KeralaLatest NewsNews

സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ സമ്പദ്ഘടനയുടെ നട്ടെല്ല്: മന്ത്രി പി രാജീവ്

രാജ്യത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലാണു സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങ(എം.എസ്.എം.ഇ)ളെന്ന് നിയമ-വ്യവസായ-കയര്‍ വകുപ്പ് മന്ത്രി പി. രാജീവ്. കേരളീയത്തിന്റെ ഭാഗമായി സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ‘ട്രെഡ്സ്’ പ്ലാറ്റ്ഫോമിനെക്കുറിച്ചു ബോധവല്‍ക്കരണം നല്‍കുന്നതിനായി വ്യവസായവകുപ്പ് സംഘടിപ്പിച്ച ശില്‍പശാല പുത്തരിക്കണ്ടം മൈതാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സ്റ്റാര്‍ട്ടപ്പുകളും എം.എസ്.എം.ഇകളും സര്‍ക്കാര്‍ പരമാവധി പ്രോത്സാഹിപ്പിക്കുന്നുണ്ട്.

ഐ ടി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നല്‍കുന്ന എല്ലാ സൗകര്യങ്ങളും ഐ ടി ഇതര സ്റ്റാര്‍ട്ടപ്പുകള്‍ക്കും നല്‍കുന്നു. ഒരു ലക്ഷത്തി നാല്‍പതിനായിരത്തോളം വരുന്ന പുതിയ സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇന്‍ഷുറന്‍സ് അടക്കമുള്ള സൗകര്യങ്ങള്‍ നല്‍കിക്കൊണ്ട് ഇവയെ നില നിര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ തുടരുന്നതെന്നും മന്ത്രി പറഞ്ഞു. ട്രെഡ്സില്‍ എല്ലാ സ്ഥാപനങ്ങള്‍ക്കും പങ്കാളികളാകാന്‍ അവസരം ഒരുക്കുകയാണ് ശില്‍പശാലയുടെ ഉദ്ദേശം എന്നും മന്ത്രി പറഞ്ഞു.

സാമ്പത്തിക സ്ഥാപനങ്ങള്‍ മുഖേന ലഭിക്കുന്ന പണം എം.എസ്.എം.ഇകള്‍ക്കു പ്രവര്‍ത്തന മൂലധനമായി ഉപയോഗിക്കാനായി സജ്ജീകരിച്ച ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമാണ് ത്രെഡ്സ്. ശില്‍പശാലയില്‍ വ്യവസായ വകുപ്പ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍, ബോര്‍ഡ് ഓഫ് പബ്ലിക് സെക്ടര്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ കെ. അജിത് കുമാര്‍, കിന്‍ഫ്രാ മാനേജിംഗ് ഡയറക്ടര്‍ സന്തോഷ് കോശി തോമസ്, വ്യവസായ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ജി. രാജീവ്, ബോര്‍ഡ് ഓഫ് പബ്ലിക് സെക്ടര്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ മെമ്പര്‍ സെക്രട്ടറി പി.സതീഷ് കുമാര്‍, എസ്.എല്‍.ബി.സി. കേരള ഡിവിഷണല്‍ മാനേജര്‍ പ്രശാന്ത്, ആര്‍.എക്സ്.ഐ. എല്‍ സീനിയര്‍ മാനേജര്‍ ജസ്റ്റിന്‍ ജോസ് തുടങ്ങിയവരും പങ്കെടുത്തു. ട്രെഡ്സ് പ്ലാറ്റ്ഫോം പ്രതിനിധികളായ റിസീവബിള്‍സ് എക്സ്ചേഞ്ച് ഓഫ് ഇന്ത്യ റീജണല്‍ മേധാവി തിരുമറയന്‍ മുരുകേശന്‍, ആര്‍.എക്സ്.ഐ.എല്‍ സീനിയര്‍ മാനേജര്‍ ജസ്റ്റിന്‍ ജോസ്, ഇന്‍വോയ്‌സ്മാര്‍ട്ട് റീജണല്‍ മേധാവി ഗൗരി മന്‍വാണി എന്നിവര്‍ ശില്‍പശാലനയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button