മലപ്പുറം: ഉരുട്ടിക്കളിച്ച ടയർ ദേഹത്തു തട്ടിയെന്നാരോപിച്ച് അതിഥിത്തൊഴിലാളി ക്രൂരമായി മർദ്ദിച്ച ആറാം ക്ലാസുകാരൻ ഗുരുതരാവസ്ഥയിൽ. കഴുത്തിന് മാരക പരിക്കേറ്റ കുട്ടി നിലവില്‍ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
പള്ളിക്കൽ അമ്പലവളപ്പിൽ മറ്റത്തിൽ സുനിൽകുമാറിന്റെയും വസന്തയുടെയും മകൻ എംഎസ് അശ്വിനാണ് അക്രമം നേരിട്ടത്. കോഴിപ്പുറം എഎംയുപി സ്കൂൾ വിദ്യാർഥിയാണ് അശ്വിന്.
അതിഥിത്തൊഴിലാളിയായ യുവാവ് കഴുത്തുഞെരിച്ച് ഭിത്തിക്ക് ചേർത്തുവെച്ച് ഇടിക്കുകയും ടയർ ഉരുട്ടിക്കളിക്കാൻ അശ്വിൻ ഉപയോഗിച്ച വണ്ണമുള്ള വടികൊണ്ട് ക്രൂരമായി തല്ലിച്ചതയ്ക്കുകയും ചെയ്തതായി മാതാപിതാക്കൾ പറഞ്ഞു. കഴുത്ത് അനങ്ങാതിരിക്കാൻ കോളർ ഘടിപ്പിച്ച് ഭാരം ഇട്ടാണ് കുട്ടിയെ ആശുപത്രിയിൽ കിടത്തിയിരിക്കുന്നത്.
സെപ്റ്റംബർ ഒന്നിന് രാത്രിയായിരുന്നു സംഭവം. അന്ന് ഫറോക്കിലെ സ്വകാര്യ ആശുപത്രിയിൽ കാണിച്ചപ്പോൾ വിദഗ്ധചികിത്സ വേണമെന്ന് ഡോക്ടർ അഭിപ്രായപ്പെട്ടെങ്കിലും കേസ് ഒതുക്കിത്തീർക്കാമെന്നു പറഞ്ഞ് യുവാവിന്റെ ആളുകള്‍ ഇടപെട്ട് വീട്ടിലേക്കു തിരിച്ചയച്ചു. തുടർന്ന് ഒരു ദിവസം സ്കൂളിൽ പോയ അശ്വിൻ വേദന കൂടി തിരിച്ചുവന്നു. പണമില്ലാത്തതിനാൽ മറ്റെവിടെയും കാണിക്കാൻ കഴിഞ്ഞില്ല. വേദന കൂടിയതോടെ ചൊവ്വാഴ്ച മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ഡോക്ടർമാർ അറിയിച്ചതനുസരിച്ച് തേഞ്ഞിപ്പലം പോലീസ് ബുധനാഴ്ച രാവിലെയെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. വകുപ്പ് തീരുമാനിക്കാത്തതിനാൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് പൊലീസ് അറിയിച്ചത്.
Post Your Comments