KeralaLatest NewsIndia

ഇന്ന് കന്നി 5, ശ്രീനാരായണ ഗുരു മഹാ സമാധി ദിനം

ഇന്ന് കന്നി 5, ശ്രീ നാരയണ ഗുരു സമാധി ദിനം. ആത്മീയതയുടെയും സാമൂഹിക പ്രതിബദ്ധതയുടെയും മനോഹര സമന്വയമായിരുന്നു ഗുരു എന്ന മഹദ് വ്യക്തിത്വം.ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന മഹത്തായ സന്ദേശമാണ് അദ്ദേഹം മാനവർക്ക് നൽകിയത്. 1928 ൽ സെപ്തംബർ ഇരുപതാം തീയതി ശിവഗിരിയിൽ വച്ചാണ് ഗുരു സമാധിയടഞ്ഞത്.

ശ്രീ നാരായണ ഗുരു കേരളത്തെ സംബന്ധിച്ചിടത്തോളം ഒരു പുതുയുഗത്തിൻറെ പ്രവാചകനായിരുന്നു. കേരളത്തിൽ നിലനിന്നിരുന്ന സവർണ മേൽക്കോയ്മ, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ തുടങ്ങിയ സമൂഹ്യതിന്മകൾക്കെതിരെ പോരാടിയ അദ്ദേഹം കേരളീയ സമൂഹത്തെയാകെ നവോത്ഥാനത്തിലേയ്ക്ക് നയിച്ചു. ജാതിവ്യവസ്ഥയ്‌ക്കെതിരായും അടിച്ചമർത്തപ്പെട്ടവരുടെ ഉന്നമനത്തിനായും ഗുരു നടത്തിയ പോരാട്ടം സമാനതകളില്ലാത്തതാണ്. ഗുരുവിന്റെ ഉദ്‌ബോധനവും അതുണർത്തിവിട്ട പ്രവർത്തനവുമാണ് കേരളത്തെ പ്രബുദ്ധതയിലേക്ക് വളർത്തിയത്.

വിദ്യ കൊണ്ട്‌ പ്രബുദ്ധരാകാനും കർമ്മം കൊണ്ട്‌ അഭിവൃദ്ധിനേടാനും സംഘടന കൊണ്ട്‌ ശക്തരാകാനും ഗുരുദേവൻ ആഹ്വാനം നൽകി. അദ്വൈതം ജീവിതമതമായി സ്വീകരിച്ച ശ്രീ നാരായണഗുരു അതെങ്ങനെ പ്രയോഗിക ജീവിതത്തിൽ പകർത്തണമെന്ന്‌ ജീവിച്ച്‌ ബോദ്ധ്യപ്പെടുത്തി. രവീന്ദ്രനാഥ ടഗോർ, മഹാത്മാ ഗാന്ധി, ചട്ടമ്പിസ്വാമികൾ, രമണ മഹർഷി, ഡോ. പൽപു, സഹോദരൻ അയ്യപ്പൻ, കുമാരനാശാൻ അങ്ങനെ ശ്രീനാരായണ ഗുരുവിനെ നേരിട്ട് കാണുകയും അറിയുകയും, സ്വന്തം കർമപാതകളിലേക്ക് ഗുരു പകർന്ന ഊർജം സ്വീകരിക്കുകയും ചെയ്ത മഹദ് വ്യക്തികളുടെ നിര പോലും നീണ്ടതാണ്.

ഗുരുവിന്റെ പരിപാവനമായ ജീവിതം കേരളത്തിന്റെ നവോഥാന ചരിത്രമാണ്. അറിവും, വിദ്യാഭ്യാസവും, ക്ഷേത്ര ദര്‍ശനം പോലും അധ:സ്ഥിതർക്ക് നിഷിദ്ധമായിരുന്ന കാലഘട്ടത്തില്‍ ചെമ്പഴന്തി എന്ന ഗ്രാമത്തില്‍ മാടനാശാന്റെയും, കുട്ടിയമ്മയുടേയും പുത്രനായി ജനിച്ചു. സ്വഭാവത്തിലും പെരുമാറ്റത്തിലും ഏറെ പ്രത്യേകതയുണ്ടായിരുന്ന നാണു ആധ്യാത്മികതയിലൂന്നിയ നവോഥാന വഴികളിലേക്ക് സഞ്ചരിക്കുകയായിരുന്നു.

മനുഷ്യസാഹോദര്യത്തിൽ അധിഷ്ഠിതമായ ദാര്‍ശനികതയിലൂടെ അദ്ദേഹം സാമൂഹത്തിന്റെ വിവിധ മേഖലകളിൽ തന്റേതായ ഇടപെടലുകൾ നടത്തിയതിനെ തുടർന്ന് ശ്രീ നാരായണഗുരു എന്ന നാമധേയത്തിന് ഉടമയായി മാറി.പൊതുസമൂഹധാരയില്‍ പ്രവേശിക്കാനനുവദിക്കാതെ മാറ്റി നിര്‍ത്തിയ അധഃസ്ഥിത വിഭാഗത്തെ അറിവിന്റെ വെളിച്ചം നല്‍കി മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തി ഗുരുദേവന്‍. ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടവര്‍ക്ക് ദേവാലയങ്ങളുണ്ടാക്കി. വിദ്യ നിഷേധിക്കപ്പെട്ടവര്‍ക്ക് വേണ്ടി വിദ്യാലയങ്ങളാരംഭിച്ചു.

അറിവിന്റെ ആഴങ്ങളിലൂടെ ഗുരുദേവന്‍ സൃഷ്ടിച്ച സാമൂഹ്യവിപ്ലവമാണ് പില്‍ക്കാലത്ത് കേരളത്തിലുണ്ടായ എല്ലാ പ്രസ്ഥാനങ്ങളുടെയും അടിസ്ഥാനസ്രോതസ്. ജീവിച്ചിരുന്നപ്പോഴും സമാധിയായതിന് ശേഷവും ശ്രീ നാരായണ ഗുരുവിനെ പോലെ ഇത്രയേറെ ആരാധനയ്‌ക്കും പഠനത്തിനും വിധേയമായ മറ്റൊരു മഹദ് വ്യക്തി ലോകചരിത്രത്തില്‍ അപൂര്‍വമാണ്. തന്റെ ജീവിതം കൊണ്ട് മഹാ വിപ്ലവം തീര്‍ത്ത ആ മഹത് വ്യക്തിത്വത്തിന് പ്രണാമം.

shortlink

Related Articles

Post Your Comments

Related Articles


Back to top button