Latest NewsNewsLife Style

അസ്ഥിക്ഷയം സംഭവിക്കാതിരിക്കാൻ എന്തെല്ലാം ചെയ്യാം?

അസ്ഥിക്ഷയം അല്ലെങ്കില്‍ എല്ല് തേയ്മാനം എന്ന അവസ്ഥയെ കുറിച്ച് മിക്കവര്‍ക്കും അറിയാവുന്നതാണ്. എല്ലുകളുടെ ശക്തി ക്ഷയിച്ച് അത് പെട്ടെന്ന് പൊട്ടലുകളുകളിലേക്കും പരുക്കുകളിലേക്കുമെല്ലാം നയിക്കുന്ന അവസ്ഥയാണ് അസ്ഥിക്ഷയം.

പലരും നിസാരമായി കണക്കാക്കുന്നൊരു ആരോഗ്യപ്രശ്നമാണിത്. എന്നാല്‍ അത്ര നിസാരമല്ല അസ്ഥിക്ഷയം. അധികവും പ്രായമായവരെയാണ് അസ്ഥിക്ഷയം കടന്നുപിടിക്കുക. ഇവരില്‍ തന്നെ നല്ലൊരു വിഭാഗം പേരെയും കിടപ്പിലാക്കിത്തീര്‍ക്കുന്നതിലേക്ക് അസ്ഥിക്ഷയം വലിയ പങ്ക് വഹിക്കുന്നുണ്ട്. അതിനാല്‍ തന്നെ ഈ പ്രശ്നത്തെ കഴിയുന്നത്ര ചെറുക്കാൻ ശ്രമിക്കേണ്ടതുണ്ട്.

എന്നാല്‍, എങ്ങെനയാണ് അസ്ഥിക്ഷയത്തെ ചെറുക്കുക? ജീവിതരീതികള്‍ മെച്ചപ്പെടുത്തുന്നതിലൂടെ നേരത്തെ തന്നെ അസ്ഥിക്ഷയത്തെ പ്രതിരോധിച്ചുതുടങ്ങാൻ നമുക്കാകും. ഇതിന് സഹായകമായിട്ടുള്ള ഏതാനും ടിപ്സ് കൂടി പങ്കുവയ്ക്കുകയാണ്.

ഭക്ഷണത്തില്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. മദ്ധ്യവയസ്കരെത്തിയവര്‍ നിര്‍ബന്ധമായും ഇത് നോക്കണം. കാത്സ്യം അടങ്ങിയ ഭക്ഷണം നല്ലതുപോലെ കഴിക്കുക. കാരണം കാത്സ്യം, എല്ലിന് ബലമേകും. ഭക്ഷണത്തില്‍ നിന്ന് കാത്സ്യം ശരീരം വലിച്ചെടുക്കണമെങ്കില്‍ ഇതിന് വൈറ്റമിൻ-ഡി ആവശ്യമാണ്. അതിനാല്‍ കാത്സ്യത്തിനൊപ്പം തന്നെ വൈറ്റമിൻ-ഡിയും ഡയറ്റില്‍ ഉറപ്പിക്കണം.

മുടങ്ങാതെ വ്യായാമം ചെയ്യുക. പ്രായത്തിനും ആരോഗ്യാവസ്ഥയ്ക്കുമെല്ലാം അനുസരിച്ചുള്ള വ്യായാമമാണ് ഓരോരുത്തരും ചെയ്യേണ്ടത്. ഇക്കാര്യത്തില്‍ വിദഗ്ധരുടെ നിര്‍ദേശം കൂടി തേടുന്നുണ്ടെങ്കില്‍ വളരെ നല്ലത്.

കൃത്യമായ ഇടവേളകളില്‍ ആരോഗ്യനില സുരക്ഷിതമാണോ എന്നുറപ്പിക്കാൻ മെഡിക്കല്‍ ചെക്കപ്പുകള്‍ നടത്തുന്നത് ഒരു പ്രായം കടന്നാല്‍ ശീലമാക്കുന്നതാണ് ഉചിതം. ഇത് ഭാവിയില്‍ ഒരുപാട് സങ്കീര്‍ണതകളൊഴിവാക്കുന്നതിന് ഉപകരിക്കും. ഇത്തരത്തില്‍ എല്ല് തേയ്മാനത്തിലേക്കുള്ള സൂചനകളും നേരത്തെ കണ്ടെത്താനും പ്രതിരോധിക്കാനും സാധിക്കും. കാരണം എല്ല് തേയ്മാനം വളരെ വര്‍ഷങ്ങളെടുത്ത് മാത്രം അധികരിക്കുന്നൊരു രോഗമാണ്.

എല്ല് തേയ്മാനം കണ്ടെത്തി അതിന് ഡോക്ടര്‍ ചികിത്സ നിര്‍ദേശിക്കുന്നപക്ഷം മടി കൂടാതെ അത് ചെയ്യുകയും വേണം. ഇതും പിന്നീടുള്ള പ്രയാസങ്ങള്‍ ലഘൂകരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button