KeralaLatest NewsNews

സ്കൂൾ ഉച്ചഭക്ഷണ പദ്ധതി: കേന്ദ്രവും സംസ്ഥാനവും പരസ്പരം പഴിചാരി ഭാരം അധ്യാപകരിൽ ചുമത്തരുതെന്ന് ഹൈക്കോടതി

കൊച്ചി: സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ കേന്ദ്രവിഹിതം ലഭിക്കാത്തതിന്റെ പേരിൽ പ്രധാനാധ്യാപകർക്ക് ബാധ്യതയുണ്ടാക്കുന്നതെന്തിനെന്ന് വിമര്‍ശിച്ചു ഹൈക്കോടതി. കേന്ദ്രവും സംസ്ഥാനവും പരസ്പരം പഴിചാരി ഭാരം അധ്യാപകരിൽ ചുമത്തരുതെന്നും ജസ്റ്റിസ് ടിആർ രവി അഭിപ്രായപ്പെട്ടു.

പദ്ധതി നടത്തിപ്പിന് ചെലവായ തുകയിൽ പ്രധാനാധ്യാപകർക്ക് കിട്ടാനുള്ള കുടിശ്ശിക ഉടൻ നൽകണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. പദ്ധതിത്തുക മുൻകൂർ നൽകണമെന്നുമാവശ്യപ്പെട്ട് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ, കേരള പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ എന്നിവർ നൽകിയ ഹർജികൾ പരിഗണിക്കവേയായിരുന്നു ഹൈക്കോടതിയുടെ വിമർശനം.

പദ്ധതിക്കായി സംസ്ഥാന സർക്കാർ ബജറ്റ് വിഹിതമായി 642 കോടി രൂപ നൽകുമെന്ന് പറയുമ്പോൾ 485 കോടി രൂപയുടെ പദ്ധതി കേന്ദ്ര സഹായമില്ലാതെ തന്നെ നടപ്പാക്കാൻകഴിയും. സർക്കാർ പറയുന്ന കണക്കുകൾ മനസ്സിലാവുന്നില്ലെന്നു വിമര്‍ശിച്ച കോടതി മുഴുവൻ ചെലവും സംസ്ഥാനം വഹിച്ച്, ഇത്‌ മുഖ്യമന്ത്രിയുടെ ഒരു പ്രത്യേക പദ്ധതിയാക്കിയാലെന്തെന്നും ചോദിച്ചു.

തുക മുൻകൂർ നൽകുമെന്നാണ് പദ്ധതി ഉത്തരവിൽ സർക്കാർ പറയുന്നത്. ഇതു വിശദീകരിക്കാൻ ആറുതവണ കേസ് മാറ്റിയിട്ടും വ്യക്തമായ ഉത്തരമില്ലെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി. കൃത്യമായ മറുപടിനൽകാൻ ഹർജി പരിഗണിക്കുന്നത് ബുധനാഴ്ചയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button