്ക്കുകയും ചെയ്തിട്ടുണ്ട്. ടിക്കറ്റ് കിട്ടാതെ പോയതിനും ഷോ അലമ്പായതിനും റഹ്‌മാൻ അല്ല ഉത്തരവാദിയെന്ന് നടി ഖുശ്ബു പറയുന്നു. സെപ്തംബർ 10 ന് നടന്ന എ.ആർ റഹ്മാന്റെ ചെന്നൈ സംഗീത പരിപാടിയിൽ തന്റെ മകൾക്കും സുഹൃത്തുക്കൾക്കും പ്രവേശനം നിഷേധിക്കപ്പെട്ടുവെന്ന് നടി പറയുന്നു. മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടായ പിഴവാണ് ഇതിനെല്ലാം കാരണമെന്നും നടി ട്വീറ്റ് ചെയ്തു. വിഷയത്തിൽ റഹ്‌മാനെ കുറ്റപ്പെടുത്തുന്നതിൽ അർത്ഥമില്ലെന്നും ഖുശ്ബു പറയുന്നു.

‘ആരാധകരെ നിരാശരാക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്ന വ്യക്തിയാണ് റഹ്‌മാന്‍. ഞാനും എന്റെ മക്കളും സുഹൃത്തുക്കളും ഡയമണ്ട് പാസ് ഉണ്ടായിട്ടും പ്രവേശനം ലഭിക്കാത്തവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു. വേദിയിലെത്താന്‍ മൂന്ന് മണിക്കൂറോളം സമയമെടുത്തു. എ.ആര്‍ റഹ്‌മാനല്ല അതിന് ഉത്തരവാദി. മാനേജ്‌മെന്റിന്റെ പരാജയമാണ്. സംഗീതത്തിലൂടെയും വാക്കുകളിലൂടെയും പ്രവര്‍ത്തിയിലൂടെയും സ്‌നേഹവും സമാധാനവും പടര്‍ത്തുന്ന വ്യക്തിയാണ് റഹ്‌മാന്‍. അദ്ദേഹത്തിനൊപ്പം നില്‍ക്കൂ’- ഖുശ്ബു കുറിച്ചു.

അതേസമയം, സംഘാടകർ മാപ്പ് പറഞ്ഞതോടെ ആരുടെയും നേരെ വിരൽ ചൂണ്ടാൻ ആഗ്രഹിക്കുന്നില്ലെന്നും സ്വയം ഉത്തരവാദിത്തം ഏറ്റെടുക്കുകയാണെന്നും അറിയിച്ച് എ ആർ റഹ്‌മാൻ രംഗത്തെത്തിയിരുന്നു. എന്നാൽ, ഇതിനുശേഷവും അദ്ദേഹത്തെ വിമർശിച്ച് നിരവധിയാളുകൾ രംഗത്ത് വന്നു. ഇവർക്ക് മറുപടിയുമായി റഹ്മാന്റെ മക്കളായ ഖദീജയും റഹീമയും. ഇപ്പോൾ പലരും തങ്ങളുടെ പിതാവിനെ തട്ടിപ്പുകാരനായാണ് കാണുന്നതെന്നും ഇതെല്ലാം തരംതാഴ്ന്ന പൊളിറ്റിക്സിന്റെ ഭാഗമാണെന്നും ഇരുവരും കുറ്റപ്പെടുത്തി. കച്ചേരിയിലൂടെ റഹ്മാൻ തട്ടിപ്പ് നടത്തിയെന്ന് പരാതിപ്പെട്ടവർക്കുള്ള മറുപടിയാണ് ഖദീജയും റഹീമയും നൽകുന്നത്. പിഴവ് സംഘാടകരുടെ ഭാഗത്ത് നിന്നാണുണ്ടായതെന്ന് ഉറപ്പുണ്ടായിട്ടും ഉത്തരവാദിത്വം ഏറ്റെടുത്ത തന്റെ പിതാവിനെ ക്രൂശിക്കുന്നത് ന്യായമല്ലെന്നും ഇരുവരും സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.

സെപ്തംബർ 10ന് ചെന്നൈയിലെ ആദിത്യറാം പാലസ് ഗ്രൗണ്ടിൽ ആയിരുന്നു എ.ആർ റഹ്മാന്റെ പരുപാടി. 45,000-ത്തിലധികം ആളുകൾ കച്ചേരിയിൽ പങ്കെടുത്തു. എന്നാൽ, തിക്കും തിരക്കും കാരണം ടിക്കറ്റെടുത്ത പലർക്കും പ്രവേശനം ലഭിച്ചില്ല. കൂടാതെ, സ്ത്രീകളും കുട്ടികളും പ്രായമായവരും പരിപാടിയിൽ ദുരിതമനുഭവിക്കുകയും സുരക്ഷയെക്കുറിച്ച് പരാതിപ്പെടുകയും ചെയ്തു. സംഭവം വിവാദമായതോടെ മാപ്പ് പറഞ്ഞ് എ.ആർ.റഹ്മാനും സംഘാടകരും രംഗത്തെത്തി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button